
കവിത
മൗനത്തിന്റെ രഹസ്യം
രചന
നിഥിൻകുമാർ ജെ പത്തനാപുരം
മൗനത്തിന്റെ രഹസ്യം
മൂടപ്പെട്ടക്കുഴിയിൽ
ആഴിയുടെ ഹൃദയഭാരമേറി.
മണൽകുന്നുകൾ
ചൂടിന്റെ നോവിൽ
ഇടനേരമില്ലാതെയലഞ്ഞു.
ഇവിടെ സ്നേഹത്തിനൊരു
തൂവലിന്റെ ചന്തമില്ല,
ഇവിടെ മോഹത്തിനൊരു
അതിരിന്റെ ചങ്ങലയില്ല.
ഇവിടെ ശ്വാസത്തിനൊരു
കടലാസ്സിന്റെ വിലയുമില്ല.
ശാന്തമെന്ന് തോന്നുമാ
പുഴയുടെ ഉദരത്തിൽ
ഊർന്നിറങ്ങും
ചെറുകൃമികളുടെ കൂട്ടമുണ്ട്.
പിന്നെയോ?
അടിത്താഴ്ചയിൽ കടന്നലുകൾ
കുറുകും പോലൊരു
ശബ്ദമുയർന്നു പൊന്തും.
ചെറുപായൽ പടർപ്പിൽ
കുരുങ്ങിയൊടുങ്ങുന്ന
ജീവനുകൾ കണ്ടും
ഞാൻ എന്റെ മൗനത്തിന്റെ
രഹസ്യം ചിത്രക്കൂടിനുള്ളിൽ
കരുതിവെച്ചു.

No Comment.