ആധാറില്‍ വ്യക്തിഗത വിവരങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ അപ്ലോഡ് ചെയ്യുന്നതില്‍ ദേശീയതലത്തില്‍ കേരളം ഏറെമുന്നില്‍. രാജ്യത്തെ മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ജൂലായ് മുതല്‍ തുടര്‍ച്ചയായി കേരളമാണ് മുന്നിട്ടുനില്‍ക്കുന്നത്.
ദേശീയാടിസ്ഥാനത്തില്‍ ജില്ല തിരിച്ചുള്ള കണക്കില്‍ ഏറെമുന്നിലുള്ള ഏഴു ജില്ലകളും കേരളത്തിലാണ്. ആദ്യ 20 ജില്ലകളില്‍ കേരളത്തിലെ 14 ജില്ലകളും ഉള്‍പ്പെട്ടിട്ടുമുണ്ട്. രാജ്യത്തെ സവിശേഷ തിരിച്ചറിയല്‍ രേഖയായ ആധാറുമായി ബന്ധപ്പെട്ട ചുമതല നിര്‍വഹിക്കുന്ന ദേശീയ ഏജന്‍സിയായ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ.)യുടെ നിര്‍ദ്ദേശപ്രകാരമാണ്, 10 വര്‍ഷം കഴിഞ്ഞ ആധാറുകള്‍ പുതുക്കുന്നതിന്റെ ഭാഗമായി വ്യക്തിഗതവിവരങ്ങളുടെ രേഖകള്‍ വെബ്സൈറ്റിലേക്ക് അപ്ലോഡ് ചെയ്യുന്നത്. ഈ പ്രവൃത്തിയുടെ ഓരോ മാസത്തെയും ദേശീയതലത്തിലുള്ള സ്ഥിതിവിവരം യു.ഐ.ഡി.എ.ഐ. പ്രസിദ്ധീകരിച്ചതിലാണ് ജൂലായ് മുതല്‍ നവംബര്‍ വരെ തുടര്‍ച്ചയായി കേരളം ഒന്നാം സ്ഥാനത്തെത്തിയത്.
ആധാറില്‍ രേഖകള്‍ അപ്ലോഡ് ചെയ്യുന്ന പ്രവൃത്തിയില്‍ ജൂണ്‍ വരെ സംസ്ഥാനത്ത് വലിയ ചലനങ്ങളുണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്ന് അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസുകളുടെ നേതൃത്വത്തില്‍ അക്ഷയ കേന്ദ്രങ്ങള്‍ നടപ്പാക്കിയ പ്രത്യേക കാമ്പയിനെത്തുടര്ന്നാണ് കേരളം മുന്നിലെത്തിയത്
No Comment.