Skip to content

chithrodayamflashnews.com

October 13, 2026 6:57 am

നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയ്‍ക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും

നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയ്‍ക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും. മറയൂർ നാച്ചിവയൽ പുളിക്കരവയൽ സ്വദേശി കുട്ടിയമ്മയെ (റോസ്‍മേരി, 47)യാണ്‌ തൊടുപുഴ ജില്ലാ ഒന്നാം അഡീഷണൽ സെഷൻസ് ജഡ്‌ജ്‌ ആഷ് കെ ബാൽ ശിക്ഷിച്ചത്‌. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം അധിക തടവുണ്ടാകും. രഹസ്യമായി പ്രസവിച്ചശേഷം കുട്ടിയമ്മ കുഞ്ഞിന്റെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി. തുടർന്ന് കമ്പിളിപ്പുതപ്പിൽ പൊതിഞ്ഞ് വീട്ടിലെ തൊഴുത്തിന്റ മേൽക്കൂരയിൽ വച്ചെന്നാണ് കേസ്.

 

2014 മെയ് 13നാണ്‌ കേസിനാസ്‌പദമായ സംഭവം. അയൽവാസികളാണ് തൊഴുത്തിന്റെ മേൽക്കൂരയിൽ കുട്ടിയെ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കുട്ടി ആരുടേതാണെന്ന് അറിയില്ലെന്ന നിലപാടിലായിരുന്നു കുട്ടിയമ്മ. എന്നാൽ അവശയായ കുട്ടിയമ്മയെ ആരോഗ്യപ്രവർത്തകർ ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ ഇവർ ഏറ്റവും അടുത്ത ദിവസം പ്രസവിച്ചതാണെന്ന് വ്യക്തമായി. കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്ന് രേഖപ്പെടുത്തിയിരുന്നു. തുടർന്ന് നടത്തിയ ഡിഎൻഎ പരിശോധനയിൽ കുട്ടിയുടെ അമ്മ കുട്ടിയമ്മ തന്നെയാണെന്ന് തെളിഞ്ഞു. കുട്ടിയെങ്ങനെ കന്നുകാലിത്തൊഴുത്തിലെത്തിയെന്നതിന് കുട്ടിയമ്മയ്‍ക്ക് മറുപടിയുണ്ടായില്ല. ദൃക് സാക്ഷികളില്ലാതിരുന്ന കേസിൽ സാഹചര്യ, മെഡിക്കൽ തെളിവുകളും നാട്ടുകാരുടെ മൊഴിയുമാണ് നിർണായകമായത്. മറയൂർ പൊലീസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി എസ് രാജേഷ് ഹാജരായി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6