Skip to content

chithrodayamflashnews.com

November 29, 2026 4:03 pm
വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച)

എന്റെ ദുബായ് യാത്രാവിവരണ അനുഭവ ഡയറിക്കുറിപ്പ്-( 2) മാലിനി ജയരാജ്‌ ( തൃശ്ശൂർ )

മാലിനി ജയരാജ്‌ ( തൃശ്ശൂർ )

യാത്രാരംഭവും രസകരമായ വിമാനവിശേഷങ്ങളും

16:11:22-(ബുധൻ)


പറഞ്ഞേൽപ്പിച്ച പ്രകാരം കൃത്യം 5:30am ന് തന്നെ വർഗീസേട്ടന്റെ കാർ മുറ്റത്ത് വന്നു നിന്നു. കൊണ്ടുപോകാനുള്ള ബാഗെല്ലാം കാറിന്റെ ഡിക്കിലും മറ്റുമായി ഒതുക്കി വെച്ചു. വീട്ടിൽ നിന്ന് 5:40 ന് ഇറങ്ങുമ്പോൾ കൊട്ടിൽ തുറന്ന് വിളക്ക് വെയ്ക്കുന്നുണ്ടായിരുന്നു. വിഷ്ണുമായസ്വാമിയെ തൊഴുതശേഷം ഗേറ്റിന്റെ ചാവി അവിടെ ഏൽപ്പിച്ചിട്ടാണ് പോയത്. അത്യാവശ്യം മഞ്ഞുണ്ടായിരുന്നതുകൊണ്ട് ചെറിയ കുളിരും തോന്നി. 7:05 ന് നെടുമ്പാശ്ശേരി എയർപോർട്ടിൽ ഞങ്ങളെത്തി .മക്കൾ വേഗംതന്നെ ട്രോളി കൊണ്ടുവന്നു. അതിലേക്ക് ലഗ്ഗേജ് എടുത്തുവെയ്ക്കാൻ വർഗീസേട്ടൻ സഹായിച്ചു. അവർക്ക് വണ്ടിച്ചാർജ്‌ നൽകി പറഞ്ഞയച്ചതിനുശേഷം ഞാനും മക്കളും ട്രോളിയുമായി നീങ്ങി.

വിദേശത്തേയ്ക്ക് പോകുന്നവരുടെയും തിരിച്ചു വരുന്നവരുടെയും നീണ്ട നിരതന്നെയുണ്ട് അവിടെ. ഭാര്യയെപിരിഞ്ഞു പോകാനുള്ള ഭർത്താവിന്റെ സങ്കടം, മക്കളെ പിരിയുന്ന മാതാപിതാക്കളുടെ ദുഃഖം, ചിലർ കെട്ടിപ്പിടിച്ചു പോകാൻ അനുവദിക്കാതെ നിൽക്കുന്ന കാഴ്ചകൾ ഒരു വശത്തെങ്കിൽ മറുവശത്ത് വർഷങ്ങൾക്കുശേഷം കാണുന്ന ഭാര്യാഭർത്താക്കന്മാരുടെ സന്തോഷം,…. ജോലികിട്ടി വിദേശത്ത് പോകുന്നവരുടെ സന്തോഷവും ഒപ്പം ഉറ്റവരെ പിരിയേണ്ട ദുഃഖവും അങ്ങനെയെല്ലാം കാണാം. ശാസ്ത്ര സാങ്കേതിക വിദ്യകൾ പുരോഗമിച്ചതുകൊണ്ട് ഇന്നത്തെ കാലത്ത് എപ്പോൾ വേണമെങ്കിലും കണ്ടു സംസാരിയ്ക്കാം എന്നൊരു ഗുണം കൂടിയുണ്ടല്ലോ എന്നുള്ളതുകൊണ്ട് പണ്ടത്തെപ്പോലെ കൂട്ടക്കരച്ചിലൊന്നും അവിടെ ഉണ്ടായിരുന്നില്ല.

ഞങ്ങൾ മൂന്നുപേരും എൻട്രൻസിൽ നിൽക്കുന്ന ആൾക്ക് പാസ്സ്പോർട്ടും വിസയും കാണിച്ചുകൊടുത്തു. പരിശോധിച്ച ശേഷം അകത്തേയ്ക്ക് കടത്തിവിട്ടു. അവിടെത്തന്നെ തോക്ക് പിടിച്ച് ഒരു ഉദ്യോഗസ്ഥൻ നിൽക്കുന്നുണ്ട്. ഉള്ളിലേയ്ക്ക് കടന്നപ്പോൾ വലതു വശത്ത് കൗണ്ടർ A യിൽ ആയിരുന്നു Air ഇന്ത്യ യാത്രക്കാരുടെ ചെക്കിങ്. അവിടെ ആവശ്യപ്പെട്ട ഡോക്യുമെന്റ്സ് കാണിച്ചു. ലെഗ്ഗേജ് എല്ലാം വെയിറ്റ് നോക്കി സീൽ ചെയ്തു ഉള്ളിലേയ്ക്ക് കടത്തിവിട്ടു.

