Skip to content

chithrodayamflashnews.com

Asnap 1409

സമ്പൂർണ്ണ വാരഫലം(2026 ജൂൺ 14 മുതൽ 20 വരെ)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

കോടതി വ്യവഹാരത്തിലിരിക്കുന്ന സ്വത്ത് സംബന്ധമായ വിഷയങ്ങളിൽ വിജയം നേടാൻ സാധിക്കുന്ന വാരമാണിത്. കുടുംബത്തിൽ മംഗള കർമ്മങ്ങൾക്ക് സാധ്യത കാണുന്നു. തൊഴിൽ വിജയം, ബിസിനസ്സിൽ ലാഭം, ഭക്ഷണ സുഖം, വാഹന ഭാഗ്യം, സത്സുഹൃത്തുക്കളെ ലഭിക്കുക ഒക്കെയും പ്രതീക്ഷിക്കാം. കലാസാഹിത്യ മേഖലകളിൽ ഉള്ളവർക്ക് സമ്മാനങ്ങൾ ലഭിക്കാൻ യോഗമുണ്ട്. എന്നിരുന്നാലും വാരാന്ത്യത്തിൽ ശരീര സുഖക്കുറവ്, ബന്ധുജന കലഹം, മാതൃക്ലേശം ഒക്കെയും ഉണ്ടായേക്കാം. തൊഴിൽപരമായ സഞ്ചാര ക്ലേശത്തിനും കുടുംബം വിട്ട് ദൂരദേശ വാസത്തിനും സാധ്യതയുണ്ട്. വാഹനങ്ങൾ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

ഏതു കാര്യത്തിനും മനസ്സോടെ ഇറങ്ങിപ്പുറപ്പെട്ടാൽ അതിൽ വിജയം ഭവിക്കുന്ന വാരമായിരിക്കും. തൊഴിൽ വിജയം, ധനലാഭം, ഭക്ഷണ സുഖം, കോടതി വ്യവഹാരങ്ങളിൽ അനുകൂലമായ വിധി, ചിന്താശേഷി, പക്വത ഒക്കെയും പ്രതീക്ഷിക്കാം. എന്നാൽ കുടുംബാംഗങ്ങളുമായും ബന്ധുക്കളുമായും ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. അന്യദേശ വാസത്തിനും അന്യദേശത്തെ തൊഴിലിനും സാധ്യതയുണ്ട്. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കാൻ അവസരം ലഭിക്കുമെങ്കിലും അതീവ ജാഗ്രത പുലർത്തിയില്ലെങ്കിൽ ധനനഷ്ടവും മാനഹാനിയും ഉണ്ടായേക്കാം. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം; നേത്രരോഗങ്ങൾ ഉള്ളവർ ജാഗ്രത പാലിക്കുക. കുടുംബാംഗങ്ങളുടെ ആരോഗ്യ കാര്യത്തിലും കരുതൽ ആവശ്യമാണ്.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

വാരം ഗുണദോഷ സമ്മിശ്രമായിരിക്കും, തുടക്കത്തിൽ അനാവശ്യ കൂട്ടുകെട്ടുകൾ ധനനഷ്ടവും മാനഹാനിയും കൊണ്ടുവരാൻ ഇടയുണ്ട്. തൊഴിലിടങ്ങളിൽ പലവിധ അഭിപ്രായ വ്യത്യാസങ്ങളും ദുരിതങ്ങളും വന്നുചേരാം. വരവിനേക്കാൾ ചെലവുണ്ടാകുകയും കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുകയും അത് വഴി താൽക്കാലികമായി അകൽച്ച അനുഭവപ്പെടുകയും ചെയ്യാം. ശാരീരികമായ അവശതകളും പല തരത്തിലുള്ള അനാരോഗ്യ പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം. എന്നാൽ വാരമധ്യത്തോടെ ആരോഗ്യ വർദ്ധനവ്, തൊഴിൽ വിജയം, ഉന്നത സ്ഥാനപ്രാപ്തി ഒക്കെയും ഫലത്തിൽ വരും. കലാകാരന്മാരെ സംബന്ധിച്ച് കീർത്തിയും അപകീർത്തിയും ഒരുപോലെ അനുഭവത്തിൽ വരുന്ന സമയമാണ്.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

