
കവിത
അവിടെയാണ് സ്നേഹം. എവിടെ?
രചന
നിഥിൻകുമാർ ജെ പത്തനാപുരം
ഈ അന്തിക്ക്
നിറമേറെയാണ്
ഭീതിയുടെ
നിഴൽ വീണ നിറം.
തിരി തെളിയാത്ത
വാനം വിതുമ്പി
കരഞ്ഞതും
രാവുകൾ
പിണങ്ങി മാറിയതും
പുഴ പലവുരു
കണ്ടിരിക്കണം
ദൂരെയായി
ജലം വറ്റിയ
പുഴയിന്നുമൊഴുകുന്നു
ഓളങ്ങളുടെ
താളം കേൾക്കാൻ
കഴിയുന്നുണ്ടോ
പുഞ്ചിരിതൂകി
മധുരമായി പാടുന്നത്
കേൾക്കുന്നുണ്ടോ
പുഴയൊകുന്നു
പക്ഷെ മൗനമാണ്
ശാന്തമാണ്
അനന്തമായി
അവളൊഴുകിയതിന്റെ
ക്ഷീണമാകാം
കരഞ്ഞു തീർത്ത
ഉപ്പുനീരിന് രുചി തോന്നി
ദാഹം തീരും വരെ
കുടിച്ചതാകാം
ഇന്ന് അവിടെയായി
അവളുടെ ഹൃദയത്തിലായി
ഒരു കുന്നുണ്ട്
അവിടെ
തണൽ മരങ്ങളില്ല
ഇളം കാറ്റും കുളിരുമില്ല
ശൂന്യമായ
വാനവും മേഘവും
ഇരുവരും ഇടവേളകളിൽ
തൊട്ടുരുമിയിരിക്കും
പരസ്പരം
ചുംബനങ്ങൾ നൽകിയും
ഹൃദയ തണലിൽ
മയങ്ങിയും
കാലം ഉന്തിനീക്കും
ഈ നിറമില്ലാത്ത
ലോകത്തിന്നും
താളുകൾ മറയും
തണലുകൾ പടരും
കാണും
കാഴ്ചകൾക്ക് അകലെയായ്
കേൾക്കും
ഈണങ്ങൾക്ക് അകലെയായ്
ആ വരുന്ന
വസന്തമഴവില്ലും
ദൂരെയായി
മണ്ണിന്റെ ചുണ്ടിൽ
ഒരിറ്റ് നനവും
മാത്രം മതി
വീണ്ടും പുഴയൊഴുകാൻ
നിറഞ്ഞു തുളുമ്പുന്ന
സ്നേഹവുമായി.

No Comment.