COCHIN INTERNATIONAL AIRPORT

ഈ സമയത്താണ് 2019 ലെ ദുബായ് യാത്രയിൽ ഞങ്ങൾക്ക് എയർപോർട്ടിൽ വെച്ചുണ്ടായ സങ്കടകരവും ഇപ്പോൾ ആലോചിയ്ക്കുമ്പോൾ രസകരവുമായ ഒരു സംഭവം ഞാനും മക്കളും പരസ്പരം വീണ്ടും പങ്കുവെച്ചത്. അന്ന് ഞങ്ങൾ എല്ലാ തയ്യാറെടുപ്പുകളോടുംകൂടി യാത്രയ്ക്കൊരുങ്ങി എയർപോർട്ടിൽ എത്തി. എന്റെ അമ്മയും ഡ്രൈവർ രതീഷും മലപ്പുറം കോട്ടയ്ക്കലിൽ നിന്ന് അവിടെ എത്തിയിട്ടുണ്ടായിരുന്നു. അവരോട് യാത്രപറഞ്ഞ് ഞങ്ങൾ ഉള്ളിൽ കയറി. കൗണ്ടറിൽ A യിൽ ആവശ്യപ്പെട്ട കടലാസ്സുകളെല്ലാം കൊടുത്ത് ലെഗ്ഗേജ് ചെക്ക്ചെയ്യാൻ കാത്തുനിൽക്കുമ്പോൾ ആ കൗണ്ടറിലെ ലേഡി എന്റെ കൈയ്യിൽ രണ്ട് ബോർഡിങ് പാസ്‌ നൽകിയിട്ട് പറഞ്ഞു ” മാലിനി ജയരാജ്‌ & ശില്പ ജയരാജ്‌, നിങ്ങൾ രണ്ടുപേർക്കും യാത്ര ചെയ്യാം. ശിഖ ജയരാജിന് (ഉണ്ണി )പോകാൻ പറ്റില്ല” എന്ന് കേട്ടതും ആകെ ശ്വാസം നിലച്ചപോലെ ആയി, എന്താ കാര്യം, ഇനി എന്താ ചെയ്യാ എന്നൊന്നും മനസ്സിലാവുന്നില്ല. ചോദിച്ചപ്പോൾ അവർ പറഞ്ഞു ശിഖയുടെ പാസ്സ്പോർട്ടിൽ മൂന്ന് മാസത്തെ കാലാവധിയുള്ളു, മിനിമം 6 മാസമെങ്കിലും ഉണ്ടെങ്കിലേ കടത്തിവിടു എന്ന്. ഇനി അഥവാ ഇവിടുന്നു പോയാലും ദുബായ് എയർപോർട്ടിൽ നിന്ന് പുറത്ത് കടക്കാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ വേഗം ജയേട്ടനെ വിളിച്ചു, അവർ പറഞ്ഞു ഞാൻ അക്കാര്യം വിസ എടുക്കുമ്പോൾ സൂചിപ്പിച്ചിരുന്നു, പക്ഷേ അവർ പ്രശ്നമുള്ളതായി പറഞ്ഞില്ലത്രേ.

ഞാൻ വേഗം അമ്മയെ വിളിച്ചു. ഭാഗ്യത്തിന് അമ്മയും രതീഷും അവിടെത്തന്നെ ഉണ്ടായിരുന്നു. എന്റെ വീട്ടിലേയ്ക്ക് ഏട്ടനെ വിളിച്ചുപറഞ്ഞപ്പോൾ അയൽവാസി ഒരാൾ കരിപ്പൂർ വിമാനത്താവളത്തിൽ ജോലിചെയ്യുന്നുണ്ട് അവരോട് ചോദിയ്ക്കട്ടെ എന്ന് പറഞ്ഞ് ഫോൺ വെച്ചു. അപ്പോൾ അമ്മ പറയാ എന്നോടും ശില്പയോടും ദുബായിയ്ക്കു പോവാൻ, ഉണ്ണിയെ അമ്മകൊണ്ടുപോവാം എന്നിട്ട് പാസ്പോർട്ട്‌ ശരിയാക്കിയ ശേഷം അവളെ പറഞ്ഞയയ്ക്കാമെന്ന്. ഉണ്ണിയുടെ മുഖത്ത് നോക്കി, അവൾ കണ്ണിൽ വെള്ളം നിറച്ചു നിൽക്കുന്നത് കണ്ടപ്പോൾ വേഗം കൗണ്ടറിൽ നിന്ന് ഡോക്യൂമെന്റ്സ് തിരിച്ചുവാങ്ങി. ഞങ്ങളെ പുറത്തേയ്ക്ക് കൊണ്ടുവിടാൻ എയർപോർട്ടിലെ ഒരു ഉദ്യോഗസ്ഥൻ കൂടെ വന്നു. അദ്ദേഹം പറഞ്ഞു “അഥവാ ഇവിടുന്നു കയറ്റിവിട്ടാലും ദുബായ് എയർപോർട്ടിൽ നിന്ന് നിങ്ങൾക്ക് പുറത്ത് കടക്കാൻ സാധിയ്ക്കില്ല, അതുകൊണ്ട് ക്യാൻസൽ ചെയ്തതുതന്നെയാ നല്ലത്”എന്ന്. അമ്മയും രതീഷും ഞങ്ങളെ വീട്ടിൽ കൊണ്ടുവിട്ട് അവർ തിരിച്ചുപോയി. പിന്നീട് ചില ഗവണ്മെന്റ് അവധികളൊക്കെ വന്നു. അത് കഴിഞ്ഞ് പാസ്പോർട്ട്‌ റിന്യൂ ചെയ്ത് പോലീസ് വെരിഫിക്കേഷനും കഴിഞ്ഞ് പത്താം ദിവസം ഞാനും മക്കളും വീണ്ടും ദുബായിയിലേയ്ക്ക് സന്തോഷത്തോടെ പറന്നു. ഒരിയ്ക്കലും മറക്കാത്ത ഓർമകളായി ഈ സംഭവം ഇടയ്ക്കിടയ്ക്ക് സംസാരത്തിനിടയിൽ വരാറുണ്ട്.

