ലണ്ടൻ: വെള്ളക്കുപ്പായമണിഞ്ഞ് ഡോക്ടറായി സേവനമിറങ്ങാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. പ്രിയപ്പെട്ട മകൻ ഡോക്ടറാകുന്നത് കാണാൻ കാത്തിരുന്ന മാതാപിതാക്കൾക്കും സഹോദരിക്കും മുന്നിലേക്ക് എത്തിയത് സ്റ്റെഫാന്റെ മരണ വാർത്തയായിരുന്നു. ലണ്ടനിലെ ലൂട്ടനിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശിയായ സ്റ്റെഫാൻ വർഗീസ് (23) വിടവാങ്ങുമ്പോൾ പ്രവാസി മലയാളി സമൂഹത്തിന് അത് ഉൾക്കൊള്ളാനാവാത്ത വേദനയായി മാറുന്നു..
ലെസ്റ്റർ യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ വിദ്യാർത്ഥിയായ സ്റ്റെഫാൻ തന്റെ പ്ലേസ്മെന്റിന്റെ ഭാഗമായി പീറ്റർബറോയിൽ താമസിച്ചു വരിക ആയിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തി രാത്രിയിൽ മാതാപിതാക്കളുമായി സംസാരിച്ചതാണ്. എന്നാൽ പിറ്റേന്ന് പ്രഭാതം സ്റ്റെഫാനെ ഉണർത്തിയില്ല. ലാപ്ടോപ്പിന് മുന്നിലെ കസേരയിൽ ഇരിക്കുന്ന നിലയിൽ തന്നെ ആ ജീവൻ പൊലിഞ്ഞു. ഹൃദയാഘാതമാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
തിരുവല്ല പുതുശ്ശേരി സ്വദേശികളായ ഡോ. വിനോദ് വർഗീസിന്റെയും ഗ്രേസ് വർഗീസിന്റെയും സ്വപ്നമായിരുന്നു മകൻ. ആത്മീയ കാര്യങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുൻപന്തിയില്‍ ഉണ്ടായിരുന്ന സ്റ്റെഫാൻ പ്രിയപ്പെട്ടവർക്കെല്ലാം ഒരുപോലെ പ്രിയപ്പെട്ടവനായിരുന്നു. ലണ്ടനിലെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് അംഗമായ ഈ കുടുംബത്തെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ വിഷമിക്കുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും.
No Comment.