വിശാഖപട്ടണം: ഒരു ഡേറ്റിംഗ് ആപ്പിൽ തുടങ്ങിയ സൗഹൃദം ഒരു കുടുംബത്തെ തന്നെ ഉലച്ചുകൊണ്ട് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചു. നേവി ഉദ്യോഗസ്ഥനായ ചിന്താട രവീന്ദ്ര (35), പൊളിപ്പള്ളി മൗനിക (29) എന്ന യുവതിയെ വകവരുത്തിയ ശേഷം മൃതദേഹം പല ഭാഗങ്ങളായി വെട്ടിമുറിച്ച് ഫ്രിഡ്ജിൽ ഒളിപ്പിച്ചു. താൻ ചെയ്ത തെറ്റ് സമ്മതിച്ച് പ്രതി പോലീസിൽ കീഴടങ്ങിയതോടെയാണ് ഈ നെഞ്ചുപൊള്ളിക്കുന്ന ക്രൂരതയുടെ വിവരങ്ങൾ പുറത്തുവരുന്നത്.
ഭാര്യ വീട്ടിലില്ലാത്ത സമയം നോക്കിയാണ് രവീന്ദ്ര മൗനികയെ സ്വന്തം വീട്ടിലേക്ക് വിളിച്ചത്. അവിടെവച്ചുണ്ടായ വഴക്കിനിടയിൽ പ്രകോപിതനായ അയാൾ യുവതിയെ കൊലപ്പെടുത്തി. കൊലപാതക ശേഷം തെളിവ് നശിപ്പിക്കാനായി ശരീരം പല കഷണങ്ങളാക്കി മുറിച്ചുവെന്നും, മൃതദേഹത്തിന്റെ ചില ഭാഗങ്ങൾ ബാഗിൽ നിറച്ച് ദൂര സ്ഥലത്ത് ഉപേക്ഷിച്ചുവെന്നും ബാക്കിയുള്ളവ ഫ്രിഡ്ജിൽ ഒളിപ്പിച്ചുവെന്നും പ്രതി പോലീസിനോട് സമ്മതിച്ചു.
തന്നിൽ നിന്നും കൈപ്പറ്റിയ 3.5 ലക്ഷം രൂപ തിരികെ ചോദിച്ചപ്പോൾ ഭാര്യയോട് ബന്ധത്തെപ്പറ്റി പറയുമെന്ന് മൗനിക ഭീഷണിപ്പെടുത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് രവീന്ദ്ര പറഞ്ഞത്. വീട്ടിൽ പരിശോധന നടത്തിയ പോലീസ് ഫ്രിഡ്ജിൽ നിന്നും വീടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ശരീരഭാഗങ്ങൾ കണ്ടെടുത്തു. മൗനികയുടെ തല കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
No Comment.