എയർപോർട്ടിലെ ഉച്ചത്തിലുള്ള അനൗൺസ്‌മെന്റ് കേട്ടപ്പോഴാണ് ഞങ്ങൾ പെട്ടന്ന് ഓർമ്മകളെ മനസ്സിന്റെ ഒരു കോണിലേയ്ക്ക് മാറ്റിവെച്ചത്.

ഒരാൾക്ക് 8 കിലോ സാധനങ്ങൾ കൈയ്യിൽ പിടിച്ച് ഫ്ലൈറ്റിനുള്ളിലേയ്ക്ക് കൊണ്ടുപോകാം. ലാപ്ടോപ്പും, മൈബൈൽ ഫോണും അതിൽ ഉൾപ്പെടും. അതുപോലെ 30 കിലോയിൽ കൂടുതൽ ലഗ്ഗേജ് ഉണ്ടാകാൻ പാടില്ല. അഥവാ അങ്ങനെ വന്നാൽ അതിന് കൂടുതൽ പൈസ അടയ്ക്കേണ്ടി വരുമെന്നുള്ളതുകൊണ്ട് ഞങ്ങൾ വീട്ടിൽ നിന്ന് തന്നെ വെയ്റ്റ് നോക്കി തിട്ടപ്പെടുത്തിയിരുന്നു. കുറെയധികം ആളുകൾ അതിനായുള്ള ക്യൂവിൽ നിന്ന് പൈസ അടയ്ക്കുന്നുണ്ടായിരുന്നു.

ഞങ്ങൾക്കുള്ള ബോർഡിങ് പാസ് കിട്ടി. എമിഗ്രേഷനിൽ എല്ലാ ചെക്കിങ്ങും കഴിഞ്ഞ് പാസ്സ്പോർട്ടിൽ സ്റ്റാമ്പ്‌ ചെയ്ത് ഡോക്യുമെന്റ്സ് തിരിച്ചുതന്നു. അത് കസ്റ്റമ്സിൽ കാണിയ്ക്കാൻ പറഞ്ഞു. അവർ അതെല്ലാം പരിശോധിച്ചു. ഐറിസ് സ്കാൻ ചെയ്തു. കൈയ്യിലുള്ള ബാഗും ലാപ്ടോപ്പും പരിശോധിയ്ക്കാൻ ട്രേയിൽ വെച്ചു. മെറ്റൽ സാധനങ്ങളെല്ലാം അതിൽ വെയ്ക്കണം.മൊബൈൽ ഫോൺ & ചാർജർ, കോയിൻ, ചാവി, വാച്ച്, ബെൽറ്റ്‌, എന്നുവേണ്ട എല്ലാം. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വെവ്വേറെ കാബിനിൽ ബോഡി സ്കാനർ( metal detector ) ഉപയോഗിച്ച് പരിശോധന കഴിഞ്ഞാൽ ഇതിന്റെ തന്നെ മറ്റൊരു ഫ്രയ്മിലൂടെ കടന്നുപോകണം അപ്പോൾ നമ്മുടെ ശരീരത്തിൽ മെറ്റലോ സ്വർണ്ണമോ അങ്ങനെ എന്തേലും ഉണ്ടെങ്കിൽ ഒരു ബീപ് ശബ്ദം കേട്ടാൽ അവർ വീണ്ടും പരിശോധിയ്ക്കും.

നമ്മുടെ ബാഗും സാധനങ്ങളെല്ലാം ഒരു മെഷീനിലൂടെ കടത്തിവിടുമ്പോൾ സ്‌ക്രീനിൽ പച്ചയും ചുവപ്പുംനീലയും കൂടിക്കലർന്ന കളറിലൂടെ ബാഗിലും പെട്ടിയിലും ഉള്ള സാധനങ്ങൾ യൂണിഫോമിട്ട ഉദ്യോഗസ്ഥൻ പരിശോധിയ്ക്കുന്നത് നമുക്കും കാണാൻ സാധിക്കും. സാധനങ്ങളെല്ലാം നീങ്ങിനീങ്ങി ഒരു വലിയ ട്രേയിൽ വന്ന് കഴിഞ്ഞാൽ നമുക്കതെടുക്കാം. എന്റെയും ഉണ്ണിയുടെയും ബാഗും ലാപ്ടോപ്പുമെല്ലാം കിട്ടി. പക്ഷേ ശില്പയുടെ അവിടെ കണ്ടില്ല. അപ്പുറത്ത് ഒരു നോർത്ത് ഇന്ത്യൻ സെക്യൂരിറ്റിക്കാരൻ അത് മാറ്റിവെച്ചിരിയ്ക്കുന്നു. അതിനടുത്തുപോയി അദ്ദേഹത്തോട് ചോദിച്ചപ്പോൾ ബാഗ് തുറക്കാൻ ആവശ്യപ്പെട്ടപ്രകാരം ഞാൻ തുറന്നു.അതിനുള്ളിൽ പുതിയ ഒരു സെല്ലോടേപ്പ് ഉണ്ടായിരുന്നു.അത് കൊണ്ടുപോകാൻ പാടില്ലത്രേ. ഞങ്ങൾ അപ്പോഴാണ് അങ്ങനെയൊരു കാര്യം അറിയുന്നത്. അയാൾ അതെടുത്ത് അവിടുത്തെ മേശപ്പുറത്തു വെയ്ക്കുമെന്നാ ഞാൻ കരുതിയത്. പക്ഷേ കൈയിലെടുത്തു രണ്ട് കൈകൾക്കൊണ്ടും ഒരൊറ്റ അമർത്തൽ പാവം ആ സെല്ലോടേപ്പ് ആകെ പരന്നു പോയത് കണ്ടപ്പോൾ അയാളോടെനിയ്ക്ക് ദേഷ്യം തോന്നി. ജയേട്ടനെ വിളിച്ച് ഇക്കാര്യംപറഞ്ഞപ്പോൾ ജയേട്ടൻ പറയാ സെല്ലോടേപ്പ് കൊണ്ടുള്ള അക്രമങ്ങൾ ( വരിഞ്ഞു കെട്ടുകയോ, മൂക്കും വായും ഇതുകൊണ്ട് ഒട്ടിയ്ക്കുകയോ, കഴുത്തിൽ ചുറ്റി മുറുക്കുകയോ ) ഉണ്ടാകാതിരിക്കാൻ വേണ്ടിയാണെന്ന്, വലിയ ലഗ്ഗെജിൽ കൊണ്ടുപോകാം പക്ഷേ കൈവശം വെച്ച് കൊണ്ടുപോകാൻ പാടില്ലത്രേ.

