
മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം) ചതുർത്ഥസ്ഥാന ബലത്താൽ വസ്തു, വാഹനാദി ഇടപാടുകളിൽ നിലനിന്നിരുന്ന വന്ധ്യത മാറും. ഗൃഹശുദ്ധീകരണത്തിലും സൗന്ദര്യവൽക്കരണത്തിലും താല്പര്യം കാണിക്കും. ബന്ധുജനങ്ങളുടെ പൂർണ്ണ പിന്തുണയും ആശ്വാസവും ലഭ്യമാകും.
ഇടവം രാശി: (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം) മനസ്സിന് ഊർജ്ജസ്വലതയും കാര്യശേഷിയും ഉണ്ടാകും. ലഘുയാത്രകൾ വഴി വ്യവസായ-വ്യാപാര അഭിവൃദ്ധി പ്രാപിക്കും. സഹോദര വൈരങ്ങൾ ശമിക്കുകയും സൽവിജ്ഞാനം ആർജ്ജിക്കുകയും ചെയ്യും.
മിഥുനം രാശി: (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം) ധനസ്ഥാനത്ത് ശുഭഗ്രഹ സ്വാധീനമുള്ളതിനാൽ ഗൃഹ ആവശ്യങ്ങൾ കണ്ടറിഞ്ഞു നിവർത്തിക്കും. വാക്സൗമ്യത ജനസമ്മതിയും പ്രൊഫഷണൽ മാന്യതയും കൂട്ടും. പൂർവ്വ നിക്ഷേപങ്ങളിൽ നിന്നും ധനാഗമം ഉണ്ടാകും.
കർക്കിടകം രാശി: (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം) ജന്മരാശി പ്രഭയിൽ പുതിയ വാണിജ്യ-ധനകാര്യ തന്ത്രങ്ങൾ വിരിയും. വദനത്തിൽ പ്രസന്നതയും ആകർഷകത്വവും നിറയും. കായബലവും ആരോഗ്യസൗഖ്യവും വർദ്ധിപ്പിക്കുന്ന ദിനചര്യകൾക്ക് ആരംഭം കുറിക്കും.
ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം) വ്യയസ്ഥാന സ്വാധീനത്താൽ ആഡംബര വസ്തുക്കൾക്കായി അനാവശ്യ ധനക്ഷയം ഉണ്ടാകാൻ സാധ്യതയുണ്ട്. ആധിയിൽ നിന്നും മനസ്സമ്മർദ്ദങ്ങളിൽ നിന്നും മുക്തി നേടാൻ ഈശ്വരചിന്തയും ധ്യാനവും ശീലമാക്കുക.
കന്നി രാശി: (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം) ഏകാദശസ്ഥാനം ശക്തമായതിനാൽ ചിരകാല അഭിലാഷങ്ങൾ യാഥാർത്ഥ്യമാകും. നൂതന പ്രോജക്റ്റുകളും കൂട്ടുകച്ചവടങ്ങളും സംജാതമാകും. സാമൂഹികമണ്ഡലത്തിൽ മാന്യതയും യശസ്സും വർദ്ധിക്കും.
തുലാം രാശി: (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം) ദശമഭാവത്തിൽ അതിശ്രേഷ്ഠ യോഗമുള്ളതിനാൽ കർമ്മരംഗത്ത് മികച്ച പ്രകടനവും ഉന്നതിയും പ്രകടമാക്കും. മേലധികാരികളുടെ പ്രീതിയും തൊഴിൽ വാർത്തകളും സന്തോഷം തരും. ജനമധ്യത്തിലെ നിലപാടുകൾ പ്രശംസിക്കപ്പെടും.
വൃശ്ചികം രാശി: (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട) നവമസ്ഥാന അനുകൂലതയാൽ വിജ്ഞാനപ്രദമായ തീർത്ഥാടനങ്ങളും യാത്രകളും സാധ്യമാകും. ഉന്നതവിദ്യാഭ്യാസ തടസ്സങ്ങൾ നീങ്ങും. ഗുരുജനങ്ങളുടെയും മുതിർന്നവരുടെയും ആശീർവാദം ഉണ്ടാകും.
ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം) അഷ്ടമസ്ഥാന സ്വാധീനത്താൽ അപ്രതീക്ഷിത അനുഭവങ്ങളെ പക്വതയോടെ കൈകാര്യം ചെയ്യേണ്ടിവരും. ആരോഗ്യം, സാമ്പത്തിക കാര്യങ്ങളിൽ അനാസ്ഥരുത്. അനാവശ്യ വാഗ്വാദങ്ങളിൽ നിന്നും അകലം പാലിക്കുക.
മകരം രാശി: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം) സപ്തമസ്ഥാന ബലത്താൽ വ്യാപാര തടസ്സങ്ങൾ മാറി പുതിയ കരാറുകളിൽ ഒപ്പുവെക്കാൻ സാധിക്കും. സദസ്സുകളിൽ മാന്യത കൈവരും. ദാമ്പത്യ പങ്കാളിയുടെ തത്ത്വചിന്തകൾ പുതിയ നേട്ടങ്ങൾക്ക് തുണയാകും.
കുംഭം രാശി: (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം) ഷഷ്ഠമസ്ഥാനം അനുകൂലമായതിനാൽ കർമ്മരംഗത്തെ വിഘ്നങ്ങളെയും വൈരികളെയും പരാജയപ്പെടുത്തും. സാമ്പത്തിക ബാധ്യതകൾ കുറയ്ക്കാൻ പദ്ധതിയിടും. നൽകിയ വാഗ്ദാനങ്ങൾ പൂർത്തിയാക്കും.
മീനം രാശി: (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി) പഞ്ചമഭാവം ഉണർന്നുനിൽക്കുന്നതിനാൽ സർഗ്ഗാത്മക ചിന്തകളും വിദ്യാപുരോഗതിയും ദൃശ്യമാകും. ഗവേഷണ രംഗത്തുള്ളവർക്ക് പുരസ്കാരങ്ങൾക്ക് സാധ്യത കാണുന്നു. പ്രിയപ്പെട്ടവരുടെ ഉയർച്ചയിൽ പങ്കാളിയാകും.
ജയറാണി ഈ വി.
Contact: +919746812212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
No Comment.