മയക്കുമരുന്ന് മാഫിയകൾക്ക് വേണ്ടി വ്യാജ ബാങ്ക് അക്കൗണ്ടുകളും തിരിച്ചറിയൽ രേഖകളും നിർമ്മിച്ച് നൽകുന്ന വൻ റാക്കറ്റ് പോലീസിന്റെ പിടിയിലായി. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ സംഘത്തിലെ പ്രധാനികളായ തലശ്ശേരി സ്വദേശി ഇർഷാദ്, കാസർകോട് സ്വദേശി അബ്ദുൾ റഹ്മാൻ എന്നിവരെയാണ് തലശ്ശേരി പോലീസ് അതിവിദഗ്ദ്ധമായി വലയിലാക്കിയത്. കഴിഞ്ഞ ദിവസം 185 ഗ്രാം എംഡിഎംഎയുമായി തലശ്ശേരി സ്വദേശിയായ തബ്ബു എന്ന മുജ്തബ പോലീസിന്റെ പിടിയിലായിരുന്നു.

ലഹരി ഇടപാടുകൾക്കായി ഇയാൾ ഉപയോഗിച്ചിരുന്ന ബാങ്ക് അക്കൗണ്ട് മരിച്ച ഒരു മൈസൂരു സ്വദേശിയുടേതാണെന്ന് പരിശോധനയിൽ കണ്ടെത്തിയതോടെയാണ് പോലീസിന് ഈ വൻ റാക്കറ്റിനെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിക്കുന്നത്. തെരുവിൽ അലയുന്നവർക്കും മറ്റും ചെറിയ തുകകൾ പ്രതിഫലമായി നൽകി, അവരെക്കൊണ്ട് വ്യാജ പേരുകളിൽ ആധാർ കാർഡുകളും പാൻ കാർഡുകളും ഉണ്ടാക്കി ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുന്നതാണ് ഈ സംഘത്തിന്റെ പ്രധാന രീതി. ഇങ്ങനെ നിർമ്മിക്കുന്ന അക്കൗണ്ടുകൾ പതിനായിരം മുതൽ ഇരുപതിനായിരം രൂപ വരെ വിലയീടാക്കിയാണ് ഇവർ ലഹരി സംഘങ്ങൾക്കും മറ്റും വിൽക്കുന്നതെന്ന് തലശ്ശേരി എ.എസ്.പി ഡോക്ടർ എം. നന്ദഗോപൻ വ്യക്തമാക്കി.
ഇത്തരം അക്കൗണ്ടുകൾ ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്കും ബജാജ് ഫിനാൻസ് ഉൾപ്പെടെയുള്ള ലോൺ ആപ്പുകൾക്കും വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഉത്തരേന്ത്യക്കാരുടെ പേരുകളെടുത്ത സിം കാർഡുകളാണ് ഇവർ ഇതിനായി ഉപയോഗിക്കുന്നത്. ലഹരി ഇടപാടുകൾക്കായി ഡൽഹി, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ ഹോട്ടലുകളിൽ മുറിയെടുക്കുന്നതിനും ഇവർ ഇതേ വ്യാജ രേഖകൾ തന്നെയാണ് ഉപയോഗിച്ചിരുന്നത്.

അറസ്റ്റിലായവരിൽ നിന്നും നൂറോളം വ്യാജ ആധാർ കാർഡുകളും പാൻ കാർഡുകളും, അൻപതിനടുത്ത് മൊബൈൽ ഫോണുകൾ, ഇരുപത്തിയഞ്ചോളം വ്യാജ സീലുകൾ, വിവിധ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകൾ എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ പോലീസ് കർശന നടപടികളുമായി മുന്നോട്ട് പോകുമ്പോൾ, ഇത്തരം പുതിയ തന്ത്രങ്ങളുമായി രംഗത്തെത്തുന്ന ക്രിമിനൽ സംഘങ്ങളെ കണ്ടെത്താൻ കഴിഞ്ഞത് അന്വേഷണോദ്യോഗസ്ഥരുടെ വലിയൊരു വിജയമായി കണക്കാക്കാം.
No Comment.