കവിത

ഏറെ വിസ്മയം കൊള്ളുന്നു ഞാനീ –
മണ്ണിലെ പിറവിയും
പിന്നെ അതിജീവനത്തിന്റെ പാതകൾ താണ്ടിയ
ജീവിത യാത്രയും….
കാലത്തിൻ ഘടികാര സൂചികൾ
അനുസ്യൂതം യാത്ര തുടരുന്നതുപോൽ,
മണ്ണിലീ യാത്രയും യാന്ത്രികം തന്നെ….
സ്വന്തബന്ധങ്ങൾ കടപ്പാടുകൾ
ബന്ധങ്ങൾ തീർക്കും കാണാച്ചരടുകൾ….
നീർപ്പോളപോലെ പൊങ്ങിയും താണും
ഈ ധന്യഭൂവിലെ യാത്ര നാം തുടരുന്നു….
കണ്മുന്നിൽ കാണുന്ന കാഴ്ചകൾ പലവിധം…
കാണാത്ത കാഴ്ചകളെത്രയോ ഭീകരം…
ഇടനെഞ്ചിടിപ്പിൻ മേളപ്പദങ്ങളിൽ
ഇടറിയും വിളറിയും
ഉള്ളിലൊരു നിലവിളിയുയരുമ്പോഴോർക്കുക,
ഇന്നിന്റെ ലോകത്തിലെത്തിനിൽക്കും
നിഴൽനാടകത്തിലെ കരുക്കൾ നമ്മൾ….
സ്വാർത്ഥതയ്ക്കുള്ളിലെ പൊയ്മുഖത്താൽ,
രക്തബന്ധങ്ങൾക്കർത്ഥങ്ങളില്ല…
സ്നേഹസൗഹൃദങ്ങൾ
ശിഥിലമാം രേഖകൾ….
തെളിയും മുഖത്താൽ ചേർത്തണയ്ക്കും
ഉള്ളിലെരിയും പകയാൽ
പുറത്തു കുത്തും….
കാലത്തിൻ യാത്രകൾ പിന്നെയും തുടരുന്നു
കാലഭേദങ്ങളാൽ
നമ്മളും തുടരുന്നു…
അനുഭവം കൊണ്ടു പഠിക്കാത്ത ജീവിതം
അഹങ്കാരം കൊണ്ടു നശിച്ചിടുമ്പോൾ
ചിന്തകൾകൊണ്ടു കാര്യമുണ്ടോ…?
ഓരോരോ വഴികൾ കടന്നുപോകുമ്പോഴും
പിൻതിരിഞ്ഞൊന്നു നോക്കീടണം.
എങ്കിലേ ജീവിതം ധന്യമാകൂ….
വിധികല്പിതങ്ങൾക്കപ്പുറം നാമെന്തു നേടാൻ…?
ആരേ പഴിച്ചാലും ഫലമെന്തു കിട്ടാൻ…?
എല്ലാം ഇവിടെയൊരു മായാജാലം…
ഒപ്പത്തിനൊപ്പം ചേർന്നുപോകാം…
നല്ലൊരു നാളയെ കാത്തിരിക്കാം
No Comment.