കേരളത്തിനായി വർഷങ്ങളോളം ത്രോബോൾ കളിച്ച അശ്വതിയുടെ ജീവിതം ഇന്ന് വലിയൊരു പ്രതിസന്ധിയുടെ കഥയാണ്. ഒരു വീടെന്ന സ്വപ്നത്തിനായി കുടുംബം ബാങ്കിനെ സമീപിച്ച് വായ്പയെടുത്തു. എന്നാൽ കുടുംബാംഗങ്ങളുടെ തുടർച്ചയായ രോഗങ്ങളും അപകടങ്ങളും സാമ്പത്തിക നില തകർത്തു. തിരിച്ചടവ് മുടങ്ങിയതോടെ കടം പെരുകി, ഒടുവിൽ താമസിച്ചിരുന്ന വീട് തന്നെ നഷ്ടമായി. രണ്ട് ചെറിയ പെൺകുട്ടികളുൾപ്പെടെ ആറുപേർക്ക് വീടിനോട് ചേർന്നുള്ള ചെറിയ ഷെഡിൽ കഴിയേണ്ടിവന്ന അവസ്ഥയായിരുന്നു.
അശ്വതിയുടെ കുടുംബത്തിന് മുന്നിലുണ്ടായിരുന്നത് കടബാധ്യത മാത്രമായിരുന്നില്ല; സുരക്ഷിതമായ താമസസ്ഥലവും കുട്ടികളുടെ ഭാവിയും ചികിത്സാചെലവുകളും ഒരുപോലെ ആശങ്കയായിരുന്നു. ഭർതൃമാതാവ് സുനീലയുടെ വൃക്കരോഗവും ഭർതൃപിതാവിന്റെ ആരോഗ്യപ്രശ്നങ്ങളും ഭർത്താവ് നിതിന്റെ കാലൊടിഞ്ഞുണ്ടായ തൊഴിൽപ്രതിസന്ധിയും കുടുംബത്തെ കൂടുതൽ തളർത്തി. 15 ലക്ഷം രൂപയ്ക്ക് തുടങ്ങിയ വായ്പയുടെ കുടിശ്ശിക പലിശയടക്കം 34,53,387 രൂപയിലെത്തി.

ഈ കുടുംബത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ എം.എ. യൂസഫലി സഹായിക്കാൻ മുന്നോട്ടുവന്നു. ലണ്ടനിൽ ഔദ്യോഗിക യാത്രയിലായിരിക്കെ രാത്രി രണ്ടുമണിക്ക് തന്നെ ജീവനക്കാരനായ എൻ.ബി. സ്വരാജിനെ ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചു. തുടർന്ന് ലുലു ഗ്രൂപ്പിന്റെ ഇടപെടലിലൂടെ ബാങ്കിലെ മുഴുവൻ കുടിശ്ശികയായ 34,53,387 രൂപയും അടച്ചുതീർത്തു.
കടബാധ്യതയുടെ പേരിൽ സ്വന്തം വീടിന് പുറത്താകേണ്ടിവന്ന അശ്വതിക്കും കുടുംബത്തിനും ഇപ്പോൾ തിരിച്ചുവരവിന്റെ പ്രതീക്ഷയാണ് ലഭിച്ചിരിക്കുന്നത്.
No Comment.