മലപ്പുറം: മകന്‍റെ ബൈക്ക് കത്തിക്കാൻ മാസങ്ങള്‍ക്കു മുൻപ് ക്വട്ടേഷൻ നല്‍കിയ വീട്ടമ്മയെ അതേ സംഘം ആക്രമിച്ചതായി പരാതി.മലപ്പുറം മേലാറ്റൂരിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് മൂന്നു പേരെ മേലാറ്റൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പെരിന്തല്‍മണ്ണ കോടതി പ്രതികളെ റിമാൻഡ് ചെയ്തു. മുള്ള്യാകുര്‍ശി തച്ചാംകുന്നേല്‍ നഫീസയ്ക്കു നേരേയാണ് മൂന്നംഗ സംഘം ആക്രമണം നടത്തിയത്. തമിഴ്നാട് ഉക്കടം സ്വദേശി കാജാ ഹുസൈൻ (39), പന്തലം ചേരി നാസര്‍ (32), മുള്ള്യാകുര്‍ശി കീഴു വീട്ടില്‍ മെഹബൂബ് (58) എന്നിവരാണ് അറസ്റ്റിലായത്. മേലാറ്റൂര്‍ സ്റ്റേഷൻ ഹൗസ് ഓഫിസര്‍ കെ.ആര്‍. രഞ്ജിത്തും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. നേരത്തേ വീട്ടമ്മ നല്‍കിയ ക്വട്ടേഷൻ ഏറ്റെടുത്ത് ഇവരുടെ മകന്‍റെ ബൈക്ക് കത്തിച്ച കേസില്‍ പിടിയിലായ പ്രതികളാണ് ഇവര്‍. ഈ കേസില്‍ റിമാൻഡിലായിരുന്ന പ്രതികള്‍ അടുത്തിടെ ജാമ്യത്തിലിറങ്ങിയതായിരുന്നു.
മകന്‍റെ ബൈക്ക് കത്തിക്കാൻ മാസങ്ങള്‍ക്കു മുൻപ് ക്വട്ടേഷൻ നല്‍കിയ വീട്ടമ്മയെ അതേ സംഘം ആക്രമിച്ചതായി പരാതി
No Comment.