കവിത

പറഞ്ഞുതീരാത്ത കഥകളിലൂടെ പയ്യാരം പറഞ്ഞ്,
കാട്ടു ചെത്തിയുടെ പഴങ്ങൾ
വെറുതെ വായിലിട്ടു മധുരം നുണഞ്ഞ്,
സ്വപ്നങ്ങളുടെ കുളപ്പടികളിൽ
വെറുതെ ചേർന്നിരിക്കുമ്പോൾ,
അമ്പലക്കുളത്തിലെ പരലുകൾ
മുട്ടിയുരുമ്മി നീന്തുന്നതു കാണാം…
അവയുടെ പ്രണയത്തിന്റെ ആശ്ലേഷം കാണാം…
കുന്നിറങ്ങി വന്ന കാറ്റിനും
അപ്പോഴൊരു മാദകഗന്ധമുണ്ടാകും
മലവാകകളെ പുൽകിയുണർത്തിയ ഗന്ധം…
എന്നെയും നിന്നെയും ചേർത്തുവയ്ക്കുന്ന സ്നേഹത്തിന്റെ നനുത്ത ഗന്ധം…
അപ്പോൾ നിന്റെ തൂലികയ്ക്ക് വീണ്ടും ചലനമുണ്ടാകും,
മറ്റൊരു കവിത കുറിക്കാൻ…
അപ്പോൾ അങ്ങു ദൂരേ…
പ്രണയത്തിന്റെ പുത്തനുണർവു പകരാൻ,
ഒരു നീർമാതളം
മെല്ലെ… മെല്ലെ…
പൂത്തു വിരിയുന്നുണ്ട്…
രാപ്പക്ഷികൾക്ക് വിരുന്നൂട്ടാൻ…
നിലാവസ്തമിക്കാത്ത
രാവിന്റെ ചാരുതയിൽ
നീയെന്നിൽ മോഹിനിയാവുമ്പോൾ
ഞാൻ നിന്നിൽ
പ്രണയപരാഗമാകും…
ഋതുഭേദങ്ങളുടെ നിതാന്ത പ്രയാണങ്ങളിൽ…
നീയും ഞാനും…
അങ്ങനെ.. അങ്ങനെ…
ഒന്നായലിഞ്ഞ്…
സ്വപ്നസാഗരങ്ങൾ നീന്തി…നീന്തി…
ഹൃദയരാഗമായ്…
അനുഭൂതികളുടെ
അനന്ത വിഹായസിലേയ്ക്ക്….
ഒന്നായലിഞ്ഞു…
ഞാനും നീയും….

No Comment.