ജീവിതം കടുത്ത പരീക്ഷണങ്ങള് മുന്നിലേക്ക് വെച്ചപ്പോഴും പതറാതെ പോരാടി വിജയം കൊയ്ത പെണ് കുരത്താണ് ജാസ്മിൻ അജി. പരിമിതികളെ തോല്പ്പിച്ച് മുന്നേറിയ ഈ വീട്ടമ്മയുടെ ജീവിതം ഇന്ന് ലക്ഷക്കണക്കിന് ആളുകള്ക്ക് പ്രചോദനമാണ്.
കണ്ണുനീരില് നിന്ന് വിജയത്തിലേക്കാണ് കോട്ടയത്തെ മേരിലാൻഡില് ജനിച്ച ജാസ്മിൻ പൊരുതിക്കയറിയത്. ഇക്കണോമിക്സില് ബിരുദം നേടിയ ശേഷം സ്വന്തമായി ഒരു സംരംഭം തുടങ്ങണമെന്ന ആഗ്രഹത്തോടെ ബ്യൂട്ടീഷ്യൻ കോഴ്സും തയ്യലും പഠിച്ചിരുന്നു. എന്നാല് വിവാഹശേഷം ജീവിതം മാറിമറിഞ്ഞു. തന്റെ ആദ്യ കണ്മണി അഖിലിന് സെറിബ്രല് പാഴ്സി ആണെന്ന് തിരിച്ചറിഞ്ഞതായിരുന്നു ആദ്യ പ്രഹരം. മകന്റെ ചികിത്സയ്ക്കായി ആശുപത്രികള് തോറും കയറിയിറങ്ങുന്നതിനിടയിലാണ് രണ്ടാമത്തെ ആഘാതമായി റെറ്റിനൈറ്റിസ് പിഗ്മെന്റോസ എന്ന രോഗം ജാസ്മിനെ തേടിയെത്തുന്നത്. കാലക്രമേണ താൻ പൂർണ്ണമായും അന്ധയാകുമെന്ന് ജാസ്മിൻ തിരിച്ചറിഞ്ഞു.
എന്നാല് സ്വന്തമായൊരു സംരംഭം തുടങ്ങണമെന്ന ആഗ്രഹം മനസില് കിടന്നിരുന്നു. അലിടെ നിന്നാണ് ജാസ്മിൻ അജി അപ്പൂസ് ഫുഡ്സ് എന്ന സംരംഭം ആരംഭിച്ചത്. തന്റെ അമ്മ പണ്ട് വീട്ടില് തയ്യാറാക്കിയിരുന്ന ചേരുവകളില് മാറ്റം വരുത്തി ജാസ്മിൻ നെയ്യപ്പം നിർമ്മിച്ചു തുടങ്ങി. ഭർത്താവ് അജിയുടെ കടയില് വെച്ച് വില്ക്കാൻ തുടങ്ങിയ ആ അപ്പങ്ങള് പെട്ടെന്നുതന്നെ ജനപ്രിയമായി. മകൻ അഖിലിന്റെ ‘അപ്പു’ എന്ന ഓമനപ്പേരില് നിന്നാണ് ‘അപ്പൂസ് ഫുഡ്സ്’ എന്ന ബ്രാൻഡ് പിറവിയെടുത്തത്.അന്ധതയെ തോല്പ്പിച്ച ഇച്ഛാശക്തി കാഴ്ച പൂർണ്ണമായും നഷ്ടപ്പെടുമെന്ന് ഉറപ്പായപ്പോള്, ജോലി തടസ്സപ്പെടാതിരിക്കാൻ കണ്ണുകെട്ടി ജോലി ചെയ്ത് ജാസ്മിൻ സ്വയം ശീലിച്ചു.
ഇന്ന് പൂർണ്ണമായും അന്ധത ബാധിച്ചിട്ടും അപ്പത്തിനുള്ള മാവ് കുഴക്കുന്നതും വീട്ടുകാര്യങ്ങള് നോക്കുന്നതും ജാസ്മിൻ തന്നെയാണ്. ഇന്ന് ഭരനങ്ങാനം പള്ളിയിലെയും മലബാറിലെ എട്ടു രൂപതകളിലെ പള്ളികളിലെയും പ്രധാന നേർച്ചയപ്പമാണ് അപ്പൂസ് ഫുഡ്സിന്റേത്. കഴിഞ്ഞ അല്ഫോൻസാമ്മയുടെ തിരുനാളിന് മാത്രം 7 ലക്ഷം അപ്പങ്ങളാണ് ജാസ്മിനും കൂട്ടരും നിർമ്മിച്ചത്. പത്ത് ദിവസത്തെ ആ തിരുനാള് കാലയളവില് മാത്രം 30-ഓളം വീട്ടമ്മമാർക്ക് രണ്ട് ലക്ഷം രൂപയോളം കൂലിയായി നല്കാൻ അവർക്ക് സാധിച്ചു. കഴിഞ്ഞ വർഷം മാത്രം 75 ലക്ഷം രൂപയുടെ കച്ചവടമാണ് ജാസ്മിൻ നടത്തിയത്. ദുരിതപർവ്വങ്ങള് താണ്ടി വിജയത്തിന്റെ ഉച്ചിയിലെത്തിയ ഈ ‘അപ്പങ്ങളുടെ അമ്മയെ’യാണ് ഇത്തവണ കൈരളി ജ്വാല അവാർഡ് 2026 ല് ചെയർമാൻ മമ്മൂട്ടിയുടെ പ്രത്യേക പുരസ്കാരത്തിന് അർഹയായത്…
No Comment.