ലൈം ഗിക ബന്ധത്തിലേർപ്പെട്ട വിവരം പുറത്തുപറയാതിരിക്കാൻ നീലച്ചിത്രനടിക്ക് നൽകിയത് വൻതുക; ശിക്ഷ റദ്ദാക്കണമെന്ന ട്രംപിന്റെ അപേക്ഷ കോടതി തള്ളി
ന്യൂയോർക്ക്: ലൈം ഗിക ബന്ധത്തിലേർപ്പെട്ട വിവരം പുറത്തുപറയാതിരിക്കാൻ നീലച്ചിത്രനടി സ്റ്റോമി ഡാനിയേൽസിന് പണം കൊടുത്തെന്ന കേസിൽ ശിക്ഷ റദ്ദാക്കണമെന്ന നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അപേക്ഷ കോടതി തള്ളി. പ്രസിഡന്റിനുള്ള പ്രത്യേക പരിരക്ഷയുടെ പരിധിയിൽ വരുന്ന കേസല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ന്യൂയോർക്ക് കോടതി ട്രംപിന്റെ അപേക്ഷ തള്ളിയത്. താനുമായി ശാരീരിക ബന്ധത്തിലേർപ്പെട്ട കാര്യം വെളിപ്പെടുത്താതിരിക്കാൻ ട്രംപ് 2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് സ്റ്റോമി ഡാനിയൽസിന് വൻതുക നൽകിയെന്നാണ് കേസ്. ഈ കേസിൽ മൻഹാട്ടൻ കോടതി ട്രംപിന്റെപേരിൽ ക്രിമിനൽക്കുറ്റം ചുമത്തിയിരുന്നു.
പ്രസിഡന്റായിരിക്കേയുള്ള പ്രവൃത്തികളിൽ പ്രോസിക്യൂഷൻ പരിരക്ഷ ഉണ്ടെന്നു കഴിഞ്ഞ ജൂലൈയിൽ യുഎസ് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിധിയുടെ അടിസ്ഥാനത്തിലായിരുന്നു ട്രംപ് ന്യൂയോർക്ക് കോടതിയിൽ അപ്പീൽ നൽകിയത്. പ്രസിഡന്റ് എന്ന നിലയിലല്ല വ്യക്തിയെന്ന നിലയിലുള്ള പ്രവ്യത്തിയുടെ പേരിലാണു കേസെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ജഡ്ജി ഹുവാൻ മർച്ചന്റ് ഈ വാദം അംഗീകരിച്ചു. ഇതു പ്രസിഡന്റിനുള്ള പ്രത്യേക പരിരക്ഷയുടെ പരിധിയിൽ വരില്ലെന്ന വാദവും കോടതി അംഗീകരിച്ചു. ഇതോടെ ജനുവരി 20നു അധികാരമേൽക്കും മുൻപ് എല്ലാ ക്രിമിനൽ കേസുകളിൽനിന്നും കുറ്റവിമുക്തനാകാനുള്ള ട്രംപിന്റെ നീക്കം പാളിയിരിക്കുകയാണ്.
2016 ലെ തിരഞ്ഞെടുപ്പ് പ്രചാരണകാലത്തു ട്രംപിനെതിരെ ആരോപണം ഉന്നയിക്കാതിരുന്നതിനുള്ള പ്രതിഫലമായി നടിക്കു ട്രംപിന്റെ മുൻ അഭിഭാഷകൻ പണം നൽകിയിരുന്നു. പണം കൊടുത്തതു മറച്ചുവയ്ക്കാൻ ഒന്നാം ട്രംപ് ഭരണകാലത്ത് ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയെന്ന കേസിൽ മൻഹാട്ടൻ കോടതി ജൂറി, കഴിഞ്ഞ മേയിലാണു ട്രംപിനെ ശിക്ഷിച്ചത്.
ട്രംപുമായുള്ള ബന്ധം വെളിപ്പെടുത്തിയിട്ടും ഒന്നും സംഭവിച്ചില്ലെന്ന് നീലച്ചിത്രനടി സ്റ്റോമി ഡാനിയേൽസ് വെളിപ്പെടുത്തിയിരുന്നു. തന്റെ തുറന്നു പറച്ചിലിൽ നിരാശ തോന്നുന്നെന്നും താരം കഴിഞ്ഞ വർഷം ഒരു ബ്രിട്ടീഷ് ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ അനുയായികൾ തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയിരുന്നെന്നും താരം പറയുന്നു.
‘‘ഞാൻ പരാജിതയായതായി തോന്നുന്നില്ല, സത്യമാണ് പറഞ്ഞത്. എന്നാൽ, ഒന്നും സംഭവിച്ചില്ല.’’ – ബ്രിട്ടീഷ് ടെലിവിഷൻ ചാനലിനോട് നടി പറഞ്ഞു. ആളുകൾക്ക് സത്യമറിയാനോ സമൂഹത്തിൽ മാറ്റമുണ്ടാക്കാനോ അല്ല താത്പര്യം. ട്രംപിന്റെ അനുയായികൾ തന്നെയും കുടുംബത്തെയും കൂട്ടുകാരെയും ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തെന്നും സ്റ്റോമി പറഞ്ഞു.
No Comment.