വാരത്തിന്റെ തുടക്കത്തിൽ ഭക്ഷണ സുഖം, അപ്രതീക്ഷിതമായ ബന്ധുജന സമാഗമം ഒക്കെയും പ്രതീക്ഷിക്കാം. മുൻപ് നഷ്ടപ്പെട്ട സ്ഥാനമാനങ്ങൾ തിരികെ ലഭിക്കാനുള്ള സാഹചര്യമൊരുങ്ങും. വിശേഷപ്പെട്ട പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കുവാൻ യോഗമുള്ള വാരമാണിത്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യ സൗഖ്യവും അനുഭവപ്പെടും. എന്നാൽ വാരമധ്യത്തിൽ അനാവശ്യ കൂട്ടുകെട്ടുകളിൽ പെട്ട് ധനനഷ്ടം ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. വാരം അവസാനത്തോടെ വളരെക്കാലമായി അലട്ടിയിരുന്ന രോഗങ്ങൾക്ക് ശമനമുണ്ടാകും. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങുവാൻ അവസരം വന്നുചേർന്നേക്കും. തൊഴിൽ വിജയം, ധനലാഭം, സൽസുഹൃത്തുക്കളുടെ സാമീപ്യം ഒക്കെയും വന്നുചേരുന്ന നല്ലൊരു വാരമായിരിക്കും ഇത്.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

ദമ്പതികൾക്കിടയിൽ ഐക്യവും ദാമ്പത്യത്തിൽ സമാധാനവും ഉണ്ടാകും. എവിടെയും മാന്യതയും മനഃസുഖവും അനുഭവപ്പെടുന്ന വാരമാണിത്. കുടുംബസമേതം മംഗള കർമ്മങ്ങളിൽ പങ്കെടുക്കാൻ യോഗം കാണുന്നു. പുതിയ കരാർ ജോലികളിൽ ഒപ്പുവെക്കുവാൻ അവസരം കൈവരും. ആഭരണങ്ങളുടെയോ അലങ്കാര വസ്തുക്കളുടെയോ വർദ്ധനവ് ഉണ്ടായേക്കാം. ഏറ്റെടുത്ത പ്രവൃത്തികൾ ഉത്തരവാദിത്തത്തോടെ വിജയത്തിൽ എത്തിക്കാൻ സാധിക്കും. ആരോഗ്യനില തൃപ്തികരമായിരിക്കും. സാമ്പത്തിക കാര്യങ്ങളിൽ ഉണ്ടായിരുന്ന അനിശ്ചിതത്വം മാറി നല്ല രീതിയിൽ ലാഭമുണ്ടാകും. എങ്കിലും വാരം അവസാനിക്കുമ്പോൾ സാമ്പത്തിക ജാഗ്രത പുലർത്തേണ്ടതുണ്ട്. പണം, ചെക്ക് മുതലായവ കൈകാര്യം ചെയ്യുമ്പോൾ ചതി പറ്റാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

വാരത്തിന്റെ തുടക്കത്തിൽ അന്യ ജനങ്ങളെ സഹായിക്കാൻ പോകുന്നത് വഴി അനാവശ്യമായ തർക്കങ്ങളോ കേസ് വഴക്കുകളോ ഉണ്ടാവാൻ സാധ്യതയുണ്ട്. ആമാശയ സംബന്ധമായ അസുഖമുള്ളവർ ആരോഗ്യ കാര്യങ്ങളിൽ ജാഗ്രത പാലിക്കുക. വാരമധ്യത്തോടെ കുടുംബ സൗഖ്യം, തൊഴിൽ വിജയം, സർക്കാർ ജോലിയിൽ ഇരിക്കുന്നവർക്ക് പ്രമോഷൻ എന്നിവ പ്രതീക്ഷിക്കാം. സാമ്പത്തികമായി പുരോഗതിയുണ്ടാകും. കീർത്തി, ശത്രുഹാനി, ബന്ധുജന സമാഗമം എന്നിവ സംഭവിക്കും. ചില ആഭരണങ്ങൾ സമ്മാനമായി ലഭിക്കാൻ യോഗമുണ്ട്. രാഷ്ട്രീയ രംഗത്തുള്ളവർ ജനങ്ങളാൽ അംഗീകരിക്കപ്പെടും. കലാകാരന്മാർക്ക് പേരും പ്രശസ്തിയും ഉണ്ടാകും. വിവാഹ ഭാഗ്യം, പുതുവസ്ത്ര ലാഭം, ഭൂമി വർദ്ധനവ്, ധനനേട്ടം എന്നിവയും ഈ വാരത്തിന്റെ പ്രത്യേകതകളാണ്.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

