
നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023 – 2024 വർഷത്തെ ‘മലയാറ്റൂർ രാമകൃഷ്ണൻ സ്മാരക’ പുരസ്കാരം നോവലിസ്റ്റും ചെറുകഥാകൃത്തുമായ ശ്രീ മാത്യു കെ.മാത്യുവിന്റെ “അച്ഛൻ ഒരു ഭീകരജീവിയാണ്” എന്ന ചെറുകഥാ സമാഹാരത്തിന്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ്, മൺമറഞ്ഞുപോയ മഹാരഥന്മാരുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷംതോറും നൽകിവരുന്ന അവാർഡുകളിൽ ഒന്നാണിത്, മലയാള ത്തിന്റെ മഹാപ്രതിഭയായ മലയാറ്റൂരിന്റെ പേരിൽ നൽകിവരുന്ന ഈ അവാർഡ് മികച്ച ചെറുകഥാ സമാഹാരത്തിനുള്ളതാണ്.
2024 മാർച്ച് 27-ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ(വിവേകാനന്ദ)ഹാളിൽ വച്ചുനടക്കുന്ന, ട്രസ്റ്റിന്റെ വിപുലമായ വാർഷികാഘോഷച്ചടങ്ങിൽ, നിരവധി കലാസാഹിത്യസാംസ്കാരിക രംഗത്തെ പ്രതിഭകളുടെ സാന്നിധ്യത്തിൽ ആയിരിക്കും പുരസ്കാരം സമ്മാനിക്കുന്നത്.
വൈകി എഴുത്തിലേയ്ക്കു വന്ന ശ്രീ മാത്യൂ കെ. മാത്യു അഞ്ച് നോവലുകളും അഞ്ച് ചെറുകഥാ സമാഹാരങ്ങളുമുൾപ്പെടെ പത്തു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യേശുവിന്റെ പതിമൂന്ന് വയസ്സുമുതൽ മുപ്പതുവയസ്സുവരെയുള്ള ജീവിതവും സിൽക്ക് റൂട്ടിലൂടെയുള്ള യാത്രയും ബോധോദയവും ഒക്കെ പ്രമേയമായി വരുന്ന വ്യത്യസ്ത രചനയായ “ആത്മാവിലും സത്യത്തിലും ‘
വളരെ ശ്രദ്ധേയമായ സൃഷ്ടിയാണ്. “പെൺപോത്ത്”, “ഒരാളെ കൊല്ലാൻ ചില ഗ്രഹപാഠങ്ങൾ” ” അച്ഛൻ ഒരു ഭീകരജീവിയാണ്” തുടങ്ങിയ കഥകൾ എഴുത്തിലുള്ള മാത്യുവിന്റെ വേറിട്ട വഴികളും ഔന്നിത്യവും എടുത്തുകാട്ടുന്നു. “ഇങ്ക്വിലാബിന്റെ സിന്ദാബാദുകൾ” എന്ന പരീക്ഷണ നോവൽ പ്രസിദ്ധീകരണത്തിനായി തയ്യാറാക്കിക്കൊണ്ടിരിക്കുന്നു.
നോവലുകൾക്കും ചെറുകഥകൾക്കും നിരവധി അവാർഡുകൾ ലഭിച്ച ശ്രീ മാത്യു കെ. മാത്യുവിന്റെ “അച്ഛൻ ഒരു ഭീകരജീവിയാണ്” എന്ന കഥാസമാഹാരം മലയാറ്റൂർ രാമകൃഷ്ണൻ സ്മാരക’ പുരസ്കാരത്തിന് തിരഞ്ഞെടുത്ത ജൂറിയുടെ കണ്ടെത്തൽ, ആ സമാഹാരത്തിന്റെ വായനയിലൂടെ നിങ്ങളും ശരി വയ്ക്കും. ആധുനിക കാലഘട്ടത്തിന്റെ ഒരു നേർചിത്രമാണിത് പരിപ്രേക്ഷ്യം .
കോട്ടയം ജില്ലയിൽ, തലയോലപ്പറമ്പ് സ്വദേശിയാണ് മാത്യു കെ.മാത്യു. ഭാര്യ ടെസ്സി അദ്ധ്യാപികയാണ്. മൂന്ന് മക്കളിൽ രണ്ടാമത്തെവളായ ദേവു മാത്യു പിന്നണി ഗായികയാണ്.

No Comment.