കർണാടകയിലെ ഹാവേരി ജില്ലയിലുള്ള ഗൊഡചിഗൊണ്ട ഗ്രാമത്തിലാണ് സംഭവം. 63 വയസ്സുകാരിയായ രേണുകമ്മയ്ക്ക് രക്തസമ്മർദ്ദവും ഷുഗറും ഒരുമിച്ച് കുറഞ്ഞ് പെട്ടെന്ന് അബോധാവസ്ഥയിലായി. സ്ഥലത്തെത്തിയ പ്രാദേശിക ഡോക്ടർ പരിശോധിച്ച ശേഷം അവർ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. ശ്വാസമെടുക്കുന്നത് കാണാത്തതിനാൽ ബന്ധുക്കളും ആ വേർപാട് വിശ്വസിച്ചു.
പിറ്റേന്ന് രാവിലെ വീട്ടുമുറ്റത്ത് ശവസംസ്കാര ചടങ്ങുകൾക്കായുള്ള ഒരുക്കങ്ങൾ തുടങ്ങി. പന്തലിട്ടു, അടക്കം ചെയ്യാനുള്ള കുഴി വെട്ടി, ബന്ധുക്കളും നാട്ടുകാരും കണ്ണീരോടെ പൂമാലകളുമായി അന്ത്യോപചാരം അർപ്പിക്കാൻ കാത്തുനിൽക്കുന്നു. അന്ത്യകർമ്മങ്ങൾക്കിടയിൽ അമ്മയുടെ നെഞ്ച് ചെറുതായി അനങ്ങുന്നത് മകന്റെ ശ്രദ്ധയിൽപ്പെട്ടു. ഒട്ടും സമയം പാഴാക്കാതെ അവർ അമ്മയെയും കൊണ്ട് ആശുപത്രിയിലേക്ക് പാഞ്ഞു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് ഡോക്ടർമാർ കൃത്യസമയത്ത് ചികിത്സ നൽകിയതോടെ രേണുകമ്മ കണ്ണ് തുറന്നു!

രേണുകമ്മ കടുത്ത ‘ഡയബറ്റിക് കോമ’ (Diabetic Coma) അവസ്ഥയിലായതാണ് ശ്വാസം നിലച്ചതുപോലെ തോന്നാനും മരണപ്പെട്ടെന്ന് തെറ്റിദ്ധരിക്കാനും ഇടയാക്കിയതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
മകന്റെ ആ ഒരൊറ്റ ശ്രദ്ധയില്ലായിരുന്നെങ്കിൽ ജീവനോടെ ആ അമ്മ മണ്ണിലേക്ക് മറഞ്ഞുപോകുമായിരുന്നു… ശരിക്കും ജീവിതത്തിലേക്ക് ഒരു പുനർജന്മം!
No Comment.