വാരത്തിന്റെ തുടക്കത്തിൽ ബന്ധുക്കളുടെ സ്വകാര്യ ആവശ്യങ്ങൾക്ക് വേണ്ടി അവധിയെടുത്തു ദൂരയാത്രകൾ ചെയ്യേണ്ടി വന്നേക്കാം. അനാവശ്യ കൂട്ടുകെട്ടുകൾ മാനഹാനിക്കും ധനനഷ്ടത്തിനും കാരണമായേക്കാമെന്നതിനാൽ സുഹൃദ്ബന്ധങ്ങളിൽ ശ്രദ്ധ വേണം. ഉദരസംബന്ധമായ അസുഖങ്ങൾ വരാൻ ഇടയുള്ളതിനാൽ ഭക്ഷണത്തിൽ നിയന്ത്രണം പാലിക്കുക. കർമ്മരംഗത്ത് ഉത്തരവാദിത്തം വർദ്ധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റം പ്രതീക്ഷിക്കാം. വാരം അവസാനത്തോടെ സാഹചര്യങ്ങൾ അനുകൂലമാകും. തൊഴിൽ വിജയം, ബിസിനസ്സിൽ ലാഭം, ഭക്ഷണ സുഖം, വാഹന ഭാഗ്യം, വ്യവഹാരങ്ങളിൽ വിജയം ഒക്കെയും പ്രതീക്ഷിക്കാം. കലാസാഹിത്യ മേഖലകളിൽ ഉള്ളവർക്ക് സമ്മാനങ്ങളും അംഗീകാരങ്ങളും ലഭിക്കാൻ യോഗമുണ്ട്.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

വാരത്തിന്റെ തുടക്കത്തിൽ കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. കുടുംബ ജീവിത സൗഖ്യവും സാമ്പത്തിക ലാഭവും ഈ സമയത്ത് പ്രതീക്ഷിക്കാം. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കാനും വാഹന ഭാഗ്യം സിദ്ധിക്കാനും യോഗമുണ്ട്. എന്നാൽ വാരമധ്യത്തോടെ കുടുംബത്തിൽ ചില അസ്വാരസ്യങ്ങൾ രൂപപ്പെടാം. അതിർത്തി തർക്കങ്ങൾ കേസ് വഴക്കുകളിലേക്ക് നീങ്ങാൻ സാധ്യതയുള്ളതിനാൽ സംയമനം പാലിക്കുക. ശാരീരികമായും മാനസികമായും ചില പ്രയാസങ്ങൾ നേരിടേണ്ടി വരാം. ശരീരത്തിലെ നീർദോഷം ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാം. ബാങ്ക് ലോണോ മറ്റ് കടബാധ്യതകളോ ഉള്ളവർ അതീവ ജാഗ്രത പുലർത്തേണ്ട വാരമാണിത്. സർക്കാർ ഭാഗത്തുനിന്നും ജപ്തി പോലുള്ള കടുത്ത നടപടികൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

വളരെ നാളുകളായി അനുഭവിച്ചുകൊണ്ടിരുന്ന രോഗങ്ങൾക്ക് ശമനം ലഭിക്കുന്ന വാരമാണിത്. ബാല്യകാല സുഹൃത്തുക്കളെ കണ്ടുമുട്ടാൻ അവസരമുണ്ടാകും. കലാകാരന്മാർക്ക് അവാർഡുകളും സമ്മാനങ്ങളും ലഭിക്കാൻ യോഗമുണ്ട്. ബിസിനസ്സുകാർക്ക് വൻ രീതിയിലുള്ള ലാഭം പ്രതീക്ഷിക്കാവുന്ന സമയമാണ്. മേലധികാരിയിൽ നിന്നും പ്രീതിയും പ്രശംസാപത്രവും ലഭിക്കും. തൊഴിൽ ലാഭം, സാമ്പത്തിക ഉന്നതി, രോഗശാന്തി, ശത്രുഹാനി എന്നിവയും പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതം സന്തോഷവും ഐക്യവും നിറഞ്ഞതായിരിക്കും. പങ്കാളിയുമായി നല്ല മാനസിക അടുപ്പം അനുഭവപ്പെടും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

