Skip to content

chithrodayamflashnews.com

November 30, 2026 2:01 am

സൗദി അറേബ്യയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിനുള്ളിൽ തമിഴ്‌നാട് സ്വദേശിയായ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

സൗദി അറേബ്യയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിനുള്ളിൽ തമിഴ്‌നാട് സ്വദേശിയായ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് പുതുക്കോട്ട സ്വദേശിയായ പ്രഭാകർ (49) ആണ് മരിച്ചത്. കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാത്തിനിൽനിന്ന് ഏകദേശം 180 കിലോമീറ്റർ അകലെയുള്ള അൽ സൈറ എന്ന സ്ഥലത്ത് വെച്ചാണ് ജീവനറ്റ നിലയിൽ ഇയാളെ കണ്ടെത്തിയത്.
കഴിഞ്ഞ രണ്ട് വർഷമായി സൗദിയിലെ പ്രമുഖ ട്രാൻസ്‌പോർട്ടിങ് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു പ്രഭാകർ. ദമ്മാമിൽനിന്ന് ഹഫർ അൽ ബാത്തിനിലേക്ക് ചരക്കുമായി പുറപ്പെട്ട ഒമ്പത് ട്രക്കുകളുടെ കൂട്ടത്തിലാണ് ഇദ്ദേഹത്തിന്റെ വാഹനവും ഉണ്ടായിരുന്നത്. എന്നാൽ, യാത്രയ്ക്കിടെ ഉണ്ടായ കഠിനമായ ഹൃദയാഘാതമാണ് മരണകാരണമെന്ന് വിദഗ്ധ മെഡിക്കൽ പരിശോധനയിൽ സ്ഥിരീകരിച്ചു.


നിശ്ചിത സമയത്തിനുള്ളിൽ മറ്റ് വാഹനങ്ങൾ ഹഫർ അൽ ബാത്തിനിൽ എത്തിച്ചേർന്നിട്ടും പ്രഭാകറിന്റെ ട്രക്ക് എത്താതിരുന്നതോടെയാണ് സഹപ്രവർത്തകർക്ക് സംശയം തോന്നിയത്. തുടർന്ന് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. ഇതോടെ ആശങ്കയിലായ സഹപ്രവർത്തകർ ഉടൻ തന്നെ ഇദ്ദേഹം സഞ്ചരിച്ച വഴികളിൽ തിരച്ചിൽ ആരംഭിക്കുകയായിരുന്നു.
തിരച്ചിലിനൊടുവിലാണ് അൽ സൈറയിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന നിലയിൽ പ്രഭാകറിന്റെ ട്രക്ക് കണ്ടെത്തിയത്. വാഹനം തുറന്നു പരിശോധിച്ചപ്പോഴാണ് ഉള്ളിൽ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് അൽ സൈറ പൊലീസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി ആവശ്യമായ പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. അൽ സൈറ പൊലീസ് സ്റ്റേഷനിൽ നിന്ന് വിവരമറിഞ്ഞതിനെ തുടർന്ന് ഹഫർ അൽ ബാത്തിൻ ഒ.ഐ.സി.സി പ്രസിഡന്റ് വിബിൻ മറ്റത്തിന്റെ നേതൃത്വത്തിൽ, ഇന്ത്യൻ എംബസിയുടെ പൂർണ്ണ സഹകരണത്തോടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും മറ്റ് നിയമനടപടികൾ വേഗത്തിലാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6