Skip to content

chithrodayamflashnews.com

October 24, 2026 7:51 pm

പുതിയലോകത്തെ ചെറുകിളികൾ

നിഥിൻകുമാർ ജെ പത്തനാപുരം

“നീയൊന്ന് മുറിയിൽ നിന്നും പുറത്തിറങ്ങിയെ, നേരം എത്രയായെന്ന് അറിയൊ ? ഏത് നേരവും കതകടച്ചിരുന്നോളും.”
വനജ വാതിലിൽ തുടരെ തുടരെ മുട്ടി.
” മനു…..സമയത്തിന് ആഹാരം കഴിക്കില്ല… ഉറക്കമില്ല.. “

വനജ തിരികെ അടുക്കളയിലേക്ക് നടന്നു.തന്റെ മകന്റെ കാര്യത്തിൽ വനജക്ക് നൂറു നൂറു പ്രതീക്ഷകളാണ്.. പത്താം ക്ലാസ്സിന്റെ റിസൾട്ട്‌ ഇന്ന് വരും. അതിന്റെ ടെൻഷൻ വനജയുടെ മുഖത്ത് പ്രകടമാണ്. മകനെ നല്ലരീതിയിലെത്തിക്കണം എന്നത് വനജയുടെയും സ്വപ്നമാണ് .പക്ഷെ ഓരോ ദിവസവും കഴിയുംതോറും തന്റെ മകന്റെ രീതികളിൽ വല്ലാത്ത മാറ്റം പ്രകടമാണ്. കഴിഞ്ഞ ലീവിനു വന്നപ്പോൾ അവന്റെ അച്ഛൻ വാങ്ങി നൽകിയതാണ് ആ ഫോൺ.. പിള്ളേരല്ലെ, എല്ലാർക്കും ഉണ്ടല്ലോ.. കൂട്ടുകാർക്കിടയിൽ തന്റെ മകൻ ചെറുതാകണ്ട എന്ന് കരുതി… ഇന്നത്തെ കാലത്ത് ഇതൊന്നും അത്ര പറയാൻ മാത്രമില്ല. പക്ഷെ മനുവിന്റെ കാര്യത്തിൽ….
വനജ വീണ്ടും മുറിയുടെയടുത്തേക്ക് നടന്നു. കതകിൽ തുടരെ തട്ടി.
“ഡാ മനു.. ഡാ സമയമൊന്ന് നോക്കിയെ..പതിനൊന്ന് മണി.. നിന്റെ റിസൾട്ട്‌ ഇപ്പോ വരും… കതക് തുറക്ക്.”

നിരന്തരമായി കതകിൽ തട്ടുന്നതിന്റെ ഭാഗമായി വാതിൽ തുറന്ന് മനു തലവെളിയിലേക്കിട്ട് നോക്കി. അവന്റെ കയ്യിൽ മൊബൈൽ, ഒരു കാതിൽ ഹെഡ്‍ഫോൺ, മുഖത്തെ ദേഷ്യം കണ്ട് വനജ തിരക്കി.
“നിന്റെ നിപ്പും ഭാവവും കണ്ടതോന്നുമല്ലൊ നീയെന്നെ തിന്നുമെന്ന്.. വന്ന് പല്ല് തേച്ച് വല്ലതും തിന്നാൻ നോക്ക്.. നിന്റെ റിസൾട്ട്‌ വന്ന് കാണും.”

“എന്താ നിങ്ങൾക്ക് വേണ്ടത്.. നാശം! ഒരു സ്വസ്ഥത തരില്ല.. മലര്!”
ഒരു പതിനഞ്ചുകാരന്റെ മറുപടികേട്ട് വനജയുടെ കണ്ണുകൾ നിറഞ്ഞത് മനു ശ്രദ്ധിച്ചില്ല.
വനജ അടുക്കളയിലേക്ക് നടന്നു.. മനുവിന് വേണ്ടി ചൂട് ദോശയുണ്ടാക്കി.. ചൂടാക്കിയ ചായയവന് ഇഷ്ടമല്ല.. അവന് വേണ്ടി പുതിയ ചായയുമുണ്ടാക്കി.അരമണിക്കൂർ കഴിഞ്ഞപ്പോൾ മനു ഡൈനിങ് ടേബിളിന് മുന്നിൽ വന്നിരുന്നു. അടുക്കളയിൽ നിന്നും വനജയത് കണ്ടു. അവരുടെ മുഖത്ത് സന്തോഷമുണ്ട്.. ചെറുക്കൻ കഴിക്കാനായി വന്നല്ലോ!

