മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി അഡ്വ. കെ.പി. സതീശനെ നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ മധുവിന്‍റെ അമ്മ മല്ലി ഇന്നലെ പാലക്കാട് സിവില്‍ സ്റ്റേഷനു മുന്നില്‍ സത്യഗ്രഹ സമരം നടത്തി.കേസിലെ മുഴുവൻ പ്രതികള്‍ക്കും പരമാവധി ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടുള്ള കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍മാരായി അഡ്വ. രാജേഷ് എം. മേനോനെയും അഡ്വ. ജീവേഷിനെയും അഡ്വ. സി.കെ. രാധാകൃഷ്ണനെയും നിയമിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സത്യഗ്രഹം.
പ്രോസിക്യൂട്ടറായി കെ.പി. സതീശനെ നിയമിച്ചാല്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുമെന്നാണ് മധുവിന്‍റെ കുടുംബം ആരോപിക്കുന്നത്. പ്രോസിക്യൂട്ടര്‍ നിയമനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനമെടുത്തെന്ന് സമരസമിതിയും ആരോപിക്കുന്നു. മണ്ണാര്‍ക്കാട് പ്രത്യേക കോടതി ഏഴു വര്‍ഷത്തേക്ക് ശിക്ഷിച്ചതിനെതിരേ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ശിക്ഷ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.
മധുവിന്‍റെ അമ്മയോട് കേരള സര്‍ക്കാര്‍ അനീതിയാണ് കാട്ടുന്നതെന്ന് വാളയാറിലെ മരണപ്പെട്ട കുട്ടികളുടെ അമ്മ പറഞ്ഞു. സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
മധുക്കേസില്‍ മൂന്നു പ്രോസിക്യൂട്ടര്‍മാര്‍ കേസ് വിട്ടുപോയ ഘട്ടത്തില്‍ അമ്മ നിര്‍ദേശിച്ച പ്രോസിക്യൂട്ടറെ നിയമിച്ചതിനു ശേഷമാണ് ഭാഗികമായെങ്കിലും നീതി കിട്ടിയതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച സി.ആര്‍. നീലകണ്ഠൻ പറഞ്ഞു.
വാളയാര്‍ കേസിലും സ്പെഷല്‍ പ്രോസിക്യൂട്ടറുടെ നിയമനം സര്‍ക്കാര്‍ വൈകിക്കുന്നതും ഗൂഢാലോചനയാണെന്ന് വാളയാര്‍ നീതി സമരസമിതി ചെയര്‍മാൻ വിളയോടി വേണുഗോപാല്‍ പറഞ്ഞു.
No Comment.