Skip to content

chithrodayamflashnews.com

November 28, 2026 7:42 am

*ഇംഗ്ലീഷ് നോവലുകൾക്കിടയിൽ ഡ്രാക്കുളയ്ക്കുള്ള സ്ഥാനം നൽകാവുന്ന മലയാള നോവലാണ് മോഹനചന്ദ്രൻ്റെ കലിക

ഇംഗ്ലീഷ് നോവലുകൾക്കിടയിൽ ഡ്രാക്കുളയ്ക്കുള്ള സ്ഥാനം നൽകാവുന്ന മലയാള നോവലാണ് മോഹനചന്ദ്രൻ്റെ കലിക

 47 വർഷം മുമ്പ് മലയാളത്തിലെ, ആദ്യത്തെ മിസ്റ്റിക്കൽ ഫാന്റസിയായ കലിക എന്ന മാന്ത്രിക നോവലെഴുതുമ്പോൾ, മലയാളത്തിൽ ‘മാന്ത്രിക നോവൽ’ എന്ന പുതിയൊരു സാഹിത്യ ശാഖക്ക് ആരംഭം കുറിക്കുകയായിരുന്നു.

1977 ൽ കൊല്ലത്തു നിന്നും പ്രസിദ്ധീകരിച്ച കുങ്കുമം വാരികയിൽ ഖണ്ഡശ പ്രസിദ്ധികരിച്ച ‘കലിക’ വിഷയത്തിലും, ആഖ്യാനത്തിലും, തികച്ചും വ്യത്യസ്തമായ രചനയായി. ഏറെ ശ്രദ്ധിക്കപ്പെട്ട നോവലിന്റെ ആഖ്യാനം, കുങ്കുമം പോലെയൊരു, വാരികയുടെ വായനക്കാർ സ്വീകരിക്കുമോ എന്ന സംശയം കഥാകൃത്തിനുണ്ടായെങ്കിലും വാരികയുടെ പത്രാധിപരായ എൻ.വി.കൃഷ്ണവാര്യർക്ക് യാതൊരു സംശയമുണ്ടായിരുന്നില്ല.

ആലുവയില്‍ തന്റെ ജന്‍മദേശത്തെ കുടുംബക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളില്‍നിന്നുമാണ് മോഹനചന്ദ്രന്‍ എന്ന ചെറുപ്പക്കാരന്‍ യൗവ്വനത്തിന്റെ എല്ലാ ലഹരിയോടെയും കലിക സൃഷ്ടിക്കുന്നത്.

മലയാളം അതുവരെ കണ്ടിട്ടില്ലാത്ത അതിസാഹസികമായ ഒരു മേഖലയുടെ കവാടം തുറന്ന നോവലാണ് കലിക. ഗ്രാമത്തില്‍, പുരാതന തറവാട്ടില്‍ ഒരു ദുര്‍മരണം കൂടി ഉണ്ടായി എന്ന വിവരം ലഭിക്കുന്നതിനെത്തുടര്‍ന്നു മൂന്നു സൂഹൃത്തുക്കളെയും കൂട്ടി ദുരൂഹതയുടെ ഇരുട്ട് വകഞ്ഞുമാറ്റാന്‍ യാത്ര തിരിക്കുന്ന ഒരു യുവാവ്. അയാളെയും സുഹൃത്തുക്കളെയും കാത്തിരിക്കുന്ന മണ്ണും പെണ്ണും. അവിടെ ലഹരിയുണ്ട്. രതിയുണ്ട്. നിഗൂഢതകളുടെ ഇനിയും അഴിച്ചെടുക്കാനാവാത്ത ഇരുട്ടുനിറഞ്ഞ മുറികളും കാവും കുളവും ആരാധനാ സമ്പ്രദായങ്ങളും ഭക്തിശ്ലോകങ്ങളും.

കലിക ഒരു പെണ്ണാണ്. പെണ്ണായതിന്റെ പേരില്‍ വ്യക്തിത്വം ചവിട്ടിയരയ്ക്കപ്പെട്ടവള്‍. പെണ്ണായതിന്റെ പേരില്‍ മോഹങ്ങളൊക്കെയും ഒരു പുരുഷന്റെ മൃഗീയമായ ആസക്തിക്കുമുന്നില്‍ അടിയറവു വയ്ക്കേണ്ടിവന്നവള്‍. പെണ്ണായതിന്റെ പേരില്‍ പ്രണയത്തിന്റെ ശുഷ്ക നക്ഷത്രങ്ങള്‍ പോലും മറന്ന് ഇരുട്ടിലെ കിതപ്പുകള്‍ക്കു കാത്തിരിക്കേണ്ടിവന്നവള്‍.

എന്നെന്നും ആ പെണ്ണ് അടിമയും പുരുഷന്‍ ഉടമയും അവളുടെ കിതപ്പുകള്‍പോലും അവന്റെ  അവകാശവുമെന്ന പരമ്പരാഗത ധാരണയെ പൊളിച്ചെഴുതാന്‍ കലിക ഉണരുമ്പോള്‍ തകര്‍ന്നുവീഴുന്നത് ഒരു തറവാടിനെ ചുറ്റിപ്പറ്റി ഒരു കാവിന്റെ ചുറ്റുമായി ഒരു ഗ്രാമവും ഒട്ടേറെ കുടുംബങ്ങളും കെട്ടിപ്പൊക്കിയ ആവര്‍ത്തിച്ചുറപ്പിച്ച അന്ധവിശ്വാസങ്ങളുടെ കോട്ടകൊത്തളങ്ങള്‍ കൂടിയാണ്. കലികയ്ക്കും മുമ്പും ശേഷവും മലയാളത്തില്‍ പെണ്ണിന്റെ പ്രതികാരത്തിന്റെ ആവിഷ്ക്കാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ മറ്റു കൃതികളില്‍ നിന്നൊക്കെ വ്യത്യസ്തമായി ഒരു ജനവിഭാഗത്തിന്റെ ആദിബോധത്തിലെ ഒരു വിഗ്രഹത്തിന്റെ ഭക്തിപരിവേഷത്തെ പ്രതികാരത്തിന്റെ നാളത്തിലേക്ക് ആവാഹിക്കുന്ന മറ്റൊരു കൃതിയില്ല.

സൗന്ദര്യലഹരിയും, ലളിതാസഹസ്രനാമത്തിന്റെ വർണ്ണനയും ഈ നോവലിൽ ഉപയോഗിക്കുകയും വടയക്ഷിണിയും, ധൂമാവതിയും, മലയാള വായനക്കാർക്ക്  പരിചിതമാകുന്നതും കലികയിലൂടെ തന്നെ. ഇതിൽ ഉപയോഗിച്ചിരിക്കുന്ന മന്ത്രങ്ങളും പ്രയോഗങ്ങളും താന്ത്രിക രംഗങ്ങളും പുതുമന തന്ത്രിയുടെ സംശോദനയിൽ തന്നെയായതിനാൽ ഒറിജിനൽ തന്നെ. അതുകൊണ്ടാണ് നോവലിസ്റ്റ് ഇതിലെ വിദ്യകളും മന്ത്രങ്ങളും വായനക്കാരൻ പരീക്ഷിക്കരുത് എന്ന കുറിപ്പ് നോവൽ പുസ്തരൂപത്തിൽ വന്നപ്പോൾ ചേർത്തത്.

മലയാളത്തിലെ ആദ്യത്തെ മാന്ത്രിക നോവലായ കലികയെ മന്ത്രവാദത്തിലും സംസ്കൃതത്തിലും രതിയുടെയും മൃതിയുടെയും ഇരുള്‍ക്കയത്തിലുമായി തളച്ചിടാനാവില്ല. കലിക തീര്‍ച്ചയായും ഭാഷയിലെ ആദ്യത്തെ മാന്ത്രിക നോവല്‍തന്നെയാണ്. ഭീതിയും രതിയും മൃതിയും സംഹാരാത്മകതയുമെല്ലാം തുല്യ അനുപാതത്തില്‍ യോജിപ്പിച്ച് സൃഷ്ടിച്ചെടുത്ത അപൂര്‍വ കലാസൃഷ്ടി തന്നെയുമാണ്. പക്ഷേ അതിലുപരി പെണ്ണിന്റെ അഭിമാന സംരക്ഷണത്തിന്റെ ആദ്യത്തെ രൂക്ഷമായ പ്രത്യയശാസ്ത്രങ്ങളില്‍ ഒന്നുമാണ്. ഗോത്രങ്ങളുടെ, മനുഷ്യക്കൂട്ടായ്മകളുടെ ആദിബോധത്തില്‍ ഉറഞ്ഞുകൂടിയ അമ്മ-ദേവി സങ്കല്‍പത്തിന്റെ ഏറ്റവും മനോഹരമായ വ്യാഖ്യാനവുമാണ്.

തമിഴിൽ ആനന്ദവികടനിലെ ശിവൻ പരിഭാഷ നൽകി കലികക്ക് വായനക്കാരുണ്ടായി. ചെറുകഥാകൃത്ത് വിക്ടർ ലീനസാണ് കലിക ആദ്യം ഇംഗ്ലിഷിലേക്ക് മൊഴിമാറ്റം നടത്തിയത്. പക്ഷേ, അത് പുറത്ത് വന്നില്ല. പിന്നിട് 2010– ൽ വേറൊരാളുടെ പരിഭാഷ പുസ്തകമായി. ഇംഗ്ലീഷ് നോവലുകൾക്കിടയിൽ ഡ്രാക്കുളക്കുള്ള സ്ഥാനമാണ് മലയാള നോവലുകളുടെയിടയിൽ കലികയ്ക്ക് കൊടുക്കാവുന്നതെന്ന് തോന്നുന്നു.

രചിച്ച് 47 വർഷം തികയുന്ന ഈ കാലഘട്ടത്തിൽ ഇന്നും പുതുമ നഷ്ടപ്പെടാതെ വായിക്കാവുന്ന കലിക എന്ന ഈ നോവൽ കാലത്തെ അതിജീവിക്കുന്ന അപൂർവ്വം മലയാള നോവലുകളുടെ കൂട്ടത്തിൽ പെടുമെന്നത് തീർച്ച.

തന്നോടു തെറ്റു ചെയ്തവരെ ഒന്നൊന്നായി കീഴടക്കി പ്രതികാര ദുര്‍ഗയായി മാറിയ യഥാര്‍ഥ കലികയെപ്പോലെതന്നെ. ഒപ്പം മലയാളത്തിലെ ഭീകര – മാന്ത്രിക വിഭാഗത്തില്‍പ്പെടുന്ന രചനകള്‍ക്ക് അനുകരിക്കാനും പ്രചോദനം നേടാനും തികവുറ്റ മാതൃകയായും നിലകൊള്ളുന്നു – അര നൂറ്റാണ്ടിനുശേഷവും.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6