
വർഷങ്ങൾക്ക് മുമ്പാണ് “ആടുജീവിതം”എന്ന നോവലിന്റെ പ്രസക്ത ഭാഗങ്ങൾ ചേർത്ത് മനോരമയിൽ ഒരു ഫീച്ചർവന്നത്. അന്നത് വായിച്ചപ്പോൾ കുറച്ചുനേരത്തേക്ക് മനസ്സ് വല്ലാതെ മരവിച്ചു പോയിരുന്നു.അന്ന് ഉറങ്ങാൻ കിടന്നപ്പോൾ നജീബ് എന്ന ആ മനുഷ്യൻ മരുഭൂമിയിൽ അനുഭവിച്ച ദുരിതങ്ങൾ മനസ്സിനെ വീണ്ടും മഥിചു കൊണ്ടിരുന്നു. അന്നൊരിക്കലും കരുതിയില്ല ഇതൊരു സിനിമയായി കാണുവാൻ സാധിക്കുമെന്ന്. ഇന്നത് സിനിമയിൽ കണ്ടപ്പോൾ ഒരനുഭവം തന്നെയായി മാറി.
മനുഷ്യത്വമില്ലാത്ത ഒരറബിയുടെ ക്രൂരതകളാൽ വളരെ ദുരിതമനുഭവിച്ച നജീബിന് ഒടുവിൽ കാരുണ്യം ചൊരിഞ്ഞതും മനുഷ്യത്വമുള്ള മറ്റൊരു അറബി തന്നെ, ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാവുന്നതിപ്രകാരമാണ് നന്മതിന്മകൾ എല്ലാത്തിലുമുണ്ട്, ഒന്നിനെയും അടച്ചുപറയുവാൻ കഴിയുകയില്ല.
ദൈവത്തിന്റെ കരങ്ങൾ ഭൂമിയിൽ മനുഷ്യരുടെ രൂപത്തിൽ പ്രവർത്തിക്കുന്നുവെന്ന് പറയാതെ പറഞ്ഞുവെയ്ക്കുന്നു “ആടുജീവിതം” എന്ന ഈ സിനിമ. താരതമ്യേന ഇന്ത്യക്കാരെ അപേക്ഷിച്ച് വളരെയധികം സ്റ്റാമിനയുള്ള ആഫ്രിക്കക്കാരിൽ ഒരാളായ ഇബ്രാഹിം ഖാദിരി എന്ന കഥാപാത്രം രണ്ടാം പകുതിയിൽ നജീബിനും ഹക്കീമിനും രക്ഷകനായി വരുന്നതോട് കൂടി സിനിമയ്ക്ക് ആത്മാവ് കൈവരുന്നു എന്ന് പറയാം. രണ്ടു മനുഷ്യജീവിതങ്ങളെ മണലാരണ്യത്തിലെ ദുരിതങ്ങളിൽ നിന്നും രക്ഷപ്പെടുത്തുവാൻ ആ മനുഷ്യൻ കാണിക്കുന്ന ചേതോവികാരം ഇവിടെ എഴുതി അറിയിക്കുവാൻ എനിക്കറിയില്ല. ആ മനുഷ്യത്വത്തിനു മുമ്പിൽ എന്റെ കണ്ണുകളും പലതവണ നിറഞ്ഞുപോയി. ഒരു ചുള്ളിക്കമ്പിന്റെ നിഴൽമറ പോലുമില്ലാതെ ചൂട്മരുഭൂമിയിൽ തളർന്നു വീണ രണ്ടു മനുഷ്യർക്ക് സ്വന്തം വസ്ത്രം ഊരിയെടുത്ത് സൂര്യനെ മറച്ചുകൊണ്ടു അല്പം തണൽ കൊടുക്കുവാൻ ശ്രമിക്കുന്ന ആ മനസ്സിന് മുമ്പിൽ ആരാണ് നമിച്ചു പോകാത്തത്!!
പശ്ചാത്തലത്തിനനുസരിച്ച് ഒരു ഗാനത്തെ എങ്ങിനെ മെരുക്കിയെടുക്കാമെന്ന് പെരിയോനേ..എന്ന ഗാനത്തിലൂടെ എ.ആർ.റഹ്‌മാൻ വീണ്ടും കാണിച്ചു തരുന്നു. ഒരു കഥാപാത്രം എന്നതിലുപരി സ്വന്തം പ്രയത്നവും അതോടൊപ്പം കഴിവുകളുടെ അതിരും ഭേദിച്ച് നജീവ് എന്ന കഥാപാത്രമായി ജീവിച്ച പൃഥ്വിരാജിന്റെ ഇതുവരെ കണ്ടതിൽ മികച്ച ചിത്രം തന്നെയാണ് ആട് ജീവിതം.
മാത്രമല്ല ചിത്രത്തിൽ ഓരോ കഥാപാത്രങ്ങളെയും നീതിപൂർവ്വം അവരവർക്ക് അവതരിപ്പിക്കുവാൻ കഴിഞ്ഞത് അവരുടെ മാത്രം കഴിവല്ല,അത് സംവിധായകൻ ബ്ലസ്സിയുടേത് കൂടിയാണ്. അതാകട്ടെ ഈ ചിത്രത്തെ മികച്ച വിജയത്തിലേക്ക് നയിക്കുവാനും കഴിഞ്ഞു.
ഒടുവിൽ ചിത്രം ഒരുകാര്യം കൂടി നമ്മോട് പറയുന്നു, ഇത് ഒരു നജീബിന്റെ മാത്രം കഥയല്ല,ജീവിത പച്ച തേടി മരുഭൂമിയിൽ എത്തപ്പെട്ട അനേകരുടെ കഥയാണ്. കൂലിയില്ലാതെ,പൊള്ളുന്ന മരുഭൂമിയിൽ ആർക്കോ വേണ്ടി ജീവിതം ആട് മേയ്ച്ചു തീർത്ത് ഒടുവിൽ കഴുകന്മാർക്ക് ഭക്ഷണമായിത്തീരുന്ന ചിത്രത്തിലെ ഇൻഡ്യക്കാരൻ സാഷ്യപ്പെടുത്തുന്നു.

No Comment.