ചെന്നൈ: പുതുച്ചേരിയിൽ ക്രിപ്റ്റോ കറൻസി തട്ടിപ്പുമായി ബന്ധപ്പെട്ട് നടിമാരായ തമന്ന, കാജൽ അഗർവാൾ എന്നിവരെ പൊലീസ് ചോദ്യം ചെയ്യും. ഇതിനായി ഇരുവർക്കും നോട്ടീസ് അയക്കാനാണ് സൈബർ ക്രൈം പൊലീസിന്റെ നീക്കം. കേസിൽ തമന്നയെ നേരത്തേ ഇഡി ചോദ്യം ചെയ്തിരുന്നു. ബിറ്റ്കൊയിന്റെയും ക്രിപ്റ്റോ കറൻസിയുടേയും പേരിൽ നിരവധി നിക്ഷേപകർ തട്ടിപ്പിന് ഇരയായി എന്ന പരാതിയിലാണ് അന്വേഷണം. തട്ടിപ്പിന് ഉപയോഗിച്ച ആപ്പിന്റെ പരിപാടിയിൽ നടിമാർ പണം വാങ്ങി പങ്കെടുത്തിരുന്നതായാണ് വിവരം.
തമന്ന, കാജൽ അഗർവാൾ എന്നിവർ കമ്പനിയുടെ ഉദ്ഘാടനത്തിനും പ്രചാരണത്തിനും പണം കൈപ്പറ്റിയതായി പൊലീസ് പറയുന്നു. തമന്നയ്ക്ക് 34 ലക്ഷം രൂപയും കാജൽ അഗർവാളിന് 28 ലക്ഷം രൂപയും നൽകിയെന്നാണ് ആരോപണം. ഇതേത്തുടർന്നാണ് ഇരുവർക്കും നോട്ടിസ് അയയ്ക്കാൻ പൊലീസ് തീരുമാനിച്ചത്. കേസിലെ പ്രധാന പ്രതിയായ ദുബായ് സ്വദേശിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നു സൈബർ ക്രൈം പൊലീസ് അറിയിച്ചു.
മുൻ കേന്ദ്ര സർക്കാർ ജീവനക്കാരന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് വൻ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവന്നത്. തന്റെ 98 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നായിരുന്നു റിട്ടയേർഡ് കേന്ദ്രസർക്കാർ ജീവനക്കാരന്റെ പരാതി. അന്വേഷണത്തിൽ അഷ്പെ എന്ന വെബ്സൈറ്റ് നിർമിച്ചയാൾ അടക്കം 5 പേർ പിടിയിലായിരുന്നു. ഇവരിൽ നിന്ന് രണ്ടു കാറുകൾ, മൊബൈൽ ഫോൺ, ലാപ്ടോപ്, പണം എന്നിവയും പിടിച്ചെടുത്തു.
No Comment.