

പ്രിയപ്പെട്ട അച്ചായന്,
അച്ചായാ അവിടെ മഴയുണ്ടോ?
ഇവിടെ നല്ല മഴയാണ്.എങ്കിലുംപ്രളയംഉണ്ടാകാനുള്ള സാധ്യതയില്ല.ഇന്നലെ അപ്പാച്ചി പേർഷ്യയിൽ പോകുന്ന ദിവസമായിരുന്നു. വറീത് മൂപ്പീന്ന് സന്തോഷിച്ചു നടന്നിരുന്നെങ്കിലും അപ്പാച്ചി പോകാൻ നേരം മൂപ്പീന്ന് വലിയവായിൽ കാറിക്കരഞ്ഞു. മൂപ്പീന്ന് കരയുന്നതുകണ്ടപ്പോൾ ലീലയും,ഗോമതിയും, സരസുവും, പാക്കരനും,മമ്മദ്കാക്കയും., എന്തിനേറെ പറയുന്നു നാട്ടുകാര്മൊത്തം കരഞ്ഞു.അപ്പാച്ചി നാടിന്റെ ഓമനയായിരുന്നു.എവിടെയും എന്തുസഹായത്തിനും അപ്പാച്ചിയെത്തിയിരുന്നു.മോളിക്കുട്ടിയുടെ പേറിന് വണ്ടിവിളിയ്ക്കാൻ ഓടിയതും,അപ്പച്ചന് പുല്ലുചെത്താൻ സഹായിക്കുന്നതും അപ്പാച്ചിയായിരുന്നു.അങ്ങനെയുള്ള അപ്പാച്ചി പേർഷ്യയിൽ പോയപ്പോൾ കരയാത്തത് നമ്മുടെ അപ്പച്ചൻ മാത്രമായിരുന്നു. അപ്പച്ചനെ കരയിക്കാൻ ഒരാളെക്കൊണ്ട്മാത്രമേപറ്റിയിട്ടുള്ളു.. “നമ്മുടെപുരുഷന്.”പുരുഷന് ഒരിക്കൽ ഞണ്ട്കറി കിട്ടിയതിൽ ഞണ്ടിന്റെ ഒരുകാല് കാണാനില്ല എന്നും പറഞ്ഞുകരഞ്ഞപ്പോൾ അപ്പച്ചൻ വിരട്ടാൻ ചെന്നതാണ്. ചെക്കൻ കറിപുരണ്ട കൈകൊണ്ട്അപ്പച്ചന്റെ കാണാപ്പുറത്ത് ഞണ്ടിറുക്കുംപോലെ നുള്ളിക്കൊടുത്തു.അന്നാണ് അപ്പച്ചന്റെ കണ്ണുനിറഞ്ഞു ഞാൻ കണ്ടത്.അന്ന് സ്റ്റീഫൻ ചെക്കനെ പൊതിരെ തല്ലി.അമ്മച്ചിയമ്മ ഇല്ലായിരുന്നെങ്കിൽ ചെക്കന് ഇരിപ്പത് വീണ്ടുംകിട്ടിയേനെ. അതിന് ശേഷംചെക്കന്റെ കാണാപ്പുറത്തെ നുള്ളുംനിന്നു.
എന്തായാലും അപ്പാച്ചി പേർഷ്യയിൽ പോയത് നാട്ടുകാർക്ക് വലിയൊരുനഷ്ടമാണ്.നമ്മുടെ ഗ്രാമം ഉറങ്ങിപ്പോയി അച്ചായാ.അപ്പാച്ചി “പാന്റുംഉടുപ്പും കൂളിംഗ് ഗ്ലാസും”വെച്ചപ്പോൾ നല്ല ഗമയിലായിരുന്നു.
പീതാംബരൻ തയ്ച്ച പാന്റ് അപ്പാച്ചിയുടെ സ്വഭാവംപോലെ തന്നെ അൽപ്പം “ലൂസാ”യിരുന്നു.പിന്നെ, കോങ്കണ്ണി പാത്തുവിന്റെ പഴയ റിബൺ കൊണ്ട് പാന്റ് ഊരിപ്പോകാതിരിക്കാൻ കുഞ്ഞിക്കണ്ണ് ഒരു കെട്ട് കെട്ടിക്കൊടുത്തു.അപ്പാച്ചിയെ യാത്രയാക്കാൻ മമ്മദ്ക്കാക്കയും, വറീത് മൂപ്പീന്നും,കോവാലനും കൂടെപോയി.തിരികെ വരുമ്പോൾ മമ്മദിന് വാച്ചും,രാഘവൻ മാമന് ടോർച്ചും,ലീലയ്ക്കും, കോങ്കണ്ണിപ്പാത്തുവിനുംസാരിയും, അമ്മച്ചിയമ്മയ്ക്ക് കമ്പിളികുപ്പായവും,മേടിച്ചോണ്ടുവരാം എന്നവാഗ്ദാനവും കൊടുത്തിട്ടാണ് അപ്പാച്ചിപോയത്…ഇനി അപ്പാച്ചിയുടെ വരവിനായി കാത്തിരിക്കാം.വാഗ്ദാനമൊന്നുമില്ലെങ്കിലും എനിക്കും ഒരുസാരി കൊണ്ടുവരാതിരിക്കുമോ അപ്പാച്ചി…?
