ഗുജറാത്ത്: 15 വർഷത്തിലധികം ഒരു കുടുംബത്തിലെ അംഗത്തെപ്പോലെ കഴിഞ്ഞ രേഖ റാത്തോഡ് എന്ന സ്ത്രീ, തനിക്ക് അന്നം നൽകിയ കൈകൾ തന്നെ ഇല്ലാതാക്കുമെന്ന് ആരും കരുതിയിരുന്നില്ല. ശാന്തി ബെൻ അകെഡിവാല എന്ന വീട്ടമ്മയ്ക്ക് രേഖ വെറുമൊരു ജോലിക്കാരിയായിരുന്നില്ല, മറിച്ച് എല്ലാ കാര്യങ്ങളും പങ്കുവെച്ചിരുന്ന ആത്മമിത്രമായിരുന്നു. ആ വിശ്വാസമാണ് ഒടുവിൽ ശാന്തി ബെന്നിൻ്റെ ജീവനെടുത്തത്..
സ്വന്തമായി ഒരു ഫർണിച്ചർ ബിസിനസ് തുടങ്ങാൻ ആഗ്രഹിച്ച രേഖയെ സഹായിക്കാൻ ശാന്തി ബെൻ ഒട്ടും മടിച്ചില്ല. വലിയൊരു തുക പണമായും സ്വന്തം സ്വർണാഭരണങ്ങൾ ഊരി നൽകിയും അവർ രേഖയെ സഹായിച്ചു. എന്നാൽ ബിസിനസിൽ പരാജയപ്പെട്ട രേഖയ്ക്ക്, ആ സ്വർണവും പണവും തിരികെ നൽകുന്നതിനേക്കാൾ ലാഭം തൻ്റെ ഉറ്റ സുഹൃത്തിനെ ഇല്ലാതാക്കുന്നതാണെന്ന് തോന്നിത്തുടങ്ങിയടത്താണ് ഈ കൃത്യത്തിന്റെ തുടക്കം.
മാർച്ച് 22ന് പണം നൽകാമെന്ന് വിശ്വസിപ്പിച്ച് ശാന്തി ബെന്നിനെ രേഖ തൻ്റെ കടയിലേക്ക് വിളിച്ചുവരുത്തി. അവിടെവെച്ച് സ്നേഹപൂർവ്വം നൽകിയ പാനീയത്തിൽ മരുന്ന് കലർത്തി അവരെ അബോധാവസ്ഥയിലാക്കി. തുടർന്ന് 4 സഹായികളുടെ സാന്നിധ്യത്തിൽ ആ പാവം വീട്ടമ്മയെ ഇല്ലാതാക്കി. ശേഷം ഒരു ചാക്കിൽ കെട്ടി ആരും കാണാത്ത പഴയൊരു ഷോറൂമിൻ്റെ ഇരുളടഞ്ഞ ബേസ്മെൻ്റിൽ ഉപേക്ഷിച്ചപ്പോൾ രേഖയുടെ ഉള്ളിൽ സൗഹൃദത്തിൻ്റെ ഒരംശം പോലും ബാക്കിയുണ്ടായിരുന്നില്ല..
അമ്മയെ കാണാനില്ലെന്ന് പരാതിയുമായി അലഞ്ഞ മകൾ നാൻസിയും സഹോദരി കൈലാഷ് ബെന്നും ഒടുവിൽ ആ ശരീരം കണ്ടെത്തിയപ്പോൾ തകർന്നുപോയി. സ്നേഹിച്ചവരിൽ നിന്ന് ഇത്തരമൊരു വഞ്ചന ഏറ്റുവാങ്ങേണ്ടി വന്നതിൻ്റെ വേദനയിൽ അവർ കനത്ത പ്രതിഷേധത്തിലാണ്. പ്രതികളെ വെറുതെ വിടരുതെന്നും, അവർ ചെയ്ത ക്രൂരതയ്ക്ക് അർഹമായ ശിക്ഷ സമൂഹത്തിന് മുന്നിൽ വെച്ച് തന്നെ നൽകണമെന്നും ആ കണ്ണുനീർ വിളിച്ചുപറയുന്നു..
‘വിശ്വാസം വെറും വാക്കല്ലെന്ന് കരുതിയ ഒരു അമ്മയുടെ ജീവനാണ് ഇവിടെ പൊലിഞ്ഞത്. സ്നേഹത്തിന് പകരമായി അവർക്ക് ലഭിച്ചത് ക്രൂരമായ മരണവും ഉപേക്ഷിക്കപ്പെട്ട ഒരു ബേസ്മെൻ്റിലെ ഇരുട്ടുമാണ്.’
ഈ കേസിലെ മറ്റ് പ്രതികളെ കണ്ടെത്താനുള്ള ഊർജിതമായ തിരച്ചിലിലാണ് പോലീസ്. സ്വർണ്ണത്തിനും പണത്തിനും വേണ്ടി പടുത്തുയർത്തിയ ഈ ചതിയുടെ കഥ കേട്ട് മരവിക്കാത്ത മനസ്സുകൾ പാലൻപൂരിൽ ഇന്നില്ല..
No Comment.