കോഴിക്കോട്: ബെംഗളുരുവിൽ നിന്നും കോഴിക്കോട്ടേക്ക് രണ്ടുകോടി രൂപയുടെ ലഹരിമരുന്ന് കടത്തിയതിന് അറസ്റ്റിലായ ആലപ്പുഴ പുന്നപ്ര പാലിയത്തറ ഹൗസിൽ ജുമി സ്ഥിരം ലഹരിക്കടത്തുകാരിയെന്ന് പൊലീസ്. അതീവ രഹസ്യമായി ലഹരിമരുന്നുകൾ കേരളത്തിലേക്ക് എത്തിക്കുന്നതിൽ വിദഗ്ധയാണ് ജുമി എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ആഢംബര ജീവിതം നയിക്കാൻ വേണ്ടിയാണ് യുവതി ലഹരിക്കടത്ത് സംഘത്തിലേക്കെത്തിയത്. ഗോവ, ബെംഗളൂർ എന്നിവിടങ്ങളിൽ വലിയ ഹോട്ടലുകളിൽ റൂമെടുത്ത് ജീവിതം ആസ്വദിക്കുകയാണ് യുവതിയുടെ രീതി. ഇതിന് ആവശ്യമായ പണം ലഹരിക്കടത്തിലൂടെ കണ്ടെത്തുകയും ചെയ്യും.
നിരവധി തവണ യുവതി കേരളത്തിലേക്ക് മയക്കുമരുന്നുകൾ എത്തിച്ചിട്ടുണ്ട്. ടൂറിസ്റ്റ് ബസുകളിലായിരുന്നു യാത്രകൾ അധികവും. കോഴിക്കോട്ടേക്ക് ലഹരിമരുന്ന് എത്തിച്ചതിന് ശേഷവും ജുമി ബെംഗളുരുവിലേക്ക് മടങ്ങിയിരുന്നു. ലഹരിസംഘത്തിലെ രണ്ടുപേർ അറസ്റ്റിലായതോടെ ഒളിവിൽ പോകുകയും ചെയ്തിരുന്നു. എന്നാൽ, പൊലീസിന്റെ പിടിയിലായ ഷൈൻ ഷാജിയുടെ മൊഴികളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജുമിയെ കഴിഞ് ദിവസം ബെംഗളുരുവിൽ നിന്നും അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ മേയ് 19നായിരുന്നു കേസിനാസ്പദമായ സംഭവം. പുതിയങ്ങാടി എടയ്ക്കൽ ഭാഗത്തെ വാടക വീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളയിൽ പൊലീസും ഡാൻസാഫും നടത്തിയ പരിശോധനയിൽ വീട്ടിൽനിന്നു രണ്ട് കോടിയിലധികം രൂപ വിലവരുന്ന മാരക മയക്കു മരുന്നുകൾ പിടികൂടി. പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ വീട്ടിലുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു.
ഓടി രക്ഷപ്പെട്ട രണ്ടു പേരെ പിടികൂടുന്നതിനായി കോഴിക്കോട് സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ഒന്നാം പ്രതി നിലമ്പൂർ സ്വദേശി ഷൈൻ ഷാജിയെ ബെംഗളൂരൂവിൽ നിന്നും, രണ്ടാം പ്രതി പെരുവണ്ണാമുഴി സ്വദേശി ആൽബിൻ സെബാസ്റ്റ്യനെ കുമളിയിൽ നിന്നും പിടികൂടി റിമാൻഡ് ചെയ്തു. ഇതിൽ ഷൈൻ ഷാജിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോൾ ബെംഗളൂരുവിൽ നിന്നും ഷൈനിനോടൊപ്പം എംഡിഎംഎ കോഴിക്കോട്ടേക്ക് കൊണ്ടുവന്നതിന്റെ കാരിയർ ആയി പ്രവർത്തിച്ചത് ജുമിയാണെന്നു മനസിലാകുകയും യുവതിക്കായി വലവിരിക്കുകയുമായിരുന്നു.
No Comment.