
ഓരോ ഇലകളും ഞെട്ടറ്റ് വീണു തുടങ്ങി. കാലം കടക്കും, പക്ഷെ ഇന്നത്തെ നഷ്ടങ്ങളെ തിരികെ ലഭിക്കില്ലല്ലൊ?വാസുദേവൻ താൻ നട്ട് വളർത്തിയ തേന്മാവിന് ചുവട്ടിൽ ചിന്തയിൽ മുഴുകിയിരിക്കുകയാണ്. തന്റെ ബാല്യകാലത്ത് താൻ നട്ട തൈമാവ്!
വളർന്നപ്പോൾ തന്നിക്ക് നൽകാൻ കഴിയാത്ത തണൽ താൻ നട്ട് വളർത്തിയ മാവ് നൽകുന്നു.മാവിന്റെ തണലിൽ, താങ്ങിൽ.. ആയിരമായിരം ജീവനുകൾ തങ്ങളുടെ ജീവിതം ജീവിക്കുന്നു. കഴിഞ്ഞ “എഴുപത് വർഷകാലം ഭൂമിയിൽ ഭാരമായി താൻ ജീവിച്ചു. ഒന്നിനും ഗുണമില്ലാത്തവന്റെ എഴുപത് വർഷത്തെ മാലിന്യം ഈ ഭൂമിയെറ്റെടുത്തു.”
വാസുദേവൻ ഇങ്ങനെയാണ്, അയാൾ പറയുന്നതിന്റെ പൊരുത്തവും പൊരുത്തക്കേടും ആർക്കും ബോധ്യമാകില്ല.എന്തൊക്കെയോ പറയുന്നു. ഇങ്ങനെ ജീവിക്കുന്നു. പതിനാലാം വയസിൽ കള്ളവണ്ടികയറി. ജനനം പോലും വെറുക്കപെട്ടിരുന്നു. ആണിന്റെ രൂപമുണ്ടായതായിരുന്നു വാസുദേവന്റെ കുറവ്.. പെണ്ണിന്റെ മനസ്സുമായി ജീവിക്കുന്നൊരാൾ എങ്ങനെയൊരു ആണായി സമൂഹത്തിൽ ഇടപെടും.? അറുപതു വർഷങ്ങൾക്ക് ശേഷമാണ് വാസുദേവൻ തന്റെ നാട്ടിൽ തിരികെയെത്തിയത്. തന്നെ പരിഹസിച്ചവരാരും ഇന്ന് ഭൂമിയിലില്ല.
തേന്മാവിന്റെ ചുവട്ടിൽ വാസുദേവൻ ഏറെ നേരമിരുന്നു. ഇവിടെ തനിക്കായിയാരുമില്ല.. താൻ ജീവിച്ച പത്ത് വർഷം. നരകമായിരുന്ന ഗ്രാമം.
വിശാലമായ ലോകത്ത് ആര് തിരിച്ചറിയും ഈ ദേശം.. ഇങ്ങനെ പതിനായിരം ദേശങ്ങൾ ചുറ്റുമുണ്ട്.കഥകൾ ഏറെ തനിക്ക് പറയാനുണ്ട്. കഥകൾ ഏറെ കേൾക്കാനുമുണ്ട്.. പറയാനും കേൾക്കാനും ഇന്നിവിടെ വാസുദേവനും തേൻമാവും മാത്രമുണ്ട്.
“പ്രതിക്ഷ നൽകിയവരാരും തിരിഞ്ഞുനോക്കാതെ പുതിയ ലോകത്തിന്റെ സുഖങ്ങളിലേക്ക് യാത്രതിരിച്ചു.”
തേന്മാവ് ഒരു ചെറു വിങ്ങലോടെ പറഞ്ഞു നിർത്തി.
വാസുവിന് ചിരിക്കാൻ തോന്നി.
“പതിമൂന്ന് മക്കളിൽ പന്ത്രണ്ടും സ്വയം കുടുംബം ഉപേക്ഷിച്ചു പോയി.. ഒരാളെ മാത്രം കുടുംബം തള്ളി കളയുകയും ചെയ്തു. ഒടുവിൽ ആ ഒരാൾ മാത്രം തിരികെ! “
തെരുവിൽ ഏറെനാൾ അലഞ്ഞു നടന്നു. വിശപ്പിനെ അതിജീവിക്കാൻ വാസുവിന് അധികനാൾ കഴിഞ്ഞില്ല. ഒടുവിൽ കള്ളവണ്ടികയറി. നരകജീവിതം എന്താണെന്ന് തിരിച്ചറിഞ്ഞ കുറച്ചു വർഷങ്ങൾ.. ശരീരികമായും മാനസികമായും വേദനതിന്ന രാവുകൾ, പകലുകൾ.
വാസുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. തേന്മാവിന് അയാളെ ആശ്വസിപ്പിക്കാൻ തോന്നിയിരിക്കാം. ഒരു ഇളം കാറ്റ് അയാളെ തഴുകിപോയി..
“പഴയ തറവാട് ഇന്നില്ല.. പഴയ മനുഷ്യരും..”
തേന്മാവ് പറഞ്ഞു.
വാസുദേവൻ പുഞ്ചിരിച്ചു.
“എന്തെ..?”
“ഒന്നുമില്ല.ഞാനിവിടെ ഇത്രദൂരം വന്നത് രണ്ട് കാര്യത്തിനായിട്ടാണ്. ഒന്ന് നിന്നെ കാണാൻ.. എന്റെ കണ്ണുകൾ നിറഞ്ഞത് ഏറെ കണ്ടത് നീ മാത്രമാണ്. എനിക്ക് സംസാരിക്കാൻ ഒരാളുണ്ടായിരുന്നത് നീ മാത്രമാണ്.ഇവിടെ വരും വരെ ഞാൻ ഭയന്നിരുന്നു. നിന്നെയും അവർ നശിപ്പിച്ചേക്കുമെന്ന്. ഒന്നിനെയും സംരക്ഷിക്കാൻ ഇന്നാർക്കും താല്പര്യമില്ല,നേരമില്ല.രണ്ട്, എന്നെപ്പോലുള്ള ആയിരങ്ങളെ പലദേശങ്ങളിലായി ഞാൻ കണ്ടു. പല സംസ്ക്കാരം,പല ഭാഷ.
ഏവരെയും ഈ തേന്മാവിന്റ തണലും കൊണ്ട് ജീവിക്കാനൊരു അവസരമൊരുക്കുകയാണ് ഞാൻ.പുതിയ ലോകത്തിൽ എല്ലാരും ജീവിക്കട്ടെ.”
ഒരു അണ്ണാറക്കണ്ണനും മൈനപെണ്ണും തമ്മിൽ ചെറിയ സൗന്ദര്യപിണക്കം. അണ്ണാറക്കണ്ണൻ പിണങ്ങി ചില്ലയിൽ നിന്നുമിറങ്ങി..
തേന്മാവ് പുഞ്ചിരിതൂകി..
“കഴിഞ്ഞ ഇത്രെയും വർഷങ്ങൾ മാലിന്യമായിരുന്ന ഞാനിന്ന് ഈ നിമിഷം മുതൽ മാതൃകയാകും. ഈ തറവാട് ഞാൻ വാങ്ങി.. ഈ ഗ്രാമത്തിന്റെ പലകോണിൽ നിന്നും സ്ഥലങ്ങൾ വാങ്ങി. ഈ നിമിഷം ഈ ഗ്രാമം എന്റെയാണ്.. ഞങ്ങളുടെയാണ്”
വാസു തിരിഞ്ഞ് നോക്കി. പിന്നിൽ നൂറുകണക്കിന് തള്ളി കളഞ്ഞ ജന്മങ്ങൾ.. ആരുമിന്ന് മാലിന്യമല്ല.
ഒടുവിൽ തേന്മാവിന് ഒരു സംശയം കൂടിയുണ്ടായിരുന്നു.
“ഇന്ന് നിന്റെ പേരെന്താണ്?”
“വാസുകി “
വാസുദേവൻ പുഞ്ചിരിച്ചു . ഒടുവിൽ ദൃഢമായി പറഞ്ഞു.
വാസുകിയുടെ ആത്മവിശ്വാസത്തിന് മുന്നിൽ തേന്മാവ് തന്റെ സ്നേഹമറിയിച്ചു.
“ഇന്ന് പൊഴിഞ്ഞ ഓരോ ഇലകളും നാളെ നിങ്ങൾക്കായി തളിർക്കും “
തേന്മാവ് ഏവരെയും തന്റെ തണലിലേക്ക് ചേർത്തുനിർത്തി.

നിഥിൻകുമാർ ജെ പത്തനാപുരം
7994766150
No Comment.