തിരുവനന്തപുരം : റേഷൻ കടകള്‍ വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണ ഘട്ടംഘട്ടമായി കുറച്ച് പൂര്‍ണമായും നിര്‍ത്തലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍.കഴിഞ്ഞ ദിവസം കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുമായി ഡല്‍ഹിയില്‍ ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്രനയം മന്ത്രി കേരളത്തെ അറിയിച്ചത്. കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം വര്‍ധിപ്പിക്കണമെന്ന ആവശ്യവും കേന്ദ്രസര്‍ക്കാര്‍ തള്ളി.
നിലവില്‍ നല്‍കുന്ന പി.ഡി.എസ് മണ്ണെണ്ണ വിഹിതം ഒരു സംസ്ഥാനത്തിന് മാത്രമായി വര്‍ധിപ്പിക്കാൻ കഴിയില്ലെന്നും എന്നാല്‍ നോണ്‍ പി.ഡി.എസ് വിഹിതമായി മണ്ണെണ്ണ അനുവദിക്കുന്ന കാര്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്നും കേന്ദ്ര മന്ത്രി ഉറപ്പുനല്‍കി.സംസ്ഥാനത്ത് മണ്ണെണ്ണ ഉപയോഗിച്ച് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്കായി ഓണക്കാലത്ത് 5000 കിലോലിറ്റര്‍ മണ്ണെണ്ണ ഉടൻ അനുവദിക്കണമെന്ന് ഭക്ഷ്യ മന്ത്രി ആവശ്യപ്പെട്ടെങ്കിലും അതിനും അനുഭാവപൂര്‍ണമായ മറുപടിയല്ല കേന്ദ്രത്തില്‍നിന്ന് ഉണ്ടായത്.
മണ്ണെണ്ണ ഉപയോഗിച്ചുള്ള മത്സ്യബന്ധനം പരമാവധി നിരുല്‍സാഹപ്പെടുത്തണമെന്നും മത്സ്യബന്ധന യാനങ്ങളില്‍ സി.എൻ.ജി എൻജിനുകള്‍ ഘടിപ്പിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. . സംസ്ഥാന സര്‍ക്കാറിന്‍റെ ഡല്‍ഹിയിലെ പ്രതിനിധി കെ.വി. തോമസ്, പൊതുവിതരണ വകുപ്പ് കമീഷണര്‍ ഡോ. ഡി. സജിത് ബാബു എന്നിവര്‍ മന്ത്രി ജി.ആര്‍. അനിലിനൊപ്പമുണ്ടായിരുന്നു.
No Comment.