
കവിത
നിങ്ങൾ മാത്രം എന്തിന്?
രചന
നിഥിൻകുമാർ ജെ പത്തനാപുരം
എന്തിന് നിങ്ങളെന്നെ
ശ്രദ്ധിക്കുന്നു?
ചില്ലലമാരയുടെ രണ്ടാമത്തെ
ഷെൽഫിൽ ഒതുക്കിവെച്ചിരുന്ന
നോവലും കഥകളും
പുഞ്ചിരിതൂകിയെന്നെയും
മിഴിച്ചു നോക്കി.
തളർന്നു പോയ
ബ്ലൂടൂത്ത് സ്പീക്കറും
ശബ്ദം നിലച്ചു വീണിരുന്നു.
എയർ പോഡ് മരവിച്ചു
കിടന്നിരുന്നു.
ഒഴിഞ്ഞ കുപ്പിഗ്ലാസുകൾ
പലതും വരണ്ട ഗന്ധം
പടർത്തിയിരുന്നു.
ഒഴിഞ്ഞു മാറി കിടന്ന
കടലാസ് തോണിയിൽ
മൂക്കുചീറ്റി ഒഴിച്ചും
ഒഴിഞ്ഞ ഗ്ലാസ്സിൽ
കഫം തുപ്പിയും
എഴുതി തീർന്ന
പേന മുനമ്പ് കൊണ്ടെന്റെ
കാത് ഇളക്കിയും
കനമില്ലാത്ത അക്ഷരങ്ങൾക്ക്
നാണമില്ലാത്ത രൂപം നൽകി
വീണ്ടും പറിച്ചക്കറ്റി.
ഇവിടെ ഇനി
എന്താണെന്നു നിങ്ങൾ
ചിന്തിച്ചിരിക്കും.
മുഷിഞ്ഞത്!
എന്നാലും ഒരു മൂലയിൽ
കൂടി കിടന്ന ഉടുത്തുണിയിൽ
ഈച്ചകൾ ചുറ്റും കൂടി
എന്തോ തിരയുന്നു.
നിറം മങ്ങിയ
തുണികൾ ചിലത്
കണ്ണുനീർ വറ്റി കിടന്നു.
അക്ഷരം വ്യഭിചരിച്ചതോ
അക്ഷരം വിറ്റ്
ഞാൻ വ്യഭിചാരിച്ചതോ
വിറ്റ് കിട്ടും
പിച്ച തുണ്ടുകൾക്ക്
ആർത്തിയോടെ ഞാൻ
വെണ്മ മങ്ങാത്ത
കടലാസുകൾ വാങ്ങി
നിറയ്ക്കും.
ഒന്ന് വിറ്റ് ഒന്ന് വാങ്ങി
ഞാനെന്റെ തുടർച്ച
ആവർത്തിച്ചു പറയുമ്പോഴും
നിങ്ങൾ മാത്രം
എന്തിന് എന്നെ കേൾക്കണം?
നിങ്ങൾ മാത്രം
എന്തിന് എന്നെ അണിയണം?
നിങ്ങൾ മാത്രം എന്തിന്!

No Comment.