വൻ വിജയത്തോടെ ഭരണത്തിലേക്കുള്ള തിരിച്ചുവരവ് യുഡിഎഫ്ഗം ഭീരമാക്കിയതിനു പിന്നാലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ അനിശ്ചിതത്വം തുടരുന്നു. ഭൂരിഭാഗം എംഎൽഎമാരും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ പിന്തുണയ്ക്കുമ്പോഴും, സാങ്കേതികവും രാഷ്ട്രീയവുമായ കാരണങ്ങളാൽ ഹൈക്കമാൻഡ് കടുത്ത പ്രതിസന്ധിയിലാണ്.
മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി എഐസിസി നിരീക്ഷകർ നടത്തിയ ചർച്ചയിൽ 63 എംഎൽഎമാരിൽ ഭൂരിഭാഗവും കെ.സി വേണുഗോപാലിന്റെ പേര് നിർദ്ദേശിച്ചതായി വൃത്തങ്ങൾ പറഞ്ഞു. രാഹുൽ ഗാന്ധിയുമായുള്ള അടുപ്പവും പാർട്ടിയിലെ സ്വാധീനവുമാണ് വേണുഗോപാലിന് അനുകൂല ഘടകമായത്. എന്നാൽ, നിലവിൽ എംപി പദവിയിലിരിക്കുന്നവരെ നിയമസഭയിലേക്ക് മത്സരിപ്പിക്കേണ്ടതില്ലെന്ന മുൻ തീരുമാനം വേണുഗോപാലിന് തിരിച്ചടിയായേക്കാം.
അതേസമയം, കഴിഞ്ഞ അഞ്ചു വർഷം സഭയ്ക്കകത്തും പുറത്തും സർക്കാരിനെതിരായ പോരാട്ടത്തിന് നേതൃത്വം നൽകിയ വി.ഡി സതീശൻ തന്നെയാണ് മുഖ്യമന്ത്രി പദത്തിന് അർഹനെന്ന് ഒരു വിഭാഗം വാദിക്കുന്നു. മുസ്ലിം ലീഗിന്റെ പിന്തുണയും സതീശനുണ്ട്. മുഖ്യമന്ത്രി പദവി ലഭിച്ചില്ലെങ്കിൽ മറ്റു പദവികൾ ഏറ്റെടുക്കാനില്ലെന്ന കർക്കശ നിലപാടിലാണ് അദ്ദേഹം.
അതിനിടെ, തന്റെ സീനിയോറിറ്റിയും ഭരണപരിചയവും പരിഗണിക്കണമെന്നാണ് രമേശ് ചെന്നിത്തലയുടെ ആവശ്യം. 2011 ൽ ഉമ്മൻചാണ്ടിക്ക് വേണ്ടി താൻ വഴിമാറിയത് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. എൻഎസ്എസ്, എസ്എൻഡിപി തുടങ്ങിയ സമുദായ സംഘടനകളുമായുള്ള ചെന്നിത്തലയുടെ നല്ല ബന്ധവും അനുകൂലമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയായാൽ ആറു മാസത്തിനകം എംഎൽഎ ആകണം. മന്ത്രിയായ ശേഷം ഉപതിരഞ്ഞെടുപ്പിൽ കെ. മുരളീധരൻ പരാജയപ്പെട്ട മുൻ ചരിത്രവും പാർട്ടിക്കു മുന്നിലുണ്ട്. അതോടൊപ്പം നേതാക്കൾക്കായി അണികൾ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കുന്നതും പരസ്യ പ്രതിഷേധവുമായി രംഗത്തെത്തുന്നതും ഗ്രൂപ്പ്പോരു രൂക്ഷമാകുന്നതിന്റെ സൂചനയായും ഹൈക്കമാൻഡ് കാണുന്നു.
രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായ വേണുഗോപാലിനെ ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് മാറ്റാൻ രാഹുലിന് താൽപ്പര്യമുണ്ടാകുമോ എന്നതും സംശയമാണ്. സീനിയോറിറ്റി, എംഎൽഎമാരുടെ അഭിപ്രായം, ഗ്രൂപ്പ് സമവാക്യങ്ങൾ, പൊതുജനങ്ങളുടെ കാഴ്ചപ്പാട് എന്നിവയിൽ ഏതിനു മുൻഗണന നൽകണം എന്നതാണ് ഹൈക്കമാൻഡിന് മുന്നിലുള്ള പ്രധാന ചോദ്യം. ആരെ തിരഞ്ഞെടുത്താലും മറ്റു രണ്ടുപേരെയും പിണക്കാതെ കൊണ്ടുപോകുക എന്നത് കേന്ദ്ര നേതൃത്വത്തിന്റെ മുന്നിലുള്ള വലിയ വെല്ലുവിളിയാണ്.
മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ അനിശ്ചിതത്വം തുടരുന്നു.
No Comment.