ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനായി ‘പുഷ്പ’യിലെ പ്രകടനത്തിന് അല്ലു അര്‍ജുൻ തെരഞ്ഞെടുക്കപ്പെട്ടു.
ഗംഗുഭായ് കത്തിയവാഡിയിലെ അഭിനയത്തിന് ആലിയ ഭട്ടും ‘മിമി’യിലെ പ്രകടനത്തിന് കൃതി സാനോണും മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിട്ടു. മികച്ച ഫീച്ചര്‍ ചിത്രമായി ആര്‍. മാധവൻ സംവിധാനം ചെയ്ത ‘റോക്കട്രി ദ നമ്പി ഇഫക്‌ട്’ തെരഞ്ഞെടുക്കപ്പെട്ടു. ‘ദി കശ്മീര്‍ ഫയല്‍സ്’ന് മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നര്‍ഗീസ് ദത്ത് അവാര്‍ഡ് ലഭിച്ചു. നിഖില്‍ മഹാജനാണ് മികച്ച സംവിധായകന്‍. മറാത്തി ചിത്രം ‘ഗോദാവരി’ക്കാണ് പുരസ്‌കാരം.
എസ്.എസ് രാജമൗലി ഒരുക്കിയ ആര്‍.ആര്‍.ആര്‍ നിരവധി പുരസ്കാരങ്ങളാണ് നേടിയത്. മികച്ച കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രമായി ആര്‍.ആര്‍.ആര്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍, ഇതേ ചിത്രത്തിന് സംഗീതമൊരുക്കിയ കീരവാണിക്ക് മികച്ച പശ്ചാത്തല സംഗീതത്തിനും പ്രേം രക്ഷിതിന് നൃത്തസംവിധാനത്തിനും പുരസ്കാരം ലഭിച്ചു. മികച്ച കൊറിയോഗ്രാഫി അവാര്‍ഡ് ആര്‍.ആര്‍.ആറിലൂടെ കിംഗ് സോളമന് ലഭിച്ചപ്പോള്‍ ഇതിലെ ‘കൊമരം ഭീമുഡോ’ പാടിയ കാലഭൈരവ മികച്ച ഗായകനായും തെരഞ്ഞെടുക്കപ്പെട്ടു. ‘ഇരവിന്‍ നിഴല്‍’ എന്ന തെലുങ്ക് ചിത്രത്തിലെ ‘മായാവാ ഛായാവാ’ എന്ന ഗാനം ആലപിച്ച ശ്രേയാ ഘോഷാല്‍ ആണ് മികച്ച ഗായിക.
പ്രധാന പുരസ്കാരങ്ങളൊന്നും ലഭിച്ചില്ലെങ്കിലും മലയാളത്തിന് നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു. മികച്ച മലയാള ചിത്രമായി റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ചിത്രത്തിലെ മികച്ച പ്രകടനത്തിന് ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. നവാഗത സംവിധായകനുള്ള അവാര്‍ഡ് ‘മേപ്പടിയാൻ’ ഒരുക്കിയ വിഷ്ണുമോഹന് ലഭിച്ചു. മികച്ച തിരക്കഥക്കുള്ള അവാര്‍ഡ് നായാട്ടിന് തിരക്കഥയൊരുക്കിയ ഷാഹി കബീറിന് ലഭിച്ചു. മികച്ച പരിസ്ഥിതി ചിത്രമായി ആര്‍.എസ് പ്രദീപ് ഒരുക്കിയ മൂന്നാം വളവ് തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച അനിമേഷൻ ചിത്രമായി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത മലയാള ചിത്രം ‘കണ്ടിട്ടുണ്ട്’ തെരഞ്ഞെടുക്കപ്പെട്ടു. 12 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം സുരേഷ് എറിയാട്ട് ഒരുക്കി ഈക്‌സോറസ് സ്റ്റുഡിയോയാണ് നിര്‍മിച്ചിരിക്കുന്നത്. മികച്ച സിങ്ക് സൗണ്ടിനുള്ള പുരസ്കാരം ‘ചവിട്ടി’ന് അരുണ്‍ അശോകിനും സോനു കെ.പിക്കും ലഭിച്ചു. 2021ല്‍ സെന്‍സര്‍ ചെയ്ത 24 ഭാഷകളില്‍ നിന്നുള്ള 280 സിനിമകളാണ് അവാര്‍ഡിന് പരിഗണിച്ചത്.