എല്ലാം ok ആയശേഷം 8 മണിയ്ക്ക് വെയ്റ്റിംഗ് സ്ഥലത്തേക്ക് പോയി. അവിടെ ആളുകൾ ഇരിയ്ക്കുന്നുണ്ട്. ചിലർ ഉറങ്ങുന്നു, മറ്റുചിലരാകട്ടെ സീറ്റിൽ ബാഗ് കയറ്റിവെച്ചു അപ്പുറത്തൊക്കെ നടക്കുന്നു. ഞങ്ങൾക്കും അവിടെ സീറ്റ്‌ കിട്ടി. ഇടയ്ക്ക് വാഷ്റൂമിൽപോയി വന്നു.

സെക്കന്റുകൾമിനിറ്റുകൾക്കുംമിനിറ്റുകൾമണിക്കൂറുകൾക്കുംവഴിമാറിക്കൊടുക്കുന്നു.അങ്ങനെ, സ്വാഗതം ചെയ്തുകൊണ്ടുള്ള അനൗൺസ്‌മെന്റ് വന്നതിനു ശേഷം 10 മണിയ്ക്ക് തന്നെ എല്ലാവരും വരിവരിയായി Air India ഫ്ലൈറ്റിനുള്ളിലേയ്ക്ക് സസന്തോഷം കയറി. Crew മെബേർസ് ഞങ്ങളെയെല്ലാം സ്വാഗതം ചെയ്തു. മുമ്പൊക്കെ ഫ്‌ളൈറ്റിനുള്ളിൽ കയറാൻ അതിനടുത്തേയ്ക്ക് ഗ്രൗണ്ടിലൂടെ നടന്നുപോയി ഫ്‌ളൈറ്റിനോട് ചേർന്ന് അറ്റാച്ച് ചെയ്തുതരുന്ന കോണിയിലൂടെ കയറുകയായിരുന്നെങ്കിൽ ഇപ്പോൾ എയർപോർട്ടിൽനിന്ന് നേരിട്ട് ഫ്‌ളൈറ്റിനുള്ളിലേയ്ക്ക് കയറാമെന്ന സിസ്റ്റം ഏറെ പ്രയോജനപ്രദമാണ്. ഞങ്ങൾ സീറ്റ്‌ നമ്പർ നോക്കി ഉറപ്പുവരുത്തി,സീറ്റ്‌ ബെൽറ്റ്‌ ധരിച്ചു റെഡിയായി ആകാംക്ഷയോടെ ഇരുന്നു. ഹാൻഡ്‌ബാഗും ലാപ്ടോപ്പും ഒതുക്കിവെച്ചു. crew മെമ്പേഴ്‌സ്എല്ലാവരെയും സഹായിയ്ക്കുന്നുണ്ട് കൈയ്യിലുള്ള ബാഗുകൾ മുകളിലെ കേബിനെറ്റിൽ വെയ്ക്കാനും മറ്റും. എന്തെങ്കിലും അപകടമുണ്ടാകുമ്പോൾ ഓക്സിജൻ മാസ്ക്, ലൈഫ് ജാക്കറ്റ് എന്നിവ ഉപയോഗിയ്ക്കേണ്ട വിധം ഇപ്പോൾ ഓരോ സ്‌ക്രീനിലും ആണ് കാണിക്കുന്നത്. മുമ്പൊക്കെ എയർഹോസ്റ്റസ് നേരിട്ട് കാണിച്ചുതരുകയായിരുന്നു. ചെറിയ കുട്ടികളുള്ളവരെ പ്രത്യേകം പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുന്നു. സീറ്റ്‌ ബെൽറ്റ്‌ എല്ലാവരും കറക്റ്റ് ആയാണോ ഇട്ടിരിയ്ക്കുന്നതെന്നു ശ്രദ്ധിയ്ക്കും.ഫ്ലൈറ്റ് ടേക്ക് ഓഫ്‌ ചെയ്യുന്ന സമയത്ത് എല്ലാവരോടും മൊബൈൽ സ്വിച്ച് ഓഫ്‌ ചെയ്യാൻ പറയും പക്ഷേ കോട്ടും സൂട്ടും ഇട്ട് ടിപ് ടോപ്പിൽ ഇരിയ്ക്കുന്ന ചിലർ ഇതൊന്നും ശ്രദ്ധിയ്ക്കാതെ മൊബൈലിലും കുത്തി ഇരിയ്ക്കുന്നത് കാണുമ്പോൾ എങ്ങനെ ദേഷ്യം വരാതിരിയ്ക്കും.

