അമ്മായിയമ്മയ്ക്ക് പിന്നാലെ ജീവന്റെ തുടിപ്പ് നിലച്ച് മരുമകളും യാത്രയായതോടെ ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളാണ് കണ്ണീരിൽ മുങ്ങിപ്പോയത്.
പാലക്കാട് തെന്നിലാപുരം വടക്കേത്തറ രാധാകൃഷ്ണന്റെ ഭാര്യ രാധിക (36) ഇന്ന് രാവിലെ ആറുമണിയോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.
ഇക്കഴിഞ്ഞ 24-നായിരുന്നു ആ നാടിനെയാകെ വിറങ്ങലിപ്പിച്ച ദാരുണമായ സംഭവം.
വീടിന്റെ ഇരുമ്പ് കഴുക്കോലിൽ നിന്ന് കെട്ടിവലിച്ച ഇരുമ്പ് അഴയിലേക്ക് അലക്കിയ തുണികൾ ഇടുന്നതിനിടെയാണ് അമ്മായിയമ്മ ശാരദയ്ക്ക് കറന്റ് അടിക്കുന്നത്.
നിലവിളി കേട്ട് ഓടിയെത്തിയ മരുമകൾ രാധിക, സ്വന്തം ജീവൻ പോലും നോക്കാതെ അമ്മായിയമ്മയെ രക്ഷിക്കാൻ ശ്രമിക്കവേ രാധികയിലേക്കും വൈദ്യുതി പ്രവഹിക്കുകയായിരുന്നു.
ഇതുകണ്ട് രക്ഷിക്കാനെത്തിയ അനിയന്റെ ഭാര്യ രേഷ്മയ്ക്കും ഷോക്കേറ്റെങ്കിലും പരിക്കുകൾ നിസ്സാരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവർ ആശുപത്രി വിട്ടു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശാരദയെയും രാധികയെയും ആദ്യം ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും നാടിന്റെയും പ്രിയപ്പെട്ടവരുടെ പ്രാർത്ഥനകളെല്ലാം നിഷ്ഫലമാക്കി ശനിയാഴ്ച പുലർച്ചെ ശാരദ വിടവാങ്ങി.
ദിവസങ്ങളോളം ജീവനായി പൊരുതിയ രാധികയും ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. വീടുപണിക്കായി താൽക്കാലികമായി നിർമ്മിച്ച ഷെഡ്ഡിൽ നിന്നും വലിച്ച ഇലക്ട്രിക് വയറിൽ നിന്ന് ഇരുമ്പ് കഴുക്കോലിലേക്ക് വൈദ്യുതി ചോർന്നതാണ് ഈ വലിയ ദുരന്തത്തിൽ കലാശിച്ചത്.
ശ്രദ്ധിക്കുക: നമ്മുടെ ഒരു ചെറിയ അശ്രദ്ധ വലിയ ദുരന്തമായേക്കാം
No Comment.