മറ്റു പുരസ്കാരങ്ങള്‍:
മികച്ച ഹിന്ദി സിനിമ -സര്‍ദാര്‍ ഉദ്ദം (സംവിധാനം സുജിത് സര്‍കാര്‍)
മികച്ച തെലുങ്ക് ചിത്രം -ഉപേന
മറാഠി ചിത്രം- ഏക്ദാ കായ് സാലാ
തമിഴ് ചിത്രം -കടൈസി വിവസായി
ഗാനരചയിതാവ്- ചന്ദ്രബോസ്- (തെലുങ്ക് ചിത്രം- കൊണ്ട പോലം)
ബാലതാരം- ഭവിന്‍ റബാരി (ഛെല്ലോ ഷോ)
സഹ നടി- പല്ലവി ജോഷി (കശ്മീര്‍ ഫയല്‍സ്)
സഹനടന്‍- പങ്കജ് ത്രിപാഠി (മിമി)
കോസ്റ്റിയൂം ഡിസൈനര്‍- വീര കപൂര്‍ (സര്‍ദാര്‍ ഉദ്ദം)
പ്രൊഡക്ഷന്‍ ഡിസൈന്‍- ദിമിത്രി മലിച്ച്
എഡിറ്റിങ്- സഞ്ജയ് ലീലാ ഭൻസാലി (ഗംഗുഭായി കത്തിയവാഡി)
അവാര്‍ഡുകള്‍ വാരിക്കൂട്ടി ആര്‍.ആര്‍.ആറും ഗംഗുഭായ് കത്തിയവാഡിയും
ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി എസ്.എസ് രാജമൗലിയുടെ ആര്‍.ആര്‍.ആറും സഞ്ജയ് ലീല ബൻസാലിയുടെ ഗംഗുഭായ് കത്തിയവാഡിയും ഷൂജിത്ത് സര്‍ക്കാറിന്റെ ഹിന്ദി ചിത്രം സര്‍ദാര്‍ ഉദ്ദവും.
മികച്ച ജനപ്രിയ ചിത്രം, പശ്ചാത്തല സംഗീതം, സ്റ്റണ്ട് കൊറിയോഗ്രാഫര്‍, മികച്ച ഗായകൻ, കൊറിയോഗ്രാഫര്‍, സ്പെഷല്‍ ഇഫക്‌ട്സ് എന്നീ പുരസ്കാരങ്ങള്‍ ആര്‍.ആര്‍.ആര്‍ സ്വന്തമാക്കി. ചിത്രത്തിന് സംഗീതമൊരുക്കിയ കീരവാണിക്ക് മികച്ച പശ്ചാത്തല സംഗീതത്തിനും പ്രേം രക്ഷിതിന് നൃത്തസംവിധാനത്തിനും പുരസ്കാരം ലഭിച്ചു. മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫി അവാര്‍ഡ് ആര്‍.ആര്‍.ആറിലൂടെ കിംഗ് സോളമന് ലഭിച്ചപ്പോള്‍ ഇതിലെ ‘കൊമരം ഭീമുഡോ’ പാടിയ കാലഭൈരവ മികച്ച ഗായകനായും തെരഞ്ഞെടുക്കപ്പെട്ടു.
സഞ്ജയ് ലീല ബൻസാലി ചിത്രം ഗംഗുഭായ് കത്തിയവാഡിയിലെ അഭിനയത്തിന് ആലിയ ഭട്ടിന് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചപ്പോള്‍ മികച്ച തിരക്കഥ, എഡിറ്റിങ്, മേക്കപ്പ് ആര്‍ട്ടിസ്റ്റ് പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കി.
ഷൂജിത്ത് സര്‍ക്കാര്‍ സംവിധാനം ചെയ്ത് വിക്കി കൗശല്‍ മുഖ്യവേഷത്തിലെത്തിയ ഹിന്ദി ചിത്രം ‘സര്‍ദാര്‍ ഉദ്ദം’ മികച്ച ഹിന്ദി ചിത്രം, വസ്ത്രാലങ്കാരം, മികച്ച കാമറ, ഓഡിയോഗ്രാഫി, പ്രൊഡക്ഷൻ ഡിസൈനര്‍ എന്നിവക്കുള്ള പുരസ്കാരങ്ങളാണ് നേടിയത്.
No Comment.