അശ്ലീല ഉള്ളടക്കം നീക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നോട്ടീസ് അയച്ച് കേന്ദ്രസർക്കാർ. മഹാരാഷ്ട്ര കേന്ദ്രീകരിച്ചുള്ള സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഹണ്ടേഴ്സ്, ബേശരംസ്, പ്രൈം പ്ലേ എന്നിവയ്ക്കാണ് കേന്ദ്ര വാർത്താ വിതരണ മന്ത്രലയം നോട്ടീസ് അയച്ചത്. പിന്നാലെ ഈ ഉള്ളടക്കങ്ങൾ കമ്പനി നീക്കം ചെയ്യുകയും ചെയ്തു
ഹണ്ടേഴ്സ്, ബേശരംസ്, പ്രൈം പ്ലേ എന്നീ മൂന്ന് ഒടിടി പ്ലാറ്റ്ഫോമുകളും രജിസ്റ്റർ ചെയ്യാത്തവയാണ്. അശ്ലീലദൃശ്യങ്ങളും ലൈംഗികച്ചുവയുള്ള ദൃശ്യങ്ങളും ഇലക്ട്രോണിക് രൂപത്തിൽ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും തടയുന്ന ഐ.ടി. നിയമത്തിലെ 67, 67 എ വകുപ്പുകൾ പ്രകാരമാണ് നടപടിയെടുത്തത്.
നിയമമുണ്ടെങ്കിലും ഒ.ടി.ടി.കളിലെ ഉള്ളടക്കത്തിന്റെ പേരിൽ നടപടി സ്വീകരിക്കുന്നത് ആദ്യമായിട്ടാണ്. ഒ.ടി.ടി. രംഗത്ത് വെബ് സീരീസുകളായും മറ്റും ഒട്ടേറെ അശ്ലീല ഉള്ളടക്കങ്ങൾ പുറത്തിറങ്ങുന്നുണ്ടെന്ന് മന്ത്രാലത്തിന് പരാതികൾ ലഭിച്ചിരുന്നു.
ഏഴ് വർഷം വരെ തടവും പത്ത് ലക്ഷം രൂപ പിഴയും ചുമത്താൻ വ്യവസ്ഥയുള്ള വകുപ്പുകളാണ് ഐടി നിയമത്തിലെ 67,67 എ. നിയമം പാലിക്കുമെന്ന് ഉറപ്പാക്കാൻ പ്ലാറ്റ്ഫോമുകളെ നിരീക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്താകെ 57 ഒടിടി പ്ലാറ്റ്ഫോമുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ, രജിസ്റ്റർ ചെയ്യാതെ പ്രവർത്തിക്കുന്ന ഒ.ടി.ടി.കളിലാണ് അശ്ലീല ഉള്ളടക്കങ്ങൾ വ്യാപകമായി പ്രത്യക്ഷപ്പെടുന്നത്.
No Comment.