Skip to content

chithrodayamflashnews.com

October 15, 2026 7:42 am

കൊല്ലം ചിന്നക്കടയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് യുവാവിന് ദാരുണാന്ത്യം.

കൊല്ലം ചിന്നക്കടയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് യുവാവിന് ദാരുണാന്ത്യം. മേവറം സെയ്ദലി മൻസിലിൽ എസ്. സെയ്ദലി (22) ആണ് മരിച്ചത്. ചിന്നക്കടയിലെ മൊബൈൽ കടയിലെ ജീവനക്കാരനായിരുന്നു സെയ്ദലി.

ബുധനാഴ്ച വൈകിട്ട് 3.30ഓടെയാണ് നാടിനെ നടുക്കിയ അപകടം. കൊട്ടാരക്കരയിൽ നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോകുകയായിരുന്ന പ്രിയദർശിനി ഓർഡിനറി ബസ് ചിന്നക്കട ബസ് ബേയിലേക്ക് കയറുന്നതിനിടെയാണ് സെയ്ദലിയെ ഇടിച്ചത്.

ഇടിയുടെ ആഘാതത്തിൽ സെയ്ദലിയും ബൈക്കും ബസിനടിയിൽപ്പെടുകയും 10 മീറ്ററിലധികം ദൂരം വലിച്ചിഴയ്ക്കപ്പെടുകയും ചെയ്തു.ബസ് കാത്തുനിന്നവരും സമീപത്തെ കച്ചവടക്കാരും ബഹളം വെച്ചതോടെയാണ് ഡ്രൈവർ ബസ് നിർത്തിയത്.

തുടർന്ന് യാത്രക്കാരും നാട്ടുകാരും ചേർന്ന് ഏറെ പരിശ്രമിച്ചാണ് സെയ്ദലിയെ ബസിനടിയിൽ നിന്ന് പുറത്തെടുത്തത്. അരയ്ക്ക് താഴെ ഗുരുതരമായി പരിക്കേറ്റ സെയ്ദലിയെ ആദ്യം കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ആന്തരിക രക്തസ്രാവത്തെ തുടർന്ന് പിന്നീട് മേവറത്തെ മെഡിസിറ്റിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചിരിച്ചും സ്വപ്നങ്ങൾ കണ്ടും ജീവിതത്തിലേക്ക് മുന്നേറേണ്ട 22-ാം വയസ്സിൽ സെയ്ദലിക്ക് ദാരുണാന്ത്യം…ഒരു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന യുവാവിന്റെ അപ്രതീക്ഷിത വിയോഗം നാടിനും പ്രിയപ്പെട്ടവർക്കും തീരാനൊമ്പരമായി.

അപകടത്തിൽപ്പെട്ട ബസ് കരുനാഗപ്പള്ളി ഡിപ്പോയിലേതാണ്. കൊല്ലം ഡിപ്പോയിലെത്തിച്ച ശേഷം ബസ് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഡ്രൈവർ ഷാജഹാനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

ഒരു നിമിഷത്തെ അപകടം… ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളും കണ്ണീരിലാക്കി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6