ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ രാജ്യത്തെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ബോംബ് ഭീഷണി. ഡൽഹി ഹൈക്കോടതി, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള സ്ഥലങ്ങൾ ലക്ഷ്യമിട്ടാണ് ഭീഷണി സന്ദേശം ലഭിച്ചത്.
‘ഉച്ചയ്ക്ക് 2.11 ഡൽഹി ഹൈക്കോടതിയിൽ സ്ഫോടനം’ എന്ന തലക്കെട്ടോടെയാണ് ഇമെയിൽ സന്ദേശം ലഭിച്ചത്. ‘ഖാലിസ്ഥാൻ’ എന്ന പേരിൽ വന്ന സന്ദേശത്തിൽ ഡൽഹിയിലെ മറ്റ് വിവിധ കേന്ദ്രങ്ങളിലും സ്ഫോടനം നടത്താനുള്ള പദ്ധതികളെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്.
ഡൽഹിയെ ഖാലിസ്ഥാനാക്കി മാറ്റുമെന്നും സന്ദേശത്തിൽ പറയുന്നു. നാളെ ഉച്ചയ്ക്ക് 2.11ന് ഹൈക്കോടതിയിലും ഒരു മണിക്കൂറിനുശേഷം ജില്ലാ കോടതികളിലും സ്ഫോടനം നടക്കുമെന്നാണ് ഭീഷണി. ഡൽഹി കോടതികളിലെ കേസുകളോടുള്ള പ്രതികരണമായാണ് സ്ഫോടനം നടത്തുന്നതെന്നും സിഖുകൾക്കെതിരായ കേസുകൾ മാത്രമാണ് ഡൽഹി കോടതികൾ കേൾക്കുന്നതെന്നും സന്ദേശത്തിൽ പറയുന്നു. ഖാലിസ്ഥാൻ അംഗങ്ങൾ ഡൽഹിയിൽ എത്തിയിട്ടുണ്ടെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ജാംനഗർ ഹൗസ്, ഝന്ദേവാലൻ കെട്ടിടം, സാകെത് ഓഫീസ്, ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ഓഫീസ്, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3, സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഓഫീസ്, ഡൽഹി മെട്രോ, അംബാലയിലേക്കുള്ള ട്രെയിനുകൾ എന്നിവയ്ക്കും ഭീഷണിയുണ്ടെന്നാണ് സന്ദേശത്തിലുള്ളത്.
ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് ബന്ധപ്പെട്ട സ്ഥലങ്ങളിൽ അധികൃതർ പരിശോധന നടത്തി. പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം.
സ്വാതന്ത്ര്യദിനാഘോഷത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് രാജ്യതലസ്ഥാനത്തെ ഹൈക്കോടതിയും വിമാനത്താവളവും ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളെ പരാമർശിച്ചുള്ള ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്.
No Comment.