ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ബി.ജെ.പി മുന്‍ വക്താവ് ആരതി സാഠേ ഉള്‍പ്പെടെയുള്ള മൂന്നുപേരെ ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കാനുള്ള സുപ്രിംകോടതി കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു.
ബി.ജെ.പി വക്താവായി പൊതുരംഗത്ത് സജീവമായിരുന്ന ആരതിയെ ജഡ്ജിയാക്കാനുള്ള ശുപാര്‍ശയ്ക്കെതിരേ പ്രതിപക്ഷം ഉയര്‍ത്തിയ എതിര്‍പ്പ് വകവയ്ക്കാതെയാണ് ശുപാര്‍ശ അംഗീകരിച്ച് കേന്ദ്ര നിയമകാര്യമന്ത്രാലയം ഇന്നലെ വിജ്ഞാപനം ഇറക്കിയത്. ആരതിക്കൊപ്പം അഭിഭാഷകരായ അജിത് കാദേതാങ്കര്, സുശീല്‍ ഘോഡേശ്വര്‍ എന്നിവരെയും ജഡ്ജിമാരായി നിയമിച്ചിട്ടുണ്ട്.
സുപ്രിംകോടതി കൊളീജിയം ജൂലൈ 28ന് ചേര്‍ന്ന യോഗമാണ് നിയമനത്തിന് അംഗീകാരം നല്‍കിയത്. അടുത്തിടെ വരെ ആരതി സംഘ്പരിവാരിന്റെ ഔദ്യോഗിക വക്താവായിരുന്നുവെന്ന വിവരം പുറത്തുവന്നതോടെ സംഭവം മഹാരാഷ്ട്രയില്‍ രാഷ്ട്രീയ കൊടുങ്കാറ്റിന് കാരണമായിരുന്നു. ആരതിയെ ബിജെപി വക്താവായി നിയമിച്ചതിന്റെ കത്തിന്റെ സ്ക്രീന്‍ഷോട്ട് എംഎല്‍എയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (ശരദ് പവാര്‍ വിഭാഗം) ജനറല്‍ സെക്രട്ടറിയുമായ രോഹിത് പവാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവാദം ചൂടുപിടിച്ചത്.
ഭരണകക്ഷിക്ക് വേണ്ടി പരസ്യമായി സംസാരിക്കുന്ന ഒരാളെ ജഡ്ജിയായി നിയമിക്കുന്നത് ജനാധിപത്യത്തിന് നേരിട്ടുള്ള പ്രഹരമാണെന്നും പവാര്‍ അഭിപ്രായപ്പെട്ടിരുന്നു. രാഷ്ട്രീയ ബന്ധമുള്ളവരെ ജഡ്ജിമാരാക്കുകയാണെങ്കില്, അത് ജുഡീഷ്യറിയെ ഒരു രാഷ്ട്രീയ മേഖലയാക്കി മാറ്റുകയല്ലേ? അത്തരം നിയമനങ്ങള്‍ ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തെയും പൊതുജനവിശ്വാസത്തെയും ദുര്‍ബലപ്പെടുത്തുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.
അതേസമയം, ആരതി നേരത്തെ പാര്‍ട്ടി വക്താവായിരുന്നുവെന്ന് സ്ഥിരീകരിച്ച മഹാരാഷ്ട്ര ബി.ജെ.പി, ജുഡീഷ്യല്‍ നിയമനത്തിന് മുമ്ബ് അവര്‍ തസ്തികയില്‍ നിന്ന് രാജിവച്ചതായും അറിയിച്ചു
No Comment.