AIR INDIA

10:14 ന് ഫ്ലൈറ്റ് നീങ്ങിത്തുടങ്ങി .10:15 ന് മുകളിലേയ്ക്ക് പൊങ്ങുമ്പോൾ ചെവി രണ്ടും അടയ്ക്കുന്നതോടൊപ്പം വയറിനുള്ളിൽ ഒരുതരം എരിപൊരി സഞ്ചാരവും അനുഭവപ്പെട്ടു..10: 27 ന് വീണ്ടും ഉയരങ്ങളിലേയ്ക്ക് പൊങ്ങുമ്പോഴൊക്കെ പേടി കാരണം മോളാണെങ്കിൽ എന്റെ കൈ മുറുകെ പിടിക്കുന്നുമുണ്ട്.ഏതൊരു വണ്ടിയിൽ കയറിയാലും ഉണ്ണിയ്ക്ക് സൈഡ് സീറ്റിൽ ഇരിയ്ക്കണമെന്ന് നിർബന്ധം പറയും. പക്ഷേ ഫ്ലൈറ്റിൽ കയറിയാലോ അവൾക്ക് പേടികാരണം സൈഡ് സീറ്റേ വേണ്ട. ഞങ്ങളുടെ നടുക്ക് ഇരിയ്ക്കണം. മേഘങ്ങൾക്കിടയ്ക്കൂടെ ഞങ്ങളെയും വഹിച്ച് Air India ഫ്ലൈറ്റ്, ദുബായ് ലക്ഷ്യമാക്കി ചാഞ്ഞും ചെരിഞ്ഞും നീങ്ങിക്കൊണ്ടിരുന്നു.

ആദ്യമായാണ് Air India ഫ്‌ളൈറ്റിൽ കയറുന്നത്. മറ്റു ഫ്‌ളൈറ്റിൽനിന്ന് വ്യത്യസ്തമായി തോന്നി. ഓരോ വരിയിലും നിരയിലും മുമ്മൂന്നു സീറ്റുകൾ രണ്ട് സൈഡിലും വഴികൾ. പലയിടങ്ങളിലായി സ്ക്രീനുകൾ ഉണ്ട്. അതിൽ രണ്ടു സൈഡിലും നടുവിലും ഉള്ള മൂന്ന് സ്ക്രീനുകളിൽ ഫ്ലൈറ്റ് സ്റ്റാർട്ട്‌ ചെയ്യുന്നതും ദുബായിയിൽ എത്തേണ്ട സ്ഥലവും arrow ഇട്ടു വെച്ചിരിയ്ക്കുന്നു. ഫ്ലൈറ്റ് നീങ്ങുന്നത് അതിൽ നോക്കിയാൽ അറിയാം. അതുപോലെതന്നെ ഏതെല്ലാം നദികളെയും കടലിനെയും ക്രോസ് ചെയ്തു പോകുന്നു എന്ന് കാണിയ്ക്കുന്ന മാപ്പും ഇടയ്ക്കിടയ്ക്ക് സ്‌ക്രീനിൽ തെളിയുന്നത് എനിയ്ക്കൊരുപാട് ഇഷ്ടായി അതിലേക്ക് നോക്കിയിരിയ്ക്കാൻ.കുറച്ച് കഴിഞ്ഞപ്പോൾ
പലരും ഉറക്കത്തിലേയ്ക്ക് വഴുതി വീഴുന്നു, ചിലർ വിശപ്പടക്കാനുള്ള തത്രപ്പാടിൽ, ചിലർ പാട്ട് കേൾക്കുന്നു, സിനിമ കാണുന്നു, ചെറിയ കുട്ടികൾ കരച്ചിലും ബഹളവുമായി അങ്ങനെ. എന്തായാലും ഇനി നാല് മണിക്കൂർ ഇങ്ങനെയൊക്കെ തുടർന്നു പോരുന്നതാണ്.