മനുവിന് മുന്നിൽ ആഹാരം നിരന്നു.ഈ നേരവും അവന്റെ ഇടത്കയ്യിൽ മൊബൈലും ചെവിയിൽ ഹെഡ്‍ഫോണുമുണ്ട്.
“ഇപ്പോഴെങ്കിലും അതൊന്ന് താത്തി വെക്കടാ..”
വനജ പറഞ്ഞു. അവനത് ശ്രദ്ധിച്ചതായി തോന്നുന്നില്ല. വീണ്ടും വനജയൊരോന്നും പറഞ്ഞു.പക്ഷെയൊന്നും മനു ശ്രദ്ധിക്കുന്നില്ല.
“എടാ ജയിക്കില്ലേ? മാർക്ക്‌ കാണില്ലേ?.. നിന്റെയച്ഛൻ എന്നെ അല്ലേൽ കൊല്ലും..”
ഒന്നിനും മനു പ്രതികരിക്കാത്തതിൽ വനജക്ക് നിരാശ തോന്നി.
“എടാ ഞാനിതൊക്കെ പറഞ്ഞത് നിനക്ക് കഴിഞ്ഞ ക്രിസ്തുമസ് പരീക്ഷക്ക് ഒരു വിഷയത്തിനും നല്ല മാർക്കില്ല. നാലെണ്ണത്തിന് വട്ടപുജ്യമാണ് മാർക്ക്‌.. നിനക്ക് എന്തിന്റെ കുറവുണ്ടിവിടെ.. പോരാത്തേന് ട്യൂഷൻ വേറെ..”
ഒന്നിനും മറുപടി പറയാതെയിരുന്ന് മൊബൈലിൽ കുത്തുന്നത് കാണുന്ന വനജക്ക് വല്ലാത്ത ദേഷ്യം തോന്നി. ദോശ തണുത്ത് കഴിഞ്ഞു.
വനജ മനുവിന്റെ ഹെഡ്‍ഫോൺ വലിച്ചൂരി.
“ഏത് നേരവും ചെവിയില്.. ആര് എന്ത് പറഞ്ഞാലും കേൾക്കണ്ടല്ലൊ.”
അതിനിടയിൽ മൊബൈൽ തറയിൽ വീണു..
മനു തള്ളയുടെ മുഖത്തേക്ക് ചൂടുള്ള സാമ്പറൊഴിച്ചതും ഒരു നിമിഷം കൊണ്ടായിരുന്നു.
വനജയുടെ ശരീരം ഭയത്താൽ വിറച്ചു.
അവന്റെയരിശം മുഖത്ത് പ്രകടമാണ്. വനജ മുഖം തുടച്ചു..
വെന്തുപോകുന്ന ചൂട് സാമ്പാറിന് ഉണ്ടായിരുന്നില്ല.. അവൻ ഫോണെടുത്തു നോക്കി. ഡിസ്പ്ലേ സ്ക്രാചുണ്ട്. മനുവിന്റെ ശരീരം അരിശം കൊണ്ട് കാത്തുകയാണ് മേശപ്പുറത്തിരുന്നതെല്ലാം അവൻ വലിച്ചെറിഞ്ഞു. വനജ മകനെ തടയാനായി ശ്രമിച്ചു.

തന്റെ മകൻ തന്നെ കൈപൊക്കി തല്ലുമെന്ന് ഒരിക്കലും ആ സ്ത്രീ പ്രതീക്ഷിച്ചിരുന്നില്ല. ഒരു കുറ്റബോധവും കൂടാതെയവൻ മുറിയിൽ കയറി വാതിലടച്ചു. ഹാളിന്റെ ഒരു മൂലയിൽ കരഞ്ഞുകൊണ്ട് വനജയിരുന്നു.ചുറ്റും പൊട്ടി ചിതറിയ കുപ്പിച്ചില്ലുകളും കറിയും മറ്റും. പത്താം ക്ലാസ്സ്‌ ജയിച്ചെന്ന് കേൾക്കുമ്പോൾ സർപ്രൈസ് കൊടുക്കാനായി വാങ്ങി വെച്ച വാച്ചും കൂട്ടത്തിൽ പൊട്ടികിടന്നിരുന്നു.

“ഇതൊന്നും അവന്റെ തെറ്റല്ല.. എന്റെ തെറ്റാണ്.. എന്റെ മാത്രം.”
വനജ സ്വയം പറഞ്ഞു.

“ഒരുപാട് വൈകിയിരുന്നു.. ചെറു പ്രായത്തിൽ വാശിപിടിക്കുമ്പോൾ…..കുട്ടികളുടെ മനസ്സ് നോവണ്ടാന്ന് കരുതി….ക്ലാസ്സിലും മറ്റ് കൂട്ടുകാർക്കിടയിലും തന്റെ മകൻ ചെറുതാകരുതെന്ന് കരുതി..,. മക്കളുടെയൊപ്പം നിന്നതിന് ഞാനിത് അർഹിക്കുന്നു.ഇനിയിത് രൂക്ഷമാകും…”

വനജ തന്റെ കണ്ണുകൾ തുടച്ച് ഏറെനേരം അങ്ങനെയിരുന്നു.


നിഥിൻകുമാർ ജെ പത്തനാപുരം
7994766150

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6