കൂട്ടുകാരോടൊത്ത് കളിക്കുന്നതിന് സൈക്കിളിൽ പുറത്തേക്ക് പോയ ഒൻപതു വയസ്സുകാരൻ; കാണാതായതോടെ വീട്ടുകാരുടെ അന്വേഷണം; മൃതദേഹം കിടന്നത് പ്ലാസ്റ്റിക് കമ്പനിയുടെ മാലിന്യ കുഴിയിൽ; കൊട്ടേക്കാട്ടെ ജോൺ പോളിന് സംഭവിച്ചത് എന്ത്? ദുരൂഹത നീക്കാൻ അന്വേഷണം
തൃശ്ശൂർ: കൊട്ടേക്കാട് കുന്നത്തുപീടികയിൽ ഒൻപതു വയസ്സുകാരനെ വീടിനടുത്തുള്ള പ്ളാസ്റ്റിക് കമ്പനിയുടെ മാലിന്യക്കുഴിയിൽ വീണു മരിച്ചനിലയിൽ കണ്ടെത്തിയതിൽ ദുരൂഹത. കൊട്ടേക്കാട് കുറുവീട്ടിൽ റിജോ ജോണിയുടെയും സനയുടെയും മകൻ ജോൺ പോളിന്റെ മൃതദേഹമാണ് ചൊവ്വാഴ്ച രാത്രി ഒൻപതോടെ കണ്ടെത്തിയത്. കൊട്ടേക്കാട് സെയ്ന്റ് മേരീസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.
ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് സൈക്കിളുമായി കുട്ടിയെ കാണാതായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം പ്ളാസ്റ്റിക് കമ്പനിയുടെ മാലിന്യക്കുഴിയിൽ കണ്ടെത്തിയത്. തുറസ്സായി കിടക്കുന്ന ആഴത്തിലുള്ള മാലിന്യക്കുഴിയിലേക്ക് സൈക്കിൾ മറിഞ്ഞ് അപകടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ അത് പൂർണ്ണമായും ഉറപ്പിക്കാനും കഴിയുന്നില്ല. ഈ പ്രദേശത്തെ കുറിച്ച് വ്യക്തമായി അറിയാവുന്ന കുട്ടിയാണ് ജോൺ പോൾ. സഹോദരിമാർ നേഹ കീസ്റ്റി (പ്ളസ്ടു വിദ്യാർത്ഥിനി), ദിയ റോസ് (എട്ടാം ക്ലാസ് വിദ്യാർത്ഥിനി).
ചൊവ്വാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു അപകടം. കൂട്ടുകാരോടൊത്ത് കളിക്കുന്നതിനായി സൈക്കിളിൽ പുറത്തേക്ക് പോയതായിരുന്നു ജോൺ പോൾ. ഇതിന് ശേഷം കുട്ടിയെ കാണാതായതോടെ വീട്ടുകാരും വിയ്യൂർ പൊലീസിന് കുട്ടിക്കായി തിരച്ചിൽ നടത്തുകയായിരുന്നു. അതിനിടെയാണ് മാലിന്യക്കുഴിയിൽ മൃതദേഹം കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് സംശയങ്ങൾ.
No Comment.