പള്ളിയിൽ പോയി പറഞ്ഞാൽ മതി” ഒരിക്കലും നടക്കാത്ത കാര്യത്ങ്ങൾക്ക് പരിഹാസ രൂപേണ നമ്മുടെ നാട്ടിൽ ഇങ്ങനേ പറയാറുണ്ട്. മകളുടെ ജജീവൻ രക്ഷിക്കാൻ മറ്റൊരു വഴിയുമില്ലാതായപ്പോൾ ആ അമ്മ ചെയ്തതും അത് തന്നെയായിരുന്നു. പിന്നെ നടന്നത് ചരിത്രം.
കഴിഞ്ഞ ദിവസം ഡൽഹി എയിംസ് ആശുപത്രിക്ക് മുന്നിൽ, ഒരു ഓട്ടോറിക്ഷയിൽ നെഞ്ചോടു ചേർത്ത ഒരു കുഞ്ഞിനെയും പിടിച്ച് മണിക്കൂറുകളോളം ഊഴവും കാത്ത് ആ അമ്മ നിൽക്കുകയായിരുന്നു. ആയിരക്കണക്കിന് ആളുകൾ വരിനിൽക്കുന്ന ആ തിരക്കിലേക്ക് ഒരു ചെറുപ്പക്കാരൻ ചെന്ന് കാര്യമന്വേഷിച്ചു. കുഞ്ഞിന് രണ്ട് അല്ലെങ്കിൽ മൂന്ന് മാസത്തെ ആയുസ്സ് മാത്രമേ ഡോക്ടർമാർ വിധിച്ചിട്ടുള്ളൂവെന്നും, അപൂർവ്വ രോഗബാധയെ തുടർന്ന് ജീവൻ നിലനിർത്താൻ 9 കോടി രൂപയോളം വരുന്ന ചികിത്സ വേണമെന്നും ആ അമ്മ കണ്ണീരോടെ പറഞ്ഞു. സ്വന്തം കൺമുന്നിൽ കുഞ്ഞു ജീവനറ്റുപോകുന്നത് കണ്ടുനിൽക്കേണ്ടി വരുന്ന അമ്മയുടെ വേദനയാണ് ആ വാക്കുകളിൽ ഉണ്ടായിരുന്നത്.
ആ കാഴ്ച കണ്ട ആ ചെറുപ്പക്കാരന്റെ മനസ്സ് തകർന്നുപോയി. അവൻ ആ അമ്മയെ ഓട്ടോയിൽ നിന്ന് ഇറക്കി ആൾക്കൂട്ടത്തിന് നടുവിൽ നിർത്തി, അവരുടെ കൈയിലെ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ വാങ്ങി അവിടെയുള്ളവരോട് ഉറക്കെ ചോദിച്ചു: “നിങ്ങളുടെ കുഞ്ഞ് നിങ്ങളുടെ കൺമുന്നിൽ മരണത്തിന് കീഴടങ്ങുന്നത് കണ്ടുനിൽക്കാൻ നിങ്ങൾക്ക് കഴിയുമോ?” ആ ചെറുപ്പക്കാരൻ അവിടെയുണ്ടായിരുന്ന ജനങ്ങളോട് ഈ കുഞ്ഞിനെ രക്ഷിക്കാൻ സഹായം അഭ്യർത്ഥിച്ചു. ആ അമ്മയുടെ ജാതിയോ മതമോ നോക്കാതെ അവരെ സഹായിക്കാൻ ആ സഹോദരൻ മുന്നോട്ടുവന്നു. എന്നാൽ ചികിത്സക്ക് വേണ്ട തുകയുടെ ഒരു ചെറിയ ശതമാനം പോലും ലഭിച്ചില്ല.

അപ്പോഴാണ് ഡൽഹി ജുമാ മസ്ജിദിലെ വാങ്ക് വിളി അവൻ കേൾക്കുന്നത്. അവർ നേരെ അങ്ങോട്ട് ചെന്നു. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം തടിച്ചു കൂടിയ ആ വലിയ ജനക്കൂട്ടത്തിന് മുന്നിൽ ആ യുവാവ് കാര്യം വിശദീകരിച്ചു. കുഞ്ഞിന്റെ ചിത്രം പതിച്ച ടി-ഷർട്ട് ധരിച്ച്, സർട്ടിഫിക്കറ്റുകൾ ഉയർത്തിപ്പിടിച്ച് ആളുകളോട് സഹായം അഭ്യർത്ഥിച്ചു. ആ ജനസഞ്ചയം ഒരൊറ്റ മനസ്സോടെ കൈകോർത്തപ്പോൾ, ഒറ്റ ദിവസം കൊണ്ട് 4 കോടി 20 ലക്ഷം രൂപയാണ് സമാഹരിക്കാൻ കഴിഞ്ഞത്! തുടർന്ന് നടന്ന ക്രൗഡ് ഫണ്ടിംഗിലൂടെ കുഞ്ഞിന്റെ ചികിത്സയ്ക്ക ആവശ്യമായ തുക മുഴുവനായി തന്നെ കണ്ടെത്താൻ കഴിഞ്ഞു.
മനുഷ്യത്വത്തിന് മുൻപിൽ ജാതിയുടെയോ മതത്തിന്റെയോ വിദ്വേഷത്തിന്റെയോ മതിലുകൾക്ക് സ്ഥാനമില്ലെന്ന് ഈ സംഭവം തെളിയിക്കുന്നു. ഒരു ഹിന്ദു സ്ത്രീയുടെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ഒരു മുസ്ലിം പള്ളിയിൽ ഒത്തുകൂടിയ ജനങ്ങൾ കൈകോർത്തപ്പോൾ തകർന്നത് ജാതിയുടെയും മതത്തിന്റെയും മതിൽക്കട്ടുകളാണ്. സ്നേഹവും കരുണയും സമഭാവനയും ഒത്തൊരുമയും ഉള്ളിടത്തോളം കാലം ഈ നാട്ടിൽ മനുഷ്യത്വം മരിക്കില്ലെന്ന് ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു.
No Comment.