ദാമ്പത്യ ഐക്യം, തൊഴിൽ വിജയം, സാമ്പത്തിക ലാഭം, സത്സുഹൃത്തുക്കളെ ലഭിക്കുക എന്നിവ ഈ വാരത്തിൽ അനുഭവപ്പെടാൻ സാധ്യതയുണ്ട്. വളരെ നാളായി കാണാതിരുന്ന ബന്ധുക്കളെ കണ്ടുമുട്ടാനും അവരോടൊപ്പം പ്രധാനപ്പെട്ട മംഗളകർമ്മങ്ങളിൽ പങ്കെടുക്കാനും സാധിക്കും. എന്നാൽ വാരമധ്യത്തിൽ അന്യരുമായി ഇടപഴകുന്നത് വഴി മാനസികമായും സാമ്പത്തികമായും ചില പ്രശ്നങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. ഏറ്റവും വേണ്ടപ്പെട്ടവരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനും ഇടയുണ്ട്. വാരം അവസാനത്തോടുകൂടി ധനപരമായും കുടുംബപരമായും സമാധാന അന്തരീക്ഷം കൈവരും. ലോട്ടറി, നറുക്കെടുപ്പ് തുടങ്ങിയ ഭാഗ്യ പരീക്ഷണങ്ങളിൽ വിജയം നേടാൻ സാധിക്കും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

വാരത്തിന്റെ തുടക്കത്തിൽ ഏതെങ്കിലും തരത്തിലുള്ള അസുഖമോ ആരോഗ്യക്കുറവോ അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഏറ്റവും വേണ്ടപ്പെട്ടവരിൽ നിന്നും ചില ചതിക്കുഴികൾ നേരിടേണ്ടി വന്നേക്കാമെന്നതിനാൽ ജാഗ്രത വേണം. ബന്ധുക്കളെ സഹായിക്കുമെങ്കിലും അവരിൽ നിന്നും ചില തിക്താനുഭവങ്ങൾ നേരിടാൻ ഇടയുണ്ട്. വാരമധ്യത്തോടെ കലാകാരന്മാർക്ക് മികച്ച അംഗീകാരങ്ങൾ ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ വളരെക്കാലമായി ഉണ്ടായിരുന്ന പ്രതിസന്ധികൾ മാറി പുതിയ വരുമാന മാർഗ്ഗങ്ങൾ തുറന്നുവരും. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടക്കുന്ന സമയമായതിനാൽ ജീവിതത്തിൽ നല്ല ചിന്തകളോടെ മുന്നോട്ട് പോയാൽ വളരെയധികം ഗുണഫലങ്ങൾ ലഭിക്കും. വാരം അവസാനം ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുന്നത് ഉചിതമായിരിക്കും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാത പിത്ത കഫ രോഗമുള്ളവർ ആരോഗ്യ കാര്യങ്ങളിൽ വളരെയധികം സൂക്ഷിക്കേണ്ട സമയമാണിത്. ആരോഗ്യക്കുറവ് അനുഭവപ്പെടാനും ശരീരശോഷണം ഉണ്ടാകാനും സാധ്യതയുണ്ട്. ഭക്ഷണകാര്യങ്ങളിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ ശാരീരിക അസ്വാസ്ഥ്യങ്ങൾ നേരിടേണ്ടി വരും. ഏതെങ്കിലും രേഖകളിൽ ഒപ്പിടുമ്പോഴോ ലോൺ സംബന്ധമായ സാമ്പത്തിക ക്രയവിക്രയങ്ങൾ നടത്തുമ്പോഴോ അതീവ ശ്രദ്ധ പുലർത്തണം. വാരത്തിന്റെ അവസാനത്തോടെ തൊഴിൽപരമായി വളരെയധികം മുന്നേറ്റം ഉണ്ടാകും. തൊഴിൽരഹിതർക്ക് അർഹമായ ജോലി ലഭിക്കാൻ ഇടയുണ്ട്. ദാമ്പത്യ ഐക്യം, ബന്ധുജന സമാഗമം, തൊഴിൽ വിജയം, സൽസുഹൃത്തുക്കളെ ലഭിക്കാനുള്ള ഭാഗ്യം എന്നിവ ഈ സമയത്ത് ഉണ്ടാകും.

തയ്യാറാക്കിയത്:
ജയറാണി ഈ വി.
Contact: +919746812212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6