റിയാദ് സൗദി പൗരന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിയാദ് ജയിലിൽ തടവിലായിരുന്ന അബ്ദുർറഹീമിന്റെ മോചനം വൈകും. വലിയ പെരുന്നാൾ കഴിഞ്ഞാകും റഹീമിന്റെ മോചനം. ഇന്നലെ നടപടിക്രമങ്ങൾ പൂർത്തിയായില്ല. നാളെ മുതൽ സൗദിയിൽ പൊതു അവധി ആരംഭിക്കുകയാണ്. അവധി കഴിഞ്ഞാകും നടപടിക്രമങ്ങൾ പൂർത്തിയാക്കാനാകുക. ഇന്നലെ രാത്രിയോടെ അബ്ദുർറഹീമിന്റെ ഇരുപത് വർഷം നീണ്ട ജയിൽവാസം പൂർത്തിയായി. ജയിൽമോചന ഉത്തരവ് വന്നയുടൻ താല്കാലിക എക്സിറ്റ് വിസ നേടി റഹീമിനെ നാട്ടിലെത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
2006 ഡിസംബർ 24നാണ് സൗദി ബാലൻ അനസ് അൽ ശഹ്രി കൊല്ലപ്പെട്ട കേസിൽ റഹീം ജയിലിലാകുന്നത്. സൗദി പോലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വധശിക്ഷയായിരുന്നു കോടതി റഹീമിന് വിധിച്ചത്. എന്നാൽ ഒന്നര കോടി സൗദി റിയാൽ (34 കോടിയിലേറെ ഇന്ത്യൻ രൂപ) മോചനദ്രവ്യമായി നൽകിയതിന്റെ അടിസ്ഥാനത്തിൽ വധശിക്ഷ റിയാദ് കോടതി റദ്ദാക്കി.
വധശിക്ഷ ഒഴിവാക്കിയ കോടതി റഹീം 20 വർഷം തടവുശിക്ഷ അനുഭവിക്കണമെന്ന് കഴിഞ്ഞ വർഷം ഉത്തരവിട്ടിരുന്നു. എന്നാൽ 19 വർഷമായി ജയിലിൽ കഴിയുന്ന റഹീമിന് ഒരു വർഷം കൂടി തടവ് ശിക്ഷ അനുഭവിച്ചാൽ മതിയായിരുന്നു. കഴിഞ്ഞ വർഷം മേയ് 26നായിരുന്നു കോടതി വിധി വന്നത്. ആ തടവുകാലമാണ് ഇന്നലെയോടെ അവസാനിച്ചത്.
നടപടിക്രമങ്ങൾ പൂർത്തിയായില്ല; അബ്ദുർറഹീമിന്റെ ജയിൽമോചനം വൈകും
No Comment.