അസമിൽ കോളേജ് വിദ്യാർത്ഥിനിയായ 22-കാരിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഗുവാഹത്തി സർവകലാശാല വിദ്യാർത്ഥിനിയായ നിമിഷ തകുരിയയാണ് ഒരുമിച്ച് താമസിച്ചിരുന്ന ഹോംസ്റ്റേയിൽ വെച്ച് ദാരുണമായി മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒപ്പം താമസിച്ചിരുന്ന കാമുകൻ ആഷിക് അലിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

കുറച്ചു നാളുകളായി ഇരുവരും ഒരു ഹോംസ്റ്റേയിലായിരുന്നു ഒരുമിച്ച് താമസിച്ചിരുന്നത്. അർദ്ധരാത്രിയോടെ മുറിയിൽ നിന്ന് യുവതിയുടെ നിലവിളി കേട്ടെത്തിയ ഹോംസ്റ്റേ ജീവനക്കാരാണ് നിമിഷയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിമിഷ തൂങ്ങിമരിക്കാൻ ശ്രമിച്ചതാണെന്നാണ് ആഷിക് അലി പോലീസിന് മൊഴി നൽകിയതെങ്കിലും, യുവതിയുടെ ശരീരമാസകലം ഗുരുതരമായ മുറിവുകളും ചതവുകളും കണ്ടെത്തിയത് കൊലപാതക സാധ്യതകളിലേക്ക് വിരൽചൂണ്ടുന്നു.
മരണത്തിന് തൊട്ടുമുമ്പ് കഴിഞ്ഞ ദിവസം അർദ്ധരാത്രി നിമിഷ അമ്മയെ ഫോണിൽ വിളിച്ച്, “അമ്മേ, ഇവർ എന്നെ കൊല്ലും” എന്ന് നിലവിളിച്ചതായാണ് കുടുംബത്തിന്റെ മൊഴി. ഇതിന് പിന്നാലെ കോൾ കട്ടാവുകയും പെൺകുട്ടിയുടെ ഫോൺ സ്വിച്ച് ഓഫ് ആവുകയും ചെയ്തു. ഭയന്നുപോയ മാതാപിതാക്കൾ ഉടൻതന്നെ അജാര പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും, അന്വേഷണം നടക്കുന്നതിനിടെയാണ് മരണവാർത്ത തേടിയെത്തിയത്. സംഭവത്തിൽ സമഗ്ര അന്വേഷണം പ്രഖ്യാപിച്ച പോലീസ്, ഹോംസ്റ്റേ ഉടമ ജയന്ത് സകിയെയും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തുവരികയയാണ്
No Comment.