11:30 ആയപ്പോഴേയ്ക്കും ഭക്ഷണം കൊണ്ടുവന്നു. വെജ് / നോൺ വെജ് വേണ്ടവർക്ക് സെലക്ട്‌ ചെയ്യാം. ഞങ്ങളുടെ അടുത്തെത്തി ചോദിച്ചപ്പോൾ മക്കൾ എന്നോട് പറഞ്ഞു നോൺവെജ് കഴിയ്ക്കാം, എന്താണെന്ന് അറിയാലോ, ഞങ്ങൾ സീറ്റിനു മുന്നിലെ ടേബിൾ ശരിയായി ഉറപ്പിച്ചു. അതിന്മേൽ ഓരോ ട്രേയിൽ വിഭവങ്ങൾ എത്തി. ഒന്നിൽ ഓംലറ്റിൽ ചീസും പച്ചമുളകും ചെറുതായി അരിഞ്ഞു റോൾ ചെയ്തത്, ഒരു സോസേജ്, ഉരുളക്കിഴങ്ങ് നാലായി മുറിച്ച് ഫ്രൈ ചെയ്തതും. മറ്റൊരു കവറിൽ ബ്രെഡ് ടോസ്റ്റ് ചെയ്തതും അതിലേയ്ക്കുള്ള സോസും ബട്ടറും. മാങ്കോ പുഡ്ഡിംഗ്, ജാം. ചായ/കാപ്പി തയ്യാറാക്കാനുള്ള കപ്പ്‌, പഞ്ചസാര, ചായ / കാപ്പി കിറ്റ്. ഭക്ഷണം കഴിച്ചു കഴിയുമ്പോഴേയ്ക്കും തിളപ്പിച്ച വെള്ളം ഫ്ലാസ്കിൽ കൊണ്ടുവരും.ആവശ്യമുള്ളവർക്ക് ചായയോ കാപ്പിയോ റെഡിയാക്കി കഴിയ്ക്കാം. മദ്യം ആവശ്യമുള്ളവർക്ക് അതും നൽകും. എല്ലാവരും കഴിച്ചശേഷം പ്ലേറ്റും വേസ്റ്റും കൊണ്ടുപോകാൻ വണ്ടിയുമായി വരും അതെല്ലാം കൊണ്ടുപോയിക്കഴിഞ്ഞാൽ പിന്നെ ഓരോരുത്തരും അവരുടേതായ ഇഷ്ടകാര്യങ്ങൾ ചെയ്യുന്ന തിരക്കിലേയ്ക്ക്.
ഇനിയുമുണ്ട് മണിക്കൂറുകൾ കഴിയാൻ. എനിയ്ക്കാണെങ്കിൽ വണ്ടിയിൽ കയറിയാൽ ഉറക്കം തീരെ ശരിയാകില്ല. ഇടയ്ക്കിടയ്ക്ക് സ്‌ക്രീനിൽ നോക്കിയിരിക്കാൻ നല്ല രസം ഫ്ലൈറ്റ് എത്ര ദൂരം താണ്ടിയെന്നു കാണുമ്പോൾ മുന്നോട്ടുള്ള ദൂരം കുറഞ്ഞു കുറഞ്ഞു വരുന്നത് മനസ്സിന് വല്ലാത്തൊരു സന്തോഷം തരുന്നു.പുറത്ത് കാഴ്ചകൾ കാണാൻ പഞ്ഞിക്കെട്ടുകൾ പോലെ തോന്നുന്ന മേഘങ്ങൾ അല്ലാതെ മറ്റൊന്നുമില്ലല്ലോ.

മക്കൾ രണ്ടുപേരും ഇംഗ്ലീഷ്, ഹിന്ദി പാട്ടുകൾ കേൾക്കുകയും ഉറങ്ങുകയുമൊക്കെ ചെയ്യുന്നുണ്ട്. ഇടയ്ക്ക് ഞാൻ ചോദിയ്ക്കും ഉണ്ണീ എവിടെയെത്തി നമ്മൾ, അപ്പോൾ മക്കൾ പറയും ഇതുവരെ കേൾക്കാത്ത ഏതെങ്കിലും ഒരു പേര്. എനിയ്ക്കപ്പോൾ ചിരി വരും. ഇവർ പറയും പതുക്കെ ചിരിയ്ക്കു ഇല്യെങ്കിൽ ആരെങ്കിലും വന്ന് പുറത്തേയ്ക്ക് എടുത്തെറിയുമെന്ന്.

ദുബായ് ടൈം 12:30pm നാണ് അവിടെ എത്തുന്നതെന്നു അറിയാം. ഫ്ലൈറ്റിൽ അനൗൺസ്‌മെന്റ് വന്നു “എല്ലാവരും സീറ്റ്‌ ബെൽറ്റ്‌ ധരിക്കണം, ഏതാനും നിമിഷങ്ങൾക്കകം നമ്മൾ ദുബായ് എയർപോർട്ടിൽ ടെർമിനൽ 1 ൽ ലാൻഡ് ചെയ്യും “.

DUBAI AIRPORT


12:30 ന് രണ്ട് മിനിറ്റ് മുന്നേ തന്നെ ഫ്ലൈറ്റ് സുരക്ഷിതമായി ലാൻഡ് ചെയ്തു. ക്യാപ്റ്റൻ ശ്രീ അമിത്കുമാറിനും അതിന്റെ crew മെമ്പേഴ്സിനും മനസ്സിൽ നന്ദി പറഞ്ഞു.
വാതിൽക്കൽ എത്തിയപ്പോൾ എയർഹോസ്റ്റ് ഇരുവശങ്ങളിലും നിന്ന് എല്ലാവർക്കും നന്ദിപറഞ്ഞുകൊണ്ട് റ്റാറ്റാ കൊടുക്കുന്നു. തിരിച്ചും അവർക്ക് ഞങ്ങൾ റ്റാറ്റാ കൊടുത്ത് പുറത്തിറങ്ങി. കുറച്ച് മണിക്കൂറുകൾ കൊണ്ട് യാത്രക്കാരൊക്കെ നമുക്ക് ആരൊക്കെയോ ആയപോലെ തോന്നും. പരസ്പരം സഹായിച്ചും സംസാരിച്ചും എല്ലാവരും വരിവരിയായി നടന്നു നീങ്ങി. ഇനി എങ്ങോട്ട് പോകുമെന്ന് സംശയിയ്‌ക്കേണ്ടതില്ല മുന്നിലുള്ളവരുടെ പിന്നാലെ നടന്നു നീങ്ങിയാൽ മതിയാവും പുറത്ത് കടക്കും വരെ.

അടുത്തതായി പോകേണ്ടത് മോണോ റെയിലിലേയ്ക്കാണ്. ചെറിയ കുറേ വാനുകൾ തമ്മിൽ ഘടിപ്പിച്ചതാണോ എന്ന് തോന്നും അത് കണ്ടാൽ. നല്ല രസകരമായ യാത്ര.നേരെ മോണോ റെയിൽ മാർഗം ഞങ്ങളെ baggage ന്റെ അടുത്തേയ്ക്ക് കൊണ്ടുപോന്നു. ഓരോ വരിയിലൂടെയും വളഞ്ഞു പുളഞ്ഞ് വളരെ പെട്ടന്നുതന്നെ എത്തി. ഞങ്ങൾ വന്ന ഫ്ലൈറ്റിൽ ഉള്ളവർ മാത്രമേ ഉണ്ടായിരുന്നുള്ളു. മുമ്പത്തെപോലെ അധികം തിരക്കൊന്നും ഉണ്ടായില്ല.അതുകൊണ്ട് ചെക്കിങ്ങും മറ്റും കഴിഞ്ഞ് അവർ തന്ന ഫ്രീ സിംകാർഡുമായി വേഗം ലെഗ്ഗേജ് വരുന്ന സ്ഥലത്തേയ്ക്ക് പോയി.എനിക്കേറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണിത്. എല്ലാവരും അവരവരുടെ ബാഗും പെട്ടിയും വരുന്നതും നോക്കി ട്രോളിയും പിടിച്ചുള്ള ആ നിൽപ്പ് കാണാൻതന്നെ നല്ല രസം. ചിലർ മറ്റുള്ളവരുടെ ബാഗ് തന്റെതാണെന്ന് കരുതി വലിച്ചിട്ടു വീണ്ടും തിരിച്ചുവെയ്ക്കുന്നതും കാണാം.കർട്ടനടിയിലൂടെ നമ്മുടെ ബാഗ് വരുമ്പോൾ പെട്ടന്ന് മനസ്സിലാക്കാൻ അതിൽ രണ്ടിലും റിബ്ബൺ കെട്ടി വെച്ചതുകൊണ്ട് ഞങ്ങൾക്ക് പ്രശ്നമൊന്നും ഉണ്ടായില്ല. വേഗം എടുത്ത് ട്രോളിയിൽ കയറ്റി ഒരു സെൽഫിയും എടുത്ത് ഞങ്ങൾ പുറത്ത് കടന്നു.

ജയേട്ടനെ തിരയുന്ന മൂന്ന് ജോഡി കണ്ണുകൾ. പരതലിനൊടുവിൽ ജയേട്ടനെ കണ്ടെത്തി. കഴിഞ്ഞതവണ വന്നപ്പോൾ ജയേട്ടൻ ആൾക്കൂട്ടത്തിന് പിന്നിൽ ഒളിച്ചു നിൽക്കുകയായിരുന്നു.ഉയരം കൂടുതൽ കാരണം വേഗം കണ്ടെത്തി. ഞങ്ങളെ മൂന്നുപേരെയും കൈവലയത്തിനുള്ളിലാക്കി. ഇതെല്ലാം മൊബൈലിൽ പകർത്തിക്കൊണ്ട് ജയേട്ടന്റെ ഓഫീസ് ഡ്രൈവർ ആനന്ദ് ഭായി ( ബംഗാൾ ) നിൽക്കുന്നത് ഞാൻ കുറച്ച് കഴിഞ്ഞാണ് കണ്ടത്. ഹായ് പറഞ്ഞു. സുഖാണോന്നു ഹിന്ദിയിൽ ചോദിച്ചുകൊണ്ട് ട്രോളി എന്റെ കൈയ്യിൽനിന്നും വാങ്ങി കാറിനടുത്തേയ്ക്ക് നടന്നു. ഇവർ രണ്ടുപേരും ഞങ്ങൾ എത്തിയിട്ട് ഭക്ഷണം കഴിയ്ക്കാമെന്ന് കരുതി വിശപ്പ് സഹിച്ചിരിയ്ക്കുകയായിരുന്നു. വേഗം കരാമയിലെ ഹോട്ടലിലേയ്ക്ക് കയറി ചോറും, ചപ്പാത്തിയും നാടൻ കറികളും കഴിച്ചു. ഭക്ഷണ പരീക്ഷണങ്ങളൊക്കെ പിന്നീട്.

സീസൺ ആയതുകൊണ്ട് റൂം കിട്ടാനൊക്കെ പ്രയാസം, പോരാത്തതിന് ഖത്തറിൽ വേൾഡ് കപ്പ്‌ വരുന്നതുകൊണ്ട് അതിന്റെയും തിരക്ക്. രണ്ടുമൂന്നു സ്ഥലത്തൊക്കെ അന്വേഷിച്ചപ്പോൾ മൂന്ന് മാസത്തേയ്ക്കാണെങ്കിൽ തരാമെന്നു പറഞ്ഞു. പക്ഷേ ഞങ്ങൾക്ക് ഒരു മാസത്തേയ്ക്കാണ് വേണ്ടത്. റൂം ശരിയായിട്ടില്ല എന്നൊരു വിഷമം ഉണ്ടെങ്കിലും നേരെ Palm Beach 3 star ഹോട്ടലിലേയ്ക്കാണ് ജയേട്ടനും ആനന്ദും ഞങ്ങളെ കൊണ്ടുപോയത്. അവിടെ മൂന്ന് ദിവസത്തേക്ക് ബുക്ക്‌ ചെയ്തിട്ടുണ്ടെന്നു അറിഞ്ഞു.
അവിടെ ചെന്ന് റിസെപ്ഷനിൽ പേരും ഡീറ്റെയിൽസും അഡ്വാൻസും എല്ലാം കൊടുത്ത് കഴിഞ്ഞപ്പോൾ അവർ ഒരു കാർഡ് തന്നു. ചാവി എവിടെ എന്നുള്ള ചിന്ത എന്റെ മനസ്സിനെ അലട്ടുന്നുണ്ടായിരുന്നു. ലഗ്ഗെജുമായി ഞങ്ങൾ അഞ്ചുപേരും ലിഫ്റ്റിൽ കയറി. റൂമിനു മുന്നിൽ എത്തിയപ്പോഴാണ് ജയേട്ടൻ പറഞ്ഞത് അയ്യോ! ചാവി വാങ്ങാൻ വിട്ടുപോയി, ഇനി വീണ്ടും താഴേയ്ക്കു പോവണ്ടേ എന്ന്. പോക്കറ്റിൽ നിന്ന് കാർഡ് പുറത്തെടുത്തു മാജിക്‌ കാണിയ്ക്കുന്ന പോലെയൊക്കെ ചെയ്ത് വാതിലിൽ ലോക്ക് ന്റെ നേരെ അമർത്തിയപ്പോൾ ‘ടിക്’ എന്ന ശബ്ദത്തോടെ വാതിൽ തുറന്നു. ഞാനും മക്കളും പിന്നെ മത്സരമായി കാർഡ് വെച്ച് തുറക്കാനും അടയ്ക്കാനും. ആ കാർഡ് ചുമരിലുള്ള ചെറിയ ട്രെയിൽ വെയ്ക്കുമ്പോൾ അകത്തുള്ള എല്ലാ ലൈറ്റ്കളും കത്തും. അതെടുത്താൽ ലൈറ്റ് ഓഫ്‌ ആകും. അകത്ത് കയറിയപ്പോൾ വിശാലമായ ഡബിൾകോട്ട് കട്ടിൽ അതിൽ തൂവെള്ള ബെഡ്ഷീറ്റും തലയിണയും. അലമാര, വലിയ കണ്ണാടി, മേശ, കസേര, പോരാത്തതിന് ഒരു ചെറിയ ഫ്രിഡ്ജും..
ബാഗുകളെല്ലാം സൈഡിൽ ഒതുക്കി വെച്ച് ഡ്രൈവർ ആനന്ദ് യാത്ര പറഞ്ഞിറങ്ങി. ഒരു ബാഗിൽ നിറയെ വീട്ടിൽ ഉണ്ടായ മുരിങ്ങയില, വേപ്പില, പപ്പായ, ലൂപിയ്ക്ക, ഇരുമ്പൻപുളി കൊള്ളിചിപ്സ്, ചക്ക വറുത്തത്, കായ വറുത്തത് എന്നുവേണ്ട സാധനങ്ങൾ ഫ്രണ്ട്‌സ് ന് കൊടുക്കാൻ വേണ്ടി ആയിരുന്നു. അതിൽ കേടുവരാൻ ചാൻസുള്ളതൊക്കെ എടുത്തു ഫ്രിഡ്ജിൽ വെച്ചു. ഫ്രഷായതിന് ശേഷം കുറച്ച് നേരം കിടക്കാമെന്നു കരുതിയപ്പോഴാണ് ജയേട്ടൻ പറയുന്നത് ഇതുപോലെ ഒരു റൂമും കൂടി തൊട്ടടുത്തുണ്ട് അതും നമുക്കുള്ളതാണെന്ന്. കേട്ടതും എന്റെ കണ്ണ് തള്ളിപ്പോയി. കാരണം 3 star ഹോട്ടൽ ആയ കാരണം ദുബായ് കാണാനുള്ള കാശെല്ലാം ഇവിടെ കൊടുക്കേണ്ടി വരില്ലേ എന്ന ചിന്ത ജയേട്ടനോട് പറഞ്ഞപ്പോൾ അവർ പറഞ്ഞു മൂന്ന് ദിവസമല്ലേ ഉള്ളൂ വേറെ മാർഗ്ഗമില്ല അടിച്ചു പൊളിയ്ക്കാം എന്ന്.അവിടുത്തെ നിയമം രണ്ട് പേർക്ക് ഒരു റൂം എന്നതാണത്രേ. അതുകൊണ്ട് മക്കൾ രണ്ടുപേരും ഒരു റൂമിലും ഞാനും ജയേട്ടനും രണ്ടാമത്തെ റൂമും സെലക്ട്‌ ചെയ്തു.ബുധൻ,വ്യാഴം, വെള്ളി, ശനിയാഴ്ച പകൽ 11 മണി വരെ ഉണ്ട്. അപ്പോഴേയ്ക്കും വേറെ റൂം നോക്കണം. എന്തെങ്കിലുമൊരു വഴി ഉണ്ടായിരിക്കും എന്ന് സ്വയം ആശ്വസിച്ചു.

( തുടരും )

CLICK ON IMAGE READ PART-1
0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6