
അക്ഷരങ്ങളെ പ്രണയിക്കുന്ന ശൈലജ ടീച്ചർക്ക്, എഴുത്ത് തൻ്റെ വേദനയ്ക്കുള്ള ദിവ്യൗഷധമാണ്.
അനാരോഗ്യം കാരണം കുറച്ചു കാലം കിടപ്പു രോഗിയായി സ്വന്തം മുറിക്കുള്ളിലൊതുങ്ങിയപ്പോൾ , ആ ഏകാന്തതയ്ക്കൊരു മോചനമായി അവർ പുസ്തകങ്ങളെ കൂട്ടുപിടിച്ചു.
നിദ്രാവിഹീനമായ രാത്രികൾ തള്ളിനീക്കുമ്പോൾ മനസ്സിലെ നൊമ്പരങ്ങൾ ആ കിടപ്പിൽ നിന്നു തന്നെ തന്റെ മൊബൈൽ ഫോണിൽ കുറിച്ചി ട്ടു .അത് മരുമകൻ ലാപ്പ് ടോപ്പിൽ നിന്നും വരികളാക്കി കൊടുത്തപ്പോൾ തന്റെ ശരീരവേദന മറന്നവർ എഴുത്തിന്റെ ലോകത്തേക്ക് കടന്നുവന്നു.
അക്ഷരങ്ങളുടെ മാസ്മരിക ശക്തി അവരുടെ സർഗ്ഗവാസനയെ ഉണർത്തിയപ്പോൾ മനസ്സിൽ പ്രത്യാശയും, പ്രതീക്ഷയും നാമ്പിട്ടു. അവ കവിതകളായും കഥകളായും തളിർത്തു…
എഴുത്തും വായനയും അവരെ പുതിയൊരു ജീവിതത്തിലേക്കെത്തിച്ചു. പൂർവ്വാധികം ഉന്മേഷത്തോടെ അവർ എഴുന്നേറ്റു നടക്കാനും പ്രാണനായി എഴുത്തിനെ സ്നേഹിക്കാനും തുടങ്ങി.
ഇതിനോടകം ആറ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ഏഴാമത്തെ പുസ്തകം പണിപ്പുരയിലാണ്.
അനുവാചകഹൃദയങ്ങൾ ടീച്ചറിന്റെ പുസ്തകങ്ങൾ സഹർഷം സ്വാഗതം ചെയ്തപ്പോൾ എഴുത്ത് ഒരു ലഹരിയായി മാറിയിരിക്കയാണ് ടീച്ചർക്ക്.
നിറച്ചാർത്തുകൾ, വാടാമലരുകൾ എന്നീ കവിതാസമാഹാരങ്ങളും നവനീതം, സായന്തനത്തിൽ വിരിഞ്ഞ നറുമലരുകൾ , കയ്യൊപ്പ് എന്നീ കഥാസമാഹാരങ്ങളും കനൽവഴികളിൽ കാലിടറാതെ എന്ന ഓർമ്മക്കുറിപ്പുകൾ എന്നിവയാണ് ഇവരുടെ രചനാസമാഹാരങ്ങൾ.

കൂടാതെ സാമൂഹ്യമാധ്യമങ്ങളിൽ സജീവമായി എഴുതിക്കൊണ്ടിരിക്കുന്നു. ഇരുപതിലധികം പുസ്തകങ്ങളിൽ ടീച്ചറുടെ രചനകൾ വന്നിട്ടുണ്ട്. ഡിജിറ്റൽ മാഗസിനുകളിലും, മാസികയിലും കഥ, കവിത, ലേഖനം എന്നിവ വന്നിട്ടുണ്ട്.
മലയാള മനോരമ ദിനപ്പത്രത്തിലെ പെൺമനത്തിൽ ടീച്ചറുടെ കവിതയും അച്ചടിമഷി പുരണ്ടിട്ടുണ്ട്.
അമേരിക്കൻ ഓൺലൈൻ പത്രമായ” മലയാളി മനസ്സ്” ൽ മികച്ച ലേഖനത്തിനുള്ള പുരസ്ക്കാരം ലഭിച്ചു. കഥാരചനാമത്സരത്തിൽ ഒന്നാം സ്ഥാനത്തിനർഹമായതിനാൽ കാവ്യദളങ്ങൾ ഗ്രൂപ്പ് കാവ്യമുകുളം പുരസ്ക്കാരം നൽകി ആദരിച്ചു.
എന്റെ കേരളം ഗ്രൂപ്പ് വനിതാദിനത്തിൽ നടത്തിയ ലേഖനമത്സരത്തിൽ വിജയിയായതിന് മഹിളാരത്നം പുരസ്ക്കാരം നൽകി.
സ്വന്തം ഗ്രാമമായ നാദാപുരം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ തലത്തിൽ മികച്ച കവയിത്രിക്കുള്ള പുരസ്ക്കാരം ലഭിച്ചു.
റേഡിയോ രംഗ് കാവ്യ സല്ലാപം പരിപാടിയിൽ പങ്കെടുത്തു. ഏറ്റവും മികച്ച അനുഭവക്കുറിപ്പ് അവതരിപ്പിച്ചു.
