ഗുരുതര ക്രിമിനൽ കേസുകളിലെ പ്രതികളും, ഗുണ്ടാ-മാഫിയാ കൂട്ടുകെട്ടുള്ളവരുമായ കേരള പൊലീസിലെ 12 പേരെ ഉടൻ പിരിച്ചു വിടും. ക്രിമിനലുകളായ 25 പേരെയാണ് കഴിഞ്ഞ ഏഴു വർഷത്തിനിടെ പുറത്താക്കിയത്.
രണ്ട് ഡിവൈ.എസ്.പിമാരെ പിരിച്ചുവിടാനായി അവരുടെ കേസ് വിവരങ്ങൾ ആഭ്യന്തര വകുപ്പിന് കൈമാറിയിട്ടണ്ട്. പോക്സോ കേസ് പ്രതിയെ പീഡിപ്പിച്ച സി.ഐയ്ക്കടക്കം പിരിച്ചുവിടൽ നോട്ടീസ് നൽകി. ഗുരുതരകേസുകളിൽപെട്ട 47പേരുടെ വിവരങ്ങൾ പരിശോധിക്കുന്നു.
തൃശൂരിലെ മണൽ മാഫിയയ്ക്ക് ഉന്നത പൊലീസുദ്യോഗസ്ഥരുടെ നീക്കങ്ങളും ലൊക്കേഷനുമടക്കം ചോർത്തി നൽകിയ 7പൊലീസുകാരെ വെള്ളിയാഴ്ച പിരിച്ചുവിട്ടിരുന്നു. പൊലീസുകാർ വിവരം ചോർത്തി ഗുണ്ടാവേട്ട പരാജയപ്പെടുത്തുന്നതും എതിർ സംഘങ്ങളുടെ ഫോൺ ചോർത്തി ഗുണ്ടാത്തലവന്മാർക്ക് കൈമാറുന്നതും നേരത്തേ കണ്ടെത്തിയിരുന്നു. ഗുണ്ടാ, മാഫിയാ സംഘങ്ങളെ സഹായിക്കുന്ന പൊലീസുകാർക്ക് എതിരെ റാങ്ക് പരിഗണിക്കാതെ നടപടി ഉറപ്പാക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.
പൊലീസിലെ ക്രിമിനലുകളെ കണ്ടെത്തി പുറത്താക്കാൻ ശുപാർശ ചെയ്യാൻ രഹസ്യ സ്വഭാവമുള്ള ആഭ്യന്തര വിജിലൻസ് സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്. എല്ലാ റാങ്കുകളിലുമുള്ള പൊലീസുദ്യോഗസ്ഥരുടെ പെരുമാറ്റദൂഷ്യം, മണ്ണ്-മണൽ മാഫിയകളുമായും ക്രിമിനലുകളുമായും ഗുണ്ടകളുമായുള്ള ബന്ധം, സ്ത്രീകളോടും കുട്ടികളോടുമുള്ള മോശം ഇടപെടൽ, ലഹരി സംഘങ്ങളുമായുള്ള ബന്ധം, പണപ്പിരിവ്, പലിശയിടപാട് എന്നിവ ഈ സെല്ലുകൾ കണ്ടെത്തും. ഇത് പൊലീസ്‌മേധാവിയും അഡി.ഡി.ജി.പിമാരുമടങ്ങിയ സമിതി പരിശോധിച്ച് നടപടിക്ക് നിർദ്ദേശിക്കും. വകുപ്പുതല അന്വേഷണത്തിനു ശേഷമായിരിക്കും പിരിച്ചുവിടൽ.
No Comment.