
നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023- 2024 വർഷത്തെ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ അവാർഡ് പ്രശസ്ത കേരള നടന നർത്തകിയും അധ്യാപികയുമായ പ്രൊഫസർ എസ് ലേഖ തങ്കച്ചിക്ക് നൽകുവാൻ തീരുമാനിച്ചു. 1970-ൽ തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സംഗീത കോളേജിൽ നിന്ന് നടന ഭൂഷണം ഒന്നാമതായി പാസായി. 1968-ൽ തിരുവനന്തപുരം വി.ജെ.ടീ. ഹാളിൽ വച്ച് ഉഷാനിരുദ്ധൻ നൃത്ത നാടകത്തിൽ ഉഷയുടെ വേഷത്തിൽ അരങ്ങേറ്റം കുറിച്ചു. ആ പരിപാടി വൻ വിജയമായിരുന്നു. ധാരാളം വേദികളിൽ അത് അവതരിപ്പിക്കുവാൻ അവസരം ലഭിച്ചു. പാസായതിനുശേഷം ധാരാളം നൃത്ത നാടകം, ബാലെ എന്നിവ സംവിധാനം ചെയ്യുന്നതിനും
പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികൾ പിന്നിട്ടു. 1978 -ശ്രീ സ്വാതി തിരുനാൾ സംഗീത കോളേജിൽ നൃത്തവിഭാഗം അധ്യാപികയായി. 1998-മുതൽ നൃത്തവിഭാഗം മേധാവിയായും 2008- വരെ സേവനമനുഷ്ഠിച്ചു. 1994 മുതൽ സംഗീത കോളേജ് യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ആദ്യഘട്ടത്തിൽ വോക്കൽ, വയലിൽ, വീണ, മൃദംഗം എന്നീ വിഭാഗങ്ങൾക്ക് അംഗീകാരം ലഭിച്ചു. നൃത്ത വിഭാഗത്തിനു മാത്രം അഫിലിയേഷൻ ലഭിച്ചില്ല. അന്ന് കോളേജിൽ നിലനിന്നിരുന്ന മ്യൂസിക് കോളേജ് സ്റ്റാഫ് അസോസിയേഷനിൽ ഒരു അംഗമായി നിന്നുകൊണ്ട്
“കേരള നടനം” എന്ന വിഷയത്തിന് വിപുലമായ ഒരു സിലബസ് തയ്യാറാക്കുകയും വിദഗ്ധസമിതിയെ കൊണ്ട് ശുപാർശ ചെയ്യിക്കുകയും സർക്കാരിൽ നിന്നും അനുമതി നേടി യൂണിവേഴ്സിറ്റിയിൽ അംഗീകാരം നേടിയെടുക്കുന്നതിന് ലേഖ തങ്കച്ചി മുൻപന്തിയിൽ നിന്നു പ്രവർത്തിച്ച് വിജയത്തിലെത്തിച്ചു. 1999 -മുതൽ നൃത്ത വിഭാഗത്തിനും ബി.എ., എം.എ തലത്തിൽ കോഴ്സുകൾ തുടങ്ങാൻ അനുവാദം ലഭിച്ചു. അതുപോലെതന്നെ സംഗീത കോളേജിൽ മാത്രം ഒതുങ്ങി നിന്നിരുന്ന കേരളനടനം എന്ന വിഷയത്തെ ജനകീയമാക്കുന്നതിന് ഗുരുഗോപിനാഥ് ട്രസ്റ്റിൽ ഒരു അംഗമായി പ്രവർത്തിക്കുകയും കേരളനടനത്തിന് കേരളത്തനിമയാർന്ന ഒരു വേഷം കണ്ടെത്തുന്നതിന് മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ച് വിജയത്തിലെത്തിച്ചു. 1999 -മുതൽ സംസ്ഥാന യുവജനോത്സവ വേദികളിൽ കേരള നടനവും ഒരു മത്സരയിനമായി. അതേത്തുടർന്ന് കേരളത്തിലുള്ള നൃത്തം അഭ്യസിക്കുന്ന എല്ലാ കുട്ടികളും നൃത്ത അധ്യാപകരും കേരള നടനം പഠിക്കുവാൻ തുടങ്ങി. 2000 -മുതൽ കോളേജ് തലത്തിലും കേരള നടനം ഒരു മത്സരയിനമായി.
ലേഖാ തങ്കച്ചിയുടെ ഗുരുക്കന്മാർ പ്രൊഫസർ കെ. ശങ്കരൻകുട്ടി, ശ്രീ. തൃപ്പൂണിത്തറ വിജയഭാനൂ, ശ്രീമതി കെ സരസ്വതി അമ്മ, ശ്രീമതി എസ് സുഭദ്രമ്മ തുടങ്ങിയവരും ഭരതനാട്യത്തിൽ
ഗുരു നട്ടുവനാർ പരമശിവമേനോനും ആണ്. റിട്ടയർ ചെയ്തതിനുശേഷം ഹരിപ്പാട് സുദർശന കലാക്ഷേത്രം എന്ന ഒരു കലാസ്ഥാപനം നടത്തിവരുന്നു. അതോടൊപ്പം തന്നെ ഒന്നരമണിക്കൂർ ദൈർഘ്യമുള്ള നൃത്ത പരിപാടികളും അവതരിപ്പിച്ചു വരുന്നു. നൃത്തം അഭ്യസിക്കുന്ന വിദ്യാർത്ഥികൾക്ക് ഉപകരിക്കുന്ന വിധത്തിലുള്ള ഒരു പുസ്തകം എഴുതുന്നുണ്ട്.
കേരള നടനത്തിൻ്റെ പ്രചാരണത്തിനും കേരള നടനം മറ്റുള്ളവരിൽ എത്തിക്കുന്നതിനും കണ്ണൂർ മുതൽ കേരളത്തിന്റെ
ഒട്ടുമിക്ക ജില്ലകളിലും ഇരുപതോളം ശിൽപ്പശാലകളിൽ ക്ലാസ്സെടുത്തു. ലോകമെമ്പാടുമുള്ള മലയാളികൾക്ക്
കേരള നടനം അഭ്യസിക്കുന്നതിനുതകുന്ന രീതിയിൽ കേരള നടന നമസ്കാരം മുതൽ ചിട്ടയോടെ ക്ലാസ്സെടുത്തു യൂട്യൂബ് ചാനൽ നടത്തുന്നുണ്ട്. ലേഖ തങ്കച്ചിക്ക് വിശിഷ്ട വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും ധാരാളം അവാർഡുകളും പ്രശസ്തിപത്രങ്ങളും ലഭിച്ചിട്ടുണ്ട്. പ്രധാനമായി കിട്ടിയ അംഗീകാരങ്ങൾ ചുവടെ ചേർക്കുന്നു. 2008 കേരള സംഗീത നാടക അക്കാദമി ആദ്യമായി കേരള നടനം എന്ന പേരിൽ അവാർഡ് നൽകി ആദരിച്ചു. 2017 വട്ടിയൂർക്കാവ് ഗുരുഗോപിനാഥ് നടനഗ്രാമം കേരളനടന പ്രതിഭാ പുരസ്കാരം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയനിൽ നിന്ന് ലഭിച്ചു. 2009-ഇൽ ഗുരുഗോപിനാഥ് ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള “കേരളനടന നർത്തകി പുരസ്കാരം” ഹിസ് ഹൈനസ് ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ നൽകി ആദരിച്ചു. 2022-ഇൽ ഡൽഹി പഞ്ചവാദ്യം ട്രസ്റ്റ് നടനശ്രീ പുരസ്കാരം നൽകിയത് പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരാണ്. ആർട്സ് ആൻഡ് കൾച്ചറൽ മൂവ്മെൻറ് ഓഫ് ഇന്ത്യ നാട്യ ജ്യോതി അവാർഡ് നൽകി. സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ.സജി ചെറിയാൻ കേരളനടന പ്രചാരക പുരസ്കാരം നൽകി.ഹരിപ്പാട് സാരംഗ കൾച്ചറൽ സൊസൈറ്റി വെസ്റ്റ് നർത്തകി പുരസ്കാരം നൽകിയത് പത്മശ്രീ വാണി ജയറാം. ചെന്നൈ മലയാളി അസോസിയേഷനിൽ കേരള നടനം അവതരിപ്പിച്ചപ്പോൾ ലേഖതങ്കച്ചിയെ പത്മശ്രീ പത്മാ സുബ്രഹ്മണ്യം പൊന്നാടയും മെമെന്റോയുംനൽകി ആദരിച്ചു. ലേഖാതങ്കച്ചിയുടെ ജന്മനാടായ ചേർത്തലയിൽ ദൃശ്യ ആർട്സ് ക്ലബ്ബ് ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് ബഹുമാനപ്പെട്ട കൃഷി മന്ത്രി ശ്രീ. പി. പ്രസാദ് നൽകി ആദരിച്ചു. ഇന്നും കേരളനടനം പഠിപ്പിച്ചു കൊണ്ടിരിക്കുന്നു.
2024മാർച്ച് 27-ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ (വിവേകാനന്ദ)ഹാളിൽവച്ചു നടക്കുന്ന, ട്രസ്റ്റിന്റെ വിപുലമായ വാർഷിക ആഘോഷച്ചടങ്ങിൽ, നിരവധി കലാസാഹിത്യ സാംസ്കാരിക രംഗത്തെ പ്രതിഭകളുടെ സാന്നിധ്യത്തിലായിരിക്കും പുരസ്കാരം സമ്മാനിക്കുന്നത്.

No Comment.