അച്ചായാ തേക്കുംകാട്ടിലെ ചിറ്റപ്പന്റെ നാട്ടില് ഇന്ന് വള്ളം കളിയാണ്.”ആദ്യംവെള്ളം കഴിച്ചിട്ട് വള്ളം കളിക്കും”. വള്ളം ഉന്തിത്തള്ളി വെള്ളത്തിലിടാൻ ശ്രീരാമൻ ചേട്ടനും പോയിട്ടുണ്ട്.ചേട്ടൻ നല്ല കളിക്കാരനാണെന്ന് നാട്ടുകാർക്കറിയാം. കഴിഞ്ഞവർഷം ചേട്ടനെ വള്ളത്തിന്റെ നേതാവാക്കി. തുണിപൊക്കി കാണിച്ച് ആർത്തുവിളിച്ചാൽമതിയെന്ന് സംഘാടകർ പറഞ്ഞു ഒരു കഷ്ണം തുണിയും കൊടുത്തു.ചേട്ടന് ചെറിയകേൾവിക്കുറവുണ്ട് പാത്തുനിന്ന് ലൈലാബീവിയുടെ കുളിസീൻകണ്ടതിന് അവളുടെ കെട്ടിയോൻ ഇല്ല്യാസ് അടിച്ച്ചേട്ടന്റെ ചെവിക്കല്ല് തകർത്തു.
അതിൽപിന്നെ കേൾവി കുറവാണ്.പക്ഷെ വെള്ളം വീഴുന്ന ശബ്ദം കേൾക്കാം.അങ്ങനെയുള്ള ശ്രീരാമൻചേട്ടൻ കിട്ടിയ തുണി തലയിൽ കെട്ടി.വള്ളംകളിമത്സരം ആവേശത്തോടെമുന്നേറി വിജയം ഉറപ്പായപ്പോൾ സംഘാടകർ പറഞ്ഞതുപോലെ ചേട്ടൻ തുണിപൊക്കി കാണിച്ചു.കാണിച്ചത്ചേട്ടന്റെ ഉടുത്തിരുന്ന കൈലിത്തുണിയായിരുന്നു”.അങ്ങനെ ഒന്നാം സ്ഥാനം “ചെട്ടികുളങ്ങരടീമിന് നഷ്ടമായി.
അതിനുശേഷം ചേട്ടനെ വള്ളത്തിൽ കേറ്റിട്ടില്ല.ഇപ്പോൾ വള്ളം ഉന്തിവെള്ളത്തിലിടാൻപോയതാണ്. ചിറ്റപ്പൻ കൂടെ പോയിട്ടുണ്ട് ഇല്ലെങ്കിൽ “കിളി”യായചേട്ടൻ പെണ്ണുങ്ങളെ “ഇക്കിളിയാക്കി ” നിൽക്കും.വള്ളം കളികാണാൻ ഞങ്ങളെയും വിളിച്ചിരുന്നു. സ്റ്റീഫൻ പോയിട്ടുണ്ട്..ചെക്കൻ പോകാൻ നിർബദ്ധം പിടിച്ചു.കൊണ്ടുപോയാൽ തിരികെ വന്ന് വീട്ടിൽ വള്ളം കളി നടത്തും.പോയിവരുമ്പോൾ കളിവള്ളം വാങ്ങിക്കൊണ്ട് വരാം എന്ന് സ്റ്റീഫൻ ചെക്കന് വാക്കും കൊടുത്തു.അപ്പോൾ മുതൽ ചെക്കൻ പാട്ടും തുടങ്ങി…
“കായലിനക്കരെപോകാ നെനിച്ചൊരു.. കളിവള്ളമുണ്ടായിരുന്നു… കളിവള്ളംമെല്ലെ’തുയ ഞ്ഞു “നാൻ” മറ്റൊരു.. കാണാത്ത കരയിൽചെന്നെത്തും.”
എവിടെ എത്താൻ?ഇങ്ങനെപോയാൽ ചെക്കൻ എങ്ങും എത്താൻപോകുന്നില്ല.
അച്ചായൻ ഇതുവല്ലതും അറിയുന്നുണ്ടോ?ഇങ്ങോട്ടൊന്നുവരാൻ അച്ചായന് സമയമുണ്ടോ?ഇങ്ങനെയുണ്ടോ ഒരു വാധ്യാരു പണി. അപ്പച്ചനെപ്പോലെ കൃഷിക്കാരനായിരുന്നെങ്കിൽ “ഉഴവുചാലിൽ”
നീന്തി തുടിക്കാമായിരുന്നു.എല്ലാം
എന്റെവിധി…
കഴിഞ്ഞ ആഴ്ച പെണ്ണൊരുമ്പെട്ടാൽ “കൂട്ടായ്മയ്ക്ക് പോയത് ഞാൻഎഴുതിയിരുന്നല്ലോ.ഇപ്പോൾനമ്മുടെ സാവിത്രീദേവനും കൂട്ടായ്മയുണ്ടാക്കി. “നമ്മൊളൊന്നാണ്” കൂട്ടായ്മ. “അതായത് സാവിത്രിപറയുന്നത് “ആണില്ലെങ്കിൽ പെണ്ണെന്തിന് എന്നാണ്?ആണില്ലെങ്കിൽ നല്ല സാരി എന്തിന്?ചാന്തും കണ്മഷിയുമെന്തിന്? കണ്ടാസ്വദിക്കാൻ ആണില്ലെങ്കിൽ,പ്രേമിക്കാൻ,കെട്ടാൻ,വീണുപോയാലൊന്നുതാങ്ങാൻ, ആണില്ലെങ്കിൽ പിന്നെ എന്തിന് ജീവിതം? എന്താണ് ജീവിതം ? പെണ്ണിനേയും, ആണിനേയും വേർതിരിക്കണോ?ആണിനെ അകറ്റിനിർത്തി കൂട്ടായ്മ ഉണ്ടാക്കണോ?സ്ത്രീയ്ക്ക്സ്വാതന്ത്ര്യം പുരുഷൻ കൊടുക്കണോ?പുരുഷനെ ഒഴിവാക്കിയാൽ സ്ത്രീയ്ക്ക് ഉന്നതിയിലെത്താൻ കഴിയുമോ?സ്ത്രീയുംപുരുഷനുംപരസ്പരം ചേർന്നുനിൽക്കേണ്ടവരല്ലേ? ആണുംപെണ്ണുംവെവ്വേറെ കൂട്ടായ്മയുണ്ടാക്കിയാൽ കൂടുതൽ തരംതിരിവല്ലേ ഉണ്ടാകുക?സാവിത്രിചോദിക്കുന്നമറ്റൊരുചോദ്യം. “പുരുഷന് സ്ത്രീയോട് അസൂയയുണ്ടോ?
ആണിന് ആണിനോടും പെണ്ണിന് പെണ്ണിനോടും അസൂയയുണ്ട്.പക്ഷെ ആണിന് പെണ്ണിനോട് അസൂയ കുറവാണ്. അങ്ങനെയെങ്കിൽ ആൺപെൺ സൗഹ്യദം നല്ലതല്ലേ.?
“അധികമായാൽ അമൃതും വിഷം “എന്നപോലെ ആണിനെ നിർത്തേണ്ടിടത്ത് നിർത്തിയാൽ ആണുങ്ങൾപാവങ്ങളാണത്രെ.”
നിർത്തേണ്ടിടത്തുനിർത്താൻ ഇവളെന്താ “വര വരച്ച് “നിർത്തുമോ അച്ചായാ?
ഇത്ര സാവിത്രിചമയുന്ന ഇവളുടെ “വര രണ്ടര വർഷം മുൻപ് “തെറ്റിയത് ആരുമറിഞ്ഞില്ലെന്നാണ് വിചാരം.സാവിത്രി ആളത്രശരിയൊന്നുമല്ല അച്ചായാ.പണ്ട് ഇവൾക്കൊരു രഹസ്യക്കാരൻ ഉണ്ടായിരുന്നു.”ദേവൻ.”ദേവൻ ഇവളെ തേച്ചതാണോ,അതോ ഇവൾ ദേവനെ തേച്ചതാണോ.രഹസ്യംപൊളിഞ്ഞു.സാവിത്രിയെ “സത്യവാൻ” കെട്ടി.സത്യവാന്റെയുംസാവിത്രിയുടെയും കഥ അടുത്തകത്തിൽ എഴുതാം.അതൊരു നീണ്ട കഥയാണ്.
എന്തായാലും സാവിത്രി കാമുകന്റെ ഓർമ്മ നിലനിർത്താൻ പേരിനൊടൊപ്പം കാമുകന്റെ പേരുകൂടി ചേർത്തു.അങ്ങനെ “സാവിത്രി ദേവനായി”.

No Comment.