കലാസാഹിത്യ സാംസ്ക്കാരിക തൊഴിൽ രംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നവർക്ക് പ്രോത്സാഹനം നൽകുന്ന ദേശീയസംഘടനയായ ഭാരത് സേവക് സമാജ് മികച്ച സാഹിത്യ പ്രവർത്തനത്തിനുള്ള അംഗീകാരമായി” ഭാരത് സേവക് ദേശീയ പുരസ്ക്കാരം” നൽകി ആദരിച്ചിട്ടുണ്ട്.
കൊച്ചിൻസാഹിത്യ അക്കാദമി 2023 വർഷത്തെ സുവർണ്ണ തൂലികപുരസ്ക്കാരം ജൂറി അവാർഡ് നല്കിയത് ടീച്ചറുടെ’ കയ്യൊപ്പ്’ എന്ന കഥാസമാഹാരത്തിനാണ്.
സമശ്രീ മിഷൻ ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷികാഘോഷച്ചടങ്ങിൽ വെച്ച് പ്രശസ്തനും യശ:ശ്ശരീരനുമായ മഹാകവി ചങ്ങമ്പുഴയുടെ മകൾ ശ്രീമതി ലളിത ചങ്ങമ്പുഴ’പ്രതിഭാപുരസ്ക്കാരം’ നൽകി ആദരിച്ചു.
സ്വന്തം ഗ്രാമമായ വിഷ്ണുമംഗലത്തുള്ള പി.കെ. രാജൻ സ്മാരക വായനശാലയുടെ വാർഷികാഘോഷച്ചടങ്ങിൽ വെച്ച്’ വിഷ്ണുമംഗലത്തിൻ്റെ എഴുത്തുകാരി’ എന്ന ആദരവും പൊന്നാടയും പ്രശസ്ത കവി ശ്രീ വീരാൻകുട്ടിയിൽ നിന്നും സ്വീകരിച്ചു.

പെയ്തൊഴിയാതെ എന്ന സംഗീതസാഹിത്യ ഗ്രൂപ്പിൽ ഓണപ്പാട്ടിൻ്റെ സംഗീത ആൽബം ചെയ്തിട്ടുണ്ട്. ധാരാളം കവിതകൾ വീഡിയോ ചെയ്ത് ട്യൂബിലുണ്ട്. മുരളി നെല്ലാനോടിൻ്റെ യൂട്യൂബിൽ ടീച്ചറുടെ കഥകളുടെ ശബ്ദാവിഷ്ക്കാരം ചെയ്തിട്ടുണ്ട്.
കേരളസംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ’ തളിര്’ മാസികയിൽ ബാലകഥ പ്രസിദ്ധീകരിച്ചതിനുള്ള പ്രതിഫലം തൻ്റെ കുഞ്ഞു രചനയ്ക്ക് കിട്ടിയ അംഗീകാരം ആ മനസ്സിലെ നോവുകളെ പാടെ മായ്ച്ചുകളഞ്ഞുവത്രേ.
ദേശശബ്ദം മാസിക, മാതൃധ്വനി, മഴമാസിക, തമ്പാച്ചിക്കുടുക്ക, ഇതൾ എന്നീ മാസികകളിലും അവരുടെ രചനകൾ പ്രസിദ്ധീകൃതമായിട്ടുണ്ട്.
കല- സാഹിത്യ- ജീവകാരുണ്യ സംഘടനയായ നവഭാവന ചാരിറ്റബിൾ ട്രസ്റ്റിൻ്റെ വാർഷികാഘോഷച്ചടങ്ങിൽ വെച്ച് 2023-2024 വർഷത്തെ’ ലളിതാംബിക സ്മാരക പുരസ്ക്കാരം’ പ്രശസ്ത കവിയും സാഹിത്യകാരനുമായ ശ്രീ കൂരിപ്പുഴ ശ്രീകുമാറിൽ നിന്നും ഏറ്റുവാങ്ങി.

ടീച്ചറുടെ ‘കയ്യൊപ്പ് “എന്ന കഥാസമാഹാരമാണ് മഹനീയമായ ഈ പുരസ്ക്കാരത്തിനവരെ അർഹയാക്കിയത്.
ആദരവുകൾക്കർഹയാകാൻ ഭാഗ്യം ലഭിച്ചത് സരസ്വതി കടാക്ഷവും നന്മമനസ്സുകളുടെ പ്രോത്സാഹനവുമാണെന്ന് സന്തോഷത്തോടെ ടീച്ചർ പറയുമ്പോൾ ആ വാക്കുകളിൽ അഭിമാനത്തിൻ്റെ തിളക്കവും എളിമയും ഉണ്ടായിരുന്നു.
ഒരു നിമിത്തം പോലെ കോവിഡിൻ്റെ വരവ് ടീച്ചറിൻ്റെ ജീവിതത്തെ ആദരവുകളേകി വർണ്ണാഭമാക്കിയപ്പോൾ, തനിക്ക് പ്രചോദനമേകി മുന്നോട്ടു നയിച്ച മക്കളെ(പെറ്റമ്മയെ പോലെ സ്നേഹിക്കുന്നവർ) കൂടപ്പിറപ്പിനെ പോലെ കരുതുന്ന സഹോദരി സഹോദരന്മാരോടുള്ള സ്നേഹവും നന്ദിയും വാക്കുകൾക്കതീതമാണെന്നും അവർ പറയുന്നു.
തനിക്ക് നേരേ ഉയരുന്ന വിമർശനങ്ങൾ വെല്ലുവിളിയായിട്ടു കരുതുകയാണ് അവർ. വിമർശകരാണ് എഴുതാനുള്ള ആവേശം എന്നിലുണ്ടാക്കുന്നതെന്നാണ് ടീച്ചറിന്റെ അഭിപ്രായം.
കോഴിക്കോട് ജില്ലയിലെ അഴിയൂർ സ്വദേശിയായ ഒ.കെ ശൈലജ, ഒതയോത്തു കുനിയിൽ കൃഷ്ണൻ ദേവൂട്ടി ദമ്പതികളുടെ മൂത്ത മകളാണ്. പ്രീഡിഗ്രി, ടി.ടി.സി വിദ്യാഭ്യാസത്തിനു ശേഷം വിഷ്ണുമംഗലം എൻ.പി.സ്ക്കൂളിൽ ഇരുപത്തേഴ് വർഷത്തെ അദ്ധ്യാപനത്തിനു ശേഷം അനാരോഗ്യം കാരണംസ്വമേധയാ വിരമിക്കുകയായിരുന്നു.
അതിനിടയിൽ മൂന്നുമക്കളിൽ രണ്ടാമത്തെ മകൻ്റെ ആകസ്മിക മരണവും ടീച്ചറെ ശാരീരികമായും മാനസികമായും തളർത്തി.
ഭർത്താവ് കുഞ്ഞിരാമൻ കുറച്ചുകാലം പ്രവാസിയായിരുന്നു.
തുടർച്ചയായി നേരിടേണ്ടിവന്ന പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനാകാതെ ജീവിതത്തിനു മുന്നിൽ പകച്ചുപോയെങ്കിലും കോവിഡിൻ്റെ വരവ് അവരിലെ സർഗ്ഗശേഷിയെ ഉണർത്തുകയായിരുന്നു
രോഗമോ, പ്രായമോ നമ്മുടെ അഭിരുചിക്കൊരു തടസ്സമാകരുതെന്നും , തന്നിലെ കഴിവുകൾ വികസിപ്പിച്ച് കൊണ്ട് മുന്നേറാനുള്ള ശ്രമം എഴുത്തുകാർക്ക് ഉണ്ടാകണമെന്നും പറയുമ്പോൾ ആ വാക്കുകളിൽ ആത്മവിശ്വാസത്തിൻ്റെയും ദൃഢനിശ്ചയത്തിൻ്റെയും ധ്വനി നിഴലിക്കുന്നുണ്ടായിരുന്നു.
അക്ഷരങ്ങളെ പ്രണയിച്ചു കൊണ്ട് എഴുത്ത് സപര്യയാക്കിയ ടീച്ചർ തന്റെ അനാരോഗ്യത്തെ അതിജീവിച്ചു കൊണ്ട് എഴുത്ത് വീഥിയിലൂടെ യാത്ര തുടരുകയാണ്.
വളർന്നുവരുന്ന നമ്മുടെ മക്കളുടെ ധൈഷണിക വികാസത്തിലെ സുപ്രധാനമായ മുന്നേറ്റം എഴുത്തും വായനയും തന്നെയാണ്. വിജ്ജ്ഞാനം പകർത്തിവെക്കാനും അത് ഭാവിതലമുറക്ക് പ്രയോജനപ്രദമാക്കാനും എഴുത്തിലൂടെ സാധിക്കുന്നു. എഴുത്തിൻ്റെയും വായനയുടേയും ഇന്നത്തെ വികാസത്തിലേക്കുള്ള വഴിയിൽ പല വളർച്ചകളും ഉണ്ടാകണമെന്നതാണ് ഒ.കെ. ശൈലജയുടെ അഭിപ്രായം.
എഴുത്താകും ദിവ്യൗഷധത്തിന്റെ മൂല്യം അനുഭവിച്ചറിഞ്ഞ ആനന്ദാനുഭൂതിയിലാണ് ടീച്ചർ. ഇനിയുള്ള നാളുകളിലും സഹയാത്രികരായ എഴുത്തുകാരോടൊപ്പം സൗഹൃദം പങ്കിട്ട്, ആനന്ദമനുഭവിച്ചു കൊണ്ട് യാത്ര ചെയ്യണമെന്നതാണ് തൻ്റെ ജീവിതാഭിലാഷമെന്ന് പറയുമ്പോൾ അവർ ഉന്മേഷവതിയാണ് ഈ സായന്തനത്തിലും…
തയാറാക്കിയത്. സന്ധ്യാ ജയേഷ് പുളിമാത്ത്
No Comment.