Skip to content

chithrodayamflashnews.com

Asnap 1409

ഒറ്റപ്പെടൽ

കവിത

സി.ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

ഇന്നെനിക്കുറക്കമില്ലാത്ത ദിനം….
ഉള്ളിലെ അഗ്നിശാഖ ഒന്നുകൂടി നീറിയെരിയുന്നുണ്ട്…
തിരിച്ചറിയാതെപോകുന്ന സ്നേഹബന്ധങ്ങളെ
വിധിപ്പകർപ്പുകളിൽ തിരഞ്ഞ്
വീണ്ടും തിരിച്ചുവിളിച്ചിട്ട് കാര്യമില്ലല്ലോ…?
അർഹതയുടെ നേരെഴുത്തിൽ
അനർഹതയുടെ തേരോട്ടം….
അതു തുടർന്നുകൊണ്ടേയിരിക്കും…
നൂറുനൂറു ചോദ്യങ്ങളിൽ
നൂറായിരം സംശയങ്ങൾ…
അതിനെല്ലാം ഉത്തരങ്ങൾ തേടിപ്പോകുമ്പോഴും
ഉപബോധമനസ്സിൽ
ബുദ്ധനിരുന്നു ചിരിക്കുന്നുണ്ട്….
പണ്ടൊരു രാത്രിയിൽ
വീടുവീട്ടിറങ്ങിയ അബദ്ധമോർത്ത്….
കുടുംബമെന്ന ഭദ്രതയെ
പാതിവഴിയിൽ ഉപേക്ഷിച്ചുപോയവന്റെ
ദീർഘനിശ്വാസങ്ങൾക്കിടയിൽ
ഇടനെഞ്ചു പൊടിയുന്ന വേദനയും കാണാം….
അപ്പോഴും അങ്ങു ദൂരേനിന്നും
“ബുദ്ധം ശരണം ഗച്ഛാമി”
അലകൾ തീർക്കുന്നുണ്ട്….
ഞാനും ഇപ്പോൾ ഏകനാണ്….
സ്നേഹത്തെക്കാളുപരി
പകയെരിയുന്ന നോട്ടങ്ങൾ
പുറകെയുണ്ട്….
ചേർത്തുപിടിക്കുമ്പോൾ
അറിയാതെപോയത്
അപരന്റെ വിഷം പുരണ്ട നഖങ്ങൾ
പുറത്തു ആഴ്ന്നിറങ്ങിയതാണ്….
ഓരോ ഇഷ്ടങ്ങളും ചിലപ്പോൾ
അനിഷ്ടങ്ങളുടെ
ശിഷ്ടങ്ങളാവാം.,..
അവിടെ നഷ്ടക്കണക്കുകൾക്ക്‌
എന്തുപ്രാധാന്യം…?
ഇരുൾവിഴുങ്ങിപ്പക്ഷികൾ
വെറുതെ കുറുകുന്നുണ്ട്…
ഗതകാലസ്മരണകളെ അയവിറക്കുന്നുണ്ട്….
ഞാനിപ്പോഴും ഏകനാണ്….
എന്റെ യാത്ര തുടരുകയാണ്….
അകലെ നിഴൽപ്പാടുപോലെ
മുൻപേയൊരാൾ നടക്കുന്നുണ്ട്….
അത്… അത്…ബുദ്ധനാണ്….
ഒപ്പമെത്താനെന്റെ മനസും
തിടക്കപ്പെടുന്നുണ്ട്…
ബുദ്ധം ശരണം ഗച്ഛാമി…

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6