ലക്ഷ്യങ്ങള്‍ കീഴടക്കാന്‍ പ്രായം പോലും ഒരു തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് 52 വയസ്സുകാരിയായ ഒരു വീട്ടമ്മ. ജീവിതത്തിലാദ്യമായി സ്വന്തം പരിശ്രമത്തിലൂടെ വരുമാനം കണ്ടെത്തിയ സന്തോഷം പങ്കുവെക്കുന്ന ഇവരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്. വെറും ആറുമാസത്തെ പരിശ്രമത്തിലൂടെ യൂട്യൂബില്‍ നിന്നാണ് ഇവര്‍ ആദ്യ പ്രതിഫലം നേടിയെടുത്തത്.
അന്‍ഷുല്‍ പരീഖ് എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ച വീഡിയോയില്‍, തന്റെ ഫോണിലെ വരുമാന വിവരം കണ്ട് വികാരാധീനയായി ഇരിക്കുന്ന അമ്മയെ കാണാം. ‘എന്താണ് സംഭവിച്ചത്?’ എന്ന മകളുടെ ചോദ്യത്തിന്, ‘എന്റെ ജീവിതത്തിലെ ആദ്യത്തെ വരുമാനം ഞാന്‍ നേടിയിരിക്കുന്നു. 52ാം വയസ്സില്‍, വെറും ആറുമാസം കൊണ്ടാണ് യൂട്യൂബിലൂടെ ഞാന്‍ ഇത് നേടിയെടുത്തത്’ എന്ന് അഭിമാനത്തോടെ ഇവര്‍ മറുപടി നല്‍കുന്നു. സ്വപ്നങ്ങള്‍ക്ക് പ്രായമില്ല, കഠിനാധ്വാനത്തിന് പ്രായപരിധിയില്ല’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. യൂട്യൂബ് ക്രിയേറ്റേഴ്‌സ് ഇന്ത്യയും നേട്ടത്തെ അഭിനന്ദിച്ച് കമന്റിട്ടിട്ടുണ്ട്.
വീഡിയോ വൈറലായതോടെ പ്രായം വെറുമൊരു അക്കം മാത്രമാണെന്നും പുതിയ കാര്യങ്ങള്‍ പഠിക്കാനും വിജയിക്കാനും വൈകിയിട്ടില്ലെന്നും വീഡിയോക്ക് താഴെ നിരവധി പേര്‍ കമന്റ് ചെയ്തു. എന്നാല്‍ എത്ര തുകയാണ് ലഭിച്ചതെന്ന് വെളിപ്പെടുത്തിയിട്ടില്ല. യൂട്യൂബിലൂടെ ലഭിക്കുന്ന വരുമാനമെത്രയെന്ന് വ്യക്തമാക്കുന്നത് യൂട്യൂബിന്റെ നയങ്ങള്‍ക്കെതിരാണ്.
No Comment.