
കവികൾ കാലത്തിന്റെ
സത്യങ്ങൾക്ക് ചൂടും ചൂരും പകർന്നു
കവിത കുറിക്കുന്നവരാണ്…
ജീവിതത്തിന്റെ നേർക്കാഴ്ചകളിൽനിന്നും ഉയിർക്കൊള്ളുന്ന
ആ വരികൾക്ക് നേരിന്റെ ജീവനുണ്ടാകും…
കവിതയുടെ തനിമയുണ്ടാകും…
അതുകൊണ്ടുതന്നെ
കവിതകൾ കാലാതിവർത്തിയാകും…..
സ്നേഹത്തിന്റെ കരുതലിന്റെ കാരുണ്യത്തിന്റെ ത്യാഗത്തിന്റെ
സഹനത്തിന്റെ നേരിടങ്ങൾ കുറിക്കുന്നവർ കവികൾ….
സങ്കല്പങ്ങളുടെയും കാല്പനികതയുടെയും
ഋതുഭേദങ്ങൾക്ക് നിറച്ചാർത്ത് പകരുന്നവർ കവികൾ….
കാലവും മാറി
കഥയും മാറി,
പുതുമയുടെ കോലങ്ങൾ കെട്ടി
ചിലർ കവികളുടെ കുപ്പായമണിഞ്ഞു
ഇന്നിന്റെ കവികളായി
വായിൽതോന്നിയത് കോതയ്ക്കു പാട്ടായ്
അവർ കവിതയെ മാറ്റി മറിച്ച്
അവരും കുറിച്ചു “കവിതകൾ”…
പേരില്ലാക്കവിതകൾ..
അവാസ്തവ കവിതകൾ…
പലയിടങ്ങളിൽ നിന്നും
നേടും വാക്കുകൾ കുറേ
കടമെടുത്തു
കുറിച്ചുവച്ചവർ കവിതകളെന്നു തുല്യം ചാർത്തി വെടിപ്പാക്കി
നന്നായി കൈകഴുകി
ചൊരിഞ്ഞു
അനുവാചകന് തലപുണ്ണാക്കുവാൻ…..
പലവട്ടം വായിച്ചു നോക്കിയിട്ടും
ഉത്തരം കിട്ടാത്ത
അനർത്ഥങ്ങളുടെ വരികൾ….
സംശയം നിവാരണത്തിനായ്
വെറുതെയൊന്നു കവിയോട് ചോദിച്ചുപോയാൽ…
ഹാ.. കഷ്ടം കാണാം തനിനിറം വെടിപ്പായ്…
പിന്നെ പടപ്പുറപ്പാടായ്
തർക്കമായ്….
താൻകുറിച്ച വരികൾക്കുത്തരമേകാനൊട്ടു മറുപടിയില്ല…
നൽകുന്നു പകരം
പൊള്ള ന്യായങ്ങൾ വിടുവായാൽ..,
നൂറ്റിപ്പത്തുഗ്രൂപ്പിലിട്ടിട്ടും ആരുമൊന്നും ചൊല്ലിയില്ലാത്രേ…
അതുകൊണ്ടു കുറുക്കുറ്റം തീർന്ന സംഗതിയത്രേ…
ഒത്താശ നൽകുവാനുമുണ്ടാകും ചിലരെന്നതും അതിലേറെ സത്യം…
അറിയണം കവിതയെ കവിത്വത്തെ
കവിതയുടെ ആത്മാവിനെ…
നിറയണം ഹൃദയത്തിൽ
കാവ്യപ്രതീകങ്ങളും…
വിരിയണം തൂലികയിൽ
കവിതതൻ നറുമൊഴികളും…
കാവ്യം ചമയ്ക്കുന്നതു നമുക്കുവേണ്ടി മാത്രമല്ല
അനുവാചകന്റെ മനസ്സിലുമൊരു ചെറു ചലനമുണ്ടാക്കണം…
അതാവട്ടെ കവി ധർമ്മം..
അതാവട്ടെ കവിതതൻ കർമ്മവും…

സി.ജി. ഗിരിജൻ ആചാരി തോന്നല്ലൂർ
No Comment.