പത്തൊൻപതുകാരിയായ ഹർഷദയെ സ്വന്തം അച്ഛനും പിതാവിന്റെ സഹോദരനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയെന്ന ഞെട്ടിക്കുന്ന സംഭവമാണ് മഹാരാഷ്ട്രയിലെ പൂനെയിൽ നിന്ന് പുറത്തുവരുന്നത്.
പെൺകുട്ടി സ്ഥിരമായി വീട്ടിൽ വൈകിയെത്തുന്നതും ലഹരി ഉപയോഗിക്കുന്നതും കുടുംബാംഗങ്ങളോടും ബന്ധുക്കളോടും മോശമായി പെരുമാറുന്നതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. വീട്ടുകാരുമായി നിരന്തരം വഴക്കിട്ടിരുന്ന ഹർഷദ, തനിക്കെതിരെ പ്രതികരിക്കുന്നവർക്കെതിരെ കേസ് നൽകുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് പറയുന്നു.
കഴിഞ്ഞ സെപ്റ്റംബർ 14-നാണ് കേസിനാസ്പദമായ സംഭവം.
രാത്രി വൈകി പുറത്തുപോയി ഡിന്നർ കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് അച്ഛനും അമ്മാവനും ചേർന്ന് ഹർഷദയെ കാറിൽ കൂട്ടിക്കൊണ്ടുപോയത്. യാത്രയ്ക്കിടെ കാറിനുള്ളിൽ വെച്ച് പെൺകുട്ടിയുടെ മുഖത്തേക്ക് മുളകുപൊടി വിതറിയ ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് കണ്ടെത്തൽ.

അന്നുതന്നെ സത്താറയിലെ റോഡരികിൽ നിന്ന് അജ്ഞാത മൃതദേഹം പോലീസ് കണ്ടെത്തി. വിജനമായ പ്രദേശമായതിനാൽ ആദ്യഘട്ടത്തിൽ അന്വേഷണ സംഘത്തിന് കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ല.
എന്നാൽ പോലീസ് അന്വേഷണം ശക്തമാക്കി. പ്രദേശത്തുകൂടി കടന്നുപോയ 2,000-ലധികം വാഹനങ്ങൾ പരിശോധിക്കുകയും നിരവധി സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്തു.
അവസാനം മൃതദേഹവുമായി എത്തിയതായി സംശയിക്കുന്ന വാഹനം പോലീസ് കണ്ടെത്തി. വാഹനത്തെ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന് പിന്നിൽ പെൺകുട്ടിയുടെ അച്ഛനും അമ്മാവനും ആണെന്ന വിവരം പുറത്തുവന്നത്.
15 ദിവസം നീണ്ട പഴുതടച്ച അന്വേഷണത്തിനൊടുവിൽ ഇരുവരെയും പൂനെ പോലീസ് അറസ്റ്റ് ചെയ്തു.
സ്വന്തം മകളെ കൊലപ്പെടുത്താൻ മാതാപിതാക്കളെ പോലും പ്രേരിപ്പിച്ചുവെന്ന് പറയപ്പെടുന്ന കുടുംബവൈരാഗ്യവും ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഈ സംഭവത്തിൽ വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്.
No Comment.