ദുരൂഹ സാഹചര്യത്തിൽ ബിഹാറിൽ മരിച്ച മലയാളി ബാസ്‌കറ്റ് ബോൾ താരം കെ.സി. ലിതാരയുടെ കുടുംബം ഇന്ന് ആരും കൈപിടിക്കാത്ത അവസ്ഥയിൽ പെരുവഴിയിലേക്കിറങ്ങേണ്ട ഗതികേടിലാണ്.
ജോലി ലഭിച്ചപ്പോൾ മാതാപിതാക്കൾക്ക് സ്വന്തമായൊരു സുരക്ഷിത വീട് ഒരുക്കണമെന്ന ആഗ്രഹത്തിലാണ് ലിതാര പഴയ വീട് പൊളിച്ച് പുതിയത് നിർമ്മിക്കാൻ തീരുമാനിച്ചത്. അതിനായി ബാങ്കിൽ നിന്ന് 16 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. എന്നാൽ വിധിയുടെ ക്രൂരതയിൽ ലിതാരയെ മരണത്തിലേക്ക് തള്ളിയതോടെ ആ വീടിന്റെ നിർമ്മാണവും സ്വപ്നങ്ങളും വഴിമുട്ടി.
കൂലിപ്പണിക്കാരനായ അച്ഛൻ കരുണന് ലഭിക്കുന്ന തുച്ഛമായ വരുമാനം, അർബുദബാധിതയായ അമ്മ ലളിതയുടെ ചികിത്സയ്ക്കുപോലും മതിയാകാത്ത അവസ്ഥയാണ്. ഇതിനിടെയാണ് ഏകദേശം 22 ലക്ഷം രൂപ കുടിശ്ശിക അടയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് അധികൃതർ ജപ്തി നടപടികളുമായി രംഗത്തെത്തിയത്.
മരണത്തിന് മുൻപ് തന്റെ കോച്ചിൽ നിന്ന് ശാരീരികവും മാനസികവുമായ ഉപദ്രവങ്ങൾ നേരിടേണ്ടിവരുന്നുണ്ടെന്ന് ലിതാര സുഹൃത്തുക്കളോടും വീട്ടുകാരോടും പറഞ്ഞിരുന്നതായി കുടുംബം പറയുന്നു. എന്നാൽ മകളുടെ മരണത്തിന് ശേഷം വർഷങ്ങൾ കഴിഞ്ഞിട്ടും മരണ റിപ്പോർട്ടോ, മൊബൈൽ ഫോണോ, ആഭരണങ്ങളോ പോലും ഈ മാതാപിതാക്കൾക്ക് ലഭിച്ചിട്ടില്ല.
നീതിക്കായുള്ള പോരാട്ടത്തിനിടയിൽ കിടപ്പാടംകൂടി നഷ്ടപ്പെടുമെന്ന ഭീതിയിലാണ് ഈ കുടുംബം.
കാൻസർ ബാധിതയായ അമ്മയും പ്രായാധിക്യമുള്ള അച്ഛനും ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷപെടാൻ സുമനസ്സുകളുടെ കാരുണ്യം തേടുകയാണ്.
രാജ്യത്തിന് അഭിമാനമാകേണ്ടിയിരുന്ന ഒരു കായികതാരത്തിന്റെ മാതാപിതാക്കളെ പെരുവഴിയിലേക്ക് തള്ളിവിടാതെ രക്ഷിക്കാൻ ഇനിയെങ്കിലും അധികൃതർ ഇടപെടുമോ എന്ന ചോദ്യമാണ് ഇന്ന് കേരളം ഉറ്റുനോക്കുന്നത്.
No Comment.