Skip to content

chithrodayamflashnews.com

October 24, 2026 7:06 pm

മണ്ണ്

 

മരിച്ചു വീണയേതൊ
പക്ഷിതൻ തൂവൽ
പൊഴിഞ്ഞു വീണയിതളും
മണ്ണിനാൽ
പൊതിഞ്ഞിരുന്നു.

തൊലിയുരിഞ്ഞ
പാഴ്മരങ്ങൾക്ക് ചുറ്റും
അഗ്നിയേറെ
നേരമായിയെരിഞ്ഞു
കരയുന്നു.

പെണ്ണുടൽ
കൊഞ്ചിക്കൂടി
കെഞ്ചി സ്വന്തമാക്കി
തഞ്ചത്തിൽ പകമാക്കി
അരിഞ്ഞു വിളമ്പി.

ഇറച്ചി രുചിയറിഞ്ഞ
നാവുകൾ നീട്ടി പരതിയതും
ഇതേ മണ്ണിൻ
മടിത്തട്ടിൽ

അമ്മയെന്ന
രണ്ടക്ഷരത്തിന്
അർത്ഥം മാറിയ
രാവുകൾ.

പെങ്ങളെന്ന
മൂന്നക്ഷരത്തിന്
അർത്ഥമില്ലാതെ പോയ
പകലുകൾ.

ഒടുവിൽ
പെൺപക്ഷി
ചിറക് അടർത്തി കരിച്ചതും
മാംസം സ്വയം
കൊത്തി തിന്നതും
ഇതേ മണ്ണിൻ
മടിത്തട്ടിൽ

ഇതാണ് മണ്ണ്
ഉടൽ ചേരാനും
അലിയാനും
മണ്ണായി മാറാനും
വളമേറെയുള്ള
മണ്